ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ ചൈനക്ക് എതിരായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ പ്രകോപനം തീർത്ത് ചൈന രംഗത്തുവന്നു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം എട്ടിടങ്ങളിൽ സൈനികർക്കായി ടെന്റുകൾ നിർമ്മിച്ചാണ് ചൈന പ്രതികരണം അറിയിച്ചത്. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്‌സ്, ചുറുപ്പ് എന്നിവിടങ്ങളിലാണ് ടെന്റുകൾ നിർമ്മിച്ചിരിക്കുന്നത്. ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കുന്നതായും റിപ്പോർട്ടുണ്ട്.

ചൈനീസ് നിലപാടിനെതിരെ ഇന്ത്യയും രംഗത്തുവന്നിട്ടുണ്ട്. ക്വാഡ് ഉച്ചകോടിയിലും യുഎൻ പൊതുസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്കെതിരെ പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. കഴിഞ്ഞ വർഷം ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാംപുകൾക്ക് പുറമേയാണ് പുതിയ ടെന്റുകൾ നിർമ്മിച്ചിരിക്കുന്നത്.

ചൈന അടിക്കടി നിലപാടുകൾ മാറ്റുകയാണെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞ വർഷം മെയ്‌ 5ന് പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് അതിർത്തി തർക്കം.

അതേസമയം ഇന്ത്യ - ചൈനീസ് അതിർത്തിയിൽ 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിർമ്മിച്ചതായി വെളിപ്പെടുത്തലും അടുത്തിടെ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങൾക്കൊപ്പം ചേർക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആഡംബര ജീവിതരീതി ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രലോഭിപ്പിച്ച് തങ്ങളോടൊപ്പം ചേർക്കുന്നു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ, ഇന്റലിജൻസ് ഓപ്പറേഷനാണ്. അവർ ഇന്ത്യക്കാരായ പ്രദേശവാസികളെ ഇന്ത്യയ്‌ക്കെതിരെയാക്കി മാറ്റുന്നു. ഇത്തരം പ്രവർത്തനങ്ങളെ തടയാൻ വേണ്ടി പൊലീസുകാർക്ക് ട്രെയിനിങ് നൽകുന്നുണ്ടെന്നും അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കൗൺസിൽ അംഗം കൃഷ്ണ വർമ പറഞ്ഞു.

സാങ്കേതിക രംഗത്ത് ചൈന ഏറെ മുന്നിലാണ്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിവയിൽ. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന 12 ദിന പ്രത്യേക പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശവാസികളെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരാക്കാൻ വേണ്ടി തങ്ങൾ ചൈനീസ് ഭാഷയായ മന്ദരി പഠിപ്പിച്ചു വരികയാണ്. രാഷ്ട്രീയ രക്ഷാ സർവകലാശാല ഇതിനായി ഒരു വർഷത്തെ കോഴ്സ് നൽകുന്നുണ്ട്. ഇത് ഈ ഭാഷയുമാിയ ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. വൈകാതെ തന്നെ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം അഞ്ചു വർഷത്തെ കോഴ്സാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.