പത്തനംതിട്ട: വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വ്യാജരേഖ ചമച്ച് 18 ലക്ഷം തട്ടിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിനെ ചൊല്ലി ചിറ്റാറിലെ സിപിഎമ്മിൽ വിവാദം. ബാങ്കിൽ സീനിയർ ക്ലാർക്കും സിപിഎം ഏരിയാ കമ്മറ്റിയംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന പിബി ബിജുവിനെയാണ് ചിറ്റാർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയാക്കിയിരിക്കുന്നത്. സാമ്പത്തിക തിരിമറിയിൽ പ്രതി സ്ഥാനത്ത് വന്നതോടെ ഏരിയാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് ബിജുവിനെ സിപിഎം തരം താഴ്‌ത്തിയിരുന്നു. കഴിഞ്ഞ മാസം സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലുമായി. 14 ദിവസം റിമാൻഡിലും കഴിഞ്ഞു. ജയിലിൽ നിന്ന് മടങ്ങി വന്നതിന് പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടി വന്നത്.

നിലവിലെ ബ്രാഞ്ച് സെക്രട്ടറി വിദേശത്തേക്ക് പോയ ഒഴിവിലാണ് ബിജുവിന് ചുമതല നൽകിയത്. സഹകരണ ബാങ്കിന്റെ വയ്യാറ്റുപുഴ ആസ്ഥാന ഓഫീസിലായിരുന്നു ജോലി. 2016 സെപ്റ്റംബർ 28 മുതൽ 2019 വർഷം ഫെബ്രുവരി 20 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. തട്ടിപ്പ് കൈയോടെ പിടിച്ചതിനെ തുടർന്ന് ബിജുവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സ്വർണപണയം, വ്യക്തിഗത വായ്പ എന്നിവയിലാണ് തട്ടിപ്പ്.

സ്വർണം പണയം വച്ചതായി രേഖയുണ്ടാക്കി പണം മറ്റു പലരുടേയും അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം വൗച്ചറിൽ വ്യാജമായി ഇടപാടുകാരുടെ ഒപ്പിട്ടാണ് പണം തട്ടിയെടുത്തത്. പണയത്തിന് വച്ചിരിക്കുന്ന സ്വർണമെന്നത് സങ്കൽപ്പം മാത്രമാണ്. അങ്ങനെ ഒന്ന് ബാങ്ക് ലോക്കറിൽ കാണില്ല. പണയ സ്വർണം തിട്ടപ്പെടുത്താൻ പ്രസിഡന്റും സെക്രട്ടറിയും ഒന്നിച്ച് ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉരുപ്പടിയില്ലാതെ പണയം വച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

സെക്രട്ടറി അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടി വരുമ്പോൾ ബാങ്കിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ബിജുവായിരുന്നു. കളവായ കാര്യങ്ങൾ എഴുതി ചേർത്തും കൃത്രിമ രേഖകൾ സൃഷ്ടിച്ചും വിവിധ അംഗങ്ങളുടെ പേരിൽ അവർ അറിയാതെ ലോൺ പാസാക്കിയതായി കാണിച്ചും അംഗങ്ങളുടെ അക്കൗണ്ടുകൾ വഴി പണം പിൻവലിച്ചുമായിരുന്നു തട്ടിപ്പ്. 2019 ജനുവരി 11 ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണ പണയ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 16 സ്വർണ പണയ വായ്പകളാണ് ബിജു എടുത്തത്. പരിശോധന നടന്ന ദിവസവും അതിന്റെ തലേന്നുമായി ബിജു 14 പണയങ്ങൾ പണം അടച്ച് ക്ലോസ് ചെയ്തതായി രേഖയുണ്ടാക്കി. ക്യാഷ് കൗണ്ടറിൽ ഇതിന്റെ പണം ഇല്ലാതെ വരും എന്ന് മനസിലാക്കിയ ബിജു മറ്റൊരു തട്ടിപ്പാണ് അതിനായി നടത്തിയത്. നേരത്തേ അഡ്വാൻസ് ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അന്നേ ദിവസം പണം തിരികെ നൽകിയെന്ന് രേഖയുണ്ടാക്കി. ഈയിനത്തിൽ 7,70,784 രൂപയാണ് ബിജു തട്ടിയെടുത്തത്.

പണാപഹരണത്തിന് തരംതാഴ്‌ത്തപ്പെട്ടയാളെ വീണ്ടും ഉയർത്തിക്കൊണ്ടു വരാനുള്ള നീക്കം പാർട്ടിയിലെ സാധാരണ പ്രവർത്തകർ എതിർക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. കോൺഗ്രസിൽ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ ദത്തെടുത്ത് സിപിഎം, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റാക്കിയതിന്റെ പേരിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വിഷയം ഉയർത്തിക്കൊണ്ടു വരാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം.