കൊല്ലം: പരവൂർ നെടുങ്ങോലം സഹകരണ ബാങ്കിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രസിഡന്റായിരുന്ന അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്നത് വ്യാപക ക്രമക്കേടുകളെന്ന് ആരോപണം. സിപിഎം ഏര്യാ കമ്മിറ്റി അംഗങ്ങളായിരുന്ന അനിൽകുമാറും ഭാര്യ എം.ബി ബിന്ദുവും ചേർന്ന് ബാങ്കിന്റെ പേരിൽ നടത്തിയ ക്രമക്കേടുകളുടെ തെളിവുകൾ ഹാജരാക്കി പാരിപ്പള്ളി ഹരിതത്തിൽ മോഹൻദാസ് രംഗത്തെത്തിയതാണ് ഒടുവിലായി പുറത്തുവന്ന പരാതി.

മഹിളാ ഫെഡറേഷൻ നേതാവും പരവൂർ നഗരസഭ മുൻ ചെയർപഴ്സണും കൂടിയാണ് ബിന്ദു. സിപിഎം നേതാക്കളായ ദമ്പതികൾ ഗഹാൻ തിരുത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് മോഹൻദാസിന്റെ ആരോപണം. അതിന് തെളിവായി ഫോൺ സംഭാഷണങ്ങളും പണം തിരിച്ചുനൽകാമെന്നേറ്റ് പലപ്പോഴായി അവർ നൽകിയ പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകൾ അദ്ദേഹം ഹാജരാക്കുന്നുണ്ട്. അനിൽകുമാറും ഭാര്യ ബിന്ദുവും ആത്മഹത്യ ചെയ്ത ബാങ്ക് ജീവനക്കാരനായിരുന്ന കുട്ടൻ സുരേഷ് എന്ന സുരേഷ് കുമാറിന്റെ പേരിൽ നടത്തിയ വസ്തു ഇടപാടിന്റെ മറവിലാണ് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

മോഹൻദാസ് വിൽപനയ്ക്ക് വച്ചിരുന്ന ഒരേക്കർ നാൽപത്തിയൊന്നര സെന്റ് സ്ഥലം അനിൽകുമാർ നിർദ്ദേശിച്ചപ്രകാരം ബാങ്ക് ജീവനക്കാരൻ സുരേഷ്‌കുമാറിന്റെ പേരിൽ കരാറെഴുതുകയായിരുന്നു. ഇതേ സ്ഥലം ഉപയോഗിച്ച് ബാങ്കിൽ നിന്ന് വായ്പയെടുത്തതാണ് ക്രമക്കേടിലെത്തിയത്. ആറു ഗഹാനുകളിലായി മുപ്പതുലക്ഷം രൂപ വായ്പയെടുത്തെന്നായിരുന്നു അനിൽകുമാർ മോഹൻദാസിനെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ രേഖകളിൽ തിരുത്തൽവരുത്തി ഒന്നരക്കോടി രൂപയാണ് വായ്പയെടുത്തെന്ന് പരാതിക്കാരൻ അറിയുന്നത് ബാങ്കിൽ നിന്നും വായ്പ തിരിച്ചടയ്ക്കാൻ നോട്ടീസ് വന്നപ്പോഴാണ്.

വസ്തു ഉടമയായ തനിക്ക് ബാങ്കിൽനിന്നും ലോൺ നൽകിയത് പ്രാഥമിക അംഗത്വം പോലും ഇല്ലാതെയാണെന്ന് മോഹൻദാസ് പറയുന്നു. ലോൺ സമയത്ത് ഒരിക്കൽ പോലും താൻ ബാങ്കിൽ പോയിട്ടില്ല. വാങ്ങാത്ത വസ്തുവിന് ബാങ്കിൽ നിന്നും എടുത്ത ലോൺ ഒന്നരകോടി രൂപയാണ്. ആരും ചോദ്യം ചെയ്യാനില്ലാതെ സിപിഎമ്മിന്റെ അപ്രമാദിത്യമുള്ള ഈ ബാങ്കിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന ഒരു സംഘം തന്നെയുണ്ടെന്നും അവരെ പറ്റി പരാതികൾ കൂടിയപ്പോഴാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതിന് മുമ്പിലത്തെ ഭരണസമിതിയിലെ എല്ലാവരെയും പൂർണമായും ഒഴിവാക്കാൻ സിപിഎം തയ്യാറായതെന്നും മോഹൻദാസ് പറയുന്നു. ക്രമക്കേടിന്റെ പേരിൽ സസ്പെൻഷനിലായ ബാങ്ക് ജീവനക്കാരൻ സുരേഷ്‌കുമാർ കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു.

ബാങ്കിലെ ക്രമക്കേടിന്റെ പേരിൽ അനിൽകുമാറിനെയും ബിന്ദുവിനെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയെങ്കിലും പൊലീസ് നടപടി വൈകുകയാണ്. മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശിച്ച കേസിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ആറുമാസമായി പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. പാരിപ്പള്ളി, പരവൂർ, സ്റ്റേഷനുകളിലും ചാത്തന്നൂർ എസിപി മുൻപാകെയുമാണ് മോഹൻദാസ് നേരത്തെ പരാതി നൽകിയത്.

ബാങ്ക് ഭരണസമിതിക്കെതിരെ കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിനെതിരേ തുടർച്ചയായി നടക്കുന്ന ചില പ്രചാരണങ്ങൾ സ്ഥാപനത്തെ തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ഭരണസമിതിയുടെ നിലപാട്. 300 കോടിയോളം രൂപയുടെ നിക്ഷേപവും 205 കോടിയുടെ വായ്പയും 315 കോടിയുടെ പ്രവർത്തനമൂലധനവും ആറുകോടിയോളം ഓഹരിമൂലധനവുമുള്ള ബാങ്കിന്റെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതിനു പിന്നിൽ.

ബാങ്കിലെ നിക്ഷേപകരുടെ ഒരുരൂപപോലും നഷ്ടപ്പെടില്ല. ഇടപാടുകാർക്കും ബുദ്ധിമുട്ടുണ്ടാകില്ല. ബാങ്കിനെതിരേ നടക്കുന്ന നീക്കം തിരിച്ചറിയാനും ചെറുക്കാനും ഒപ്പം നിൽക്കാനും സഹകാരി സമൂഹം തയ്യാറാകണമെന്നും ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു. അതേസമയം രേഖകൾ തിരുത്തി വായ്പയെടുത്തെന്ന പരാതി തെറ്റാണെന്നും 91 ലക്ഷം രൂപ മോഹൻദാസിന് തിരിച്ചുനൽകിയെന്നുമാണ് ആരോപണവിധേയനായ അനിൽകുമാറിന്റെ വിശദീകരണം.