പത്തനംതിട്ട: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ജില്ലയിൽ സമരം ശക്തമാക്കാൻ കോൺഗ്രസ്. ആദ്യപടിയായി ജൂൺ ഏഴിന് ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും ഹർത്താൽ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

കേന്ദ്രസംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആന്റോ ആന്റണി എംപിയും ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമവിജ്ഞാപനത്തിനു വേണ്ടി കാത്തിരിക്കുന്ന മലയോര മേഖലയിലെ കർഷകരെ നിരാശയിലാഴ്‌ത്തുന്നതാണ് വിധിയെന്ന് എംപി പറഞ്ഞു. ജണ്ടയിട്ട് വനം മാത്രം പരിസ്ഥിതിലോലമാക്കി ജനവാസകേന്ദ്രങ്ങളും പ്ലാന്റേഷനുകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് 2014 ലെ മന്മോഹൻസിങ് സർക്കാർ പുറത്തിറക്കിയത്.

ഈ വിജ്ഞാപനം എട്ടു വർഷത്തിനിടയിൽ 16 തവണ പുതുക്കി. ഇടക്കാല ഉത്തരവായി പുറത്തിറക്കിയതല്ലാതെ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. അടിയന്തരമായി ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹർജി നൽകിയില്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറത്തുവിടാൻ കഴിയുകയുള്ളൂ. പരിസ്ഥിതി മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ല എന്നുപറയുമ്പോൾ കർഷകർക്ക് വീടുകൾ നിർമ്മിക്കുവാനോ കിണറുകൾ കുഴിക്കുവാനോ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകും.

ഈ കേസ് സുപ്രീംകോടതിയിൽ വന്നപ്പോൾ കേന്ദ്രസർക്കാർ പുലർത്തിയ ഉദാസീനത യാണ് പ്രധാന കാരണം. ഈ കേസിന്റെ വിധി കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരെ ബാധിക്കുന്നതാകയാൽ സംസ്ഥാന സർക്കാരും കേസിൽ കക്ഷി ചേരേണ്ടതായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 123 വില്ലേജുകളിലായി 9993.7 സ്‌ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി കണ്ടെത്തി റിപ്പോർട്ട് നൽകിയത്.

ഇതിൽ 9107 സ്‌ക്വയർ കിലോമീറ്റർ ജണ്ട ഇട്ട വനവും 886,7 സ്‌ക്വയർ കിലോമീറ്റർ സർക്കാർ ചതുപ്പുകളും പുറമ്പോക്കുകളുമായിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ മന്മോഹൻസിങ് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. 2018 ൽ സംസ്ഥാന സർക്കാരും ഈ പ്രശ്നങ്ങളെല്ലാം പഠിച്ചു എന്ന് പറഞ്ഞ് പുറത്തിറക്കിയ ഉത്തരവിൽ 31 വില്ലേജുകളെ ഒഴിവാക്കി ഇ. എസ്. എ 92 വില്ലേജുകളിലായി ചുരുക്കി . ഒഴിവാക്കിയ 31 വില്ലേജുകളിലെ ഫോറസ്റ്റ് ഇ എസ് എ 1197 സ്‌ക്വയർ കിലോമീറ്ററാണ് . 9107 സ്‌ക്വയർ കിലോമീറ്റർ ജണ്ടയിട്ട് വനത്തിൽ നിന്ന് 1197 സ്‌ക്വയർ കിലോമുറ്റർ വനം ഒഴിവാകുമ്പോൾ അവശേഷിക്കുന്നത് 7910 സ്‌ക്വയർ കിലോമീറ്റർ വനഭൂമിയാണ്. ഇന്നലത്തെ സുപ്രീം കോടതി ഉത്തരവോടെ അത് അസാധുവായി. 2018 ൽ ഇടത് മുന്നണി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത് 8656 സ്‌ക്വയർ കിലോമീറ്റർ ഫോറസ്റ്റ് ഇഎസ്എ എന്നാണ്. അതനുസരിച്ച് കണക്കാക്കിയാൽ പോലും 184227 ഏക്കർ പരിസ്ഥിതിലോലമാകുമെന്നും എം. പി പറഞ്ഞു.

അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലുമാണ് ഏഴിന് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.