കണ്ണുർ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ തുടങ്ങി. സംസ്ഥാനത്ത് ഉയർന്നു തന്നെ നിൽക്കുന്ന കൊ വിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഒരു വർഷമായി നീട്ടിവച്ച പാർട്ടി സമ്മേളനങ്ങൾ ഇക്കുറി നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്ന തീരുമാനത്തിലാണ് പാർട്ടി നേതൃത്വം. സെപ്റ്റംബർ രണ്ടാം വാരം പാർട്ടി ബ്രാഞ്ച് തുടങ്ങാനിരിക്കെ സംഘടനാ പ്രവർത്തനങ്ങളിലെ പാളിച്ചകൾ കണ്ടെത്തി കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങളാണ് ഇനി വരുന്ന മാസങ്ങളിൽ വരിക.

എന്നാൽ കേരളത്തിൽ വർധിച്ചു വരുന്ന കോവിഡ് വ്യാപനവും മരണങ്ങളും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട് പാർട്ടി സമ്മേളനങ്ങളുടെ മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നത്. ഓൺലൈൻ വഴി സമ്മേളനങ്ങൾ ചേരേണ്ട അവസ്ഥയും പാർട്ടി പരിശോധിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഭാരിച്ച തുക ചെലവഴിച്ച് അനുബന്ധ പരിപാടികളുമായി ആർഭാടമായാണ് സിപിഎം സമ്മേളനങ്ങൾ നടക്കാറുള്ളത് എന്നാൽ ഇത്തവണ 'കോവിഡ് നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടി നിൽക്കുന്ന ജനങ്ങളിൽ നിന്നും പണം പിരിച്ചെടുക്കാൻ ബക്കറ്റുമായി പോകാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വ്യവസായികളിൽ നിന്നും പണം പിരിച്ചും കണ്ണുരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം കണ്ടെത്താനുമാണ് തീരുമാനം. സെപ്റ്റംബർ പത്തിന് തുടങ്ങുന്ന സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളെ കൊ വിഡ്‌നിയന്ത്രണങ്ങൾ ബാധിച്ചേക്കില്ല സാധാരണ ബ്രാഞ്ചുകളിൽ ഇരുപതിൽ താഴെ അംഗങ്ങൾ മാത്രമേയുണ്ടാകാറുള്ളൂ. കൊ വിഡ് മൂന്നാം തരംഗം ഒക്ടോബർ നവംബർ മാസം രാജ്യമാകെ അലയടിക്കുമെന്ന് ഉറപ്പായിരിക്കെ ലോക്കൽ - ഏരിയാ സമ്മേളനങ്ങൾ പരമാവധി നിയന്ത്രണങ്ങളോടെ നടത്തേണ്ടി വരും ചുവപ്പു വളൻ ഡിയർ മാർച്ച് 'പൊതു സമ്മേളനങ്ങൾ, ബഹുജന മാർച്ച് എന്നിവ ഒഴിവാക്കി കൊണ്ടുള്ള ശുഷ്‌കമായ സമ്മേളനങ്ങളാണ് ലോക്കൽ - ഏരിയാ തലങ്ങളിൽ നടക്കുക. സമ്മേളന പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ചു കൊണ്ടായിരിക്കും നടത്തിപ്പ്.

കേരളത്തിൽ കൊ വിഡിന്റെ ഡെൽറ്റാ വകഭേദം പടരുന്നതായുള്ള ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ മൂന്നാം തരംഗത്തെ കൂടുതൽ തീവ്രമാക്കുമെന്ന മുന്നറിയിപ്പിലേക്കെത്തിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ കേരളം ഭരിക്കുന്ന പാർട്ടിക്ക് ഇതിനെ അവഗണിച്ചു കൊണ്ടു മുൻപോട്ട് പോകാനും കഴിയില്ല.

പാർട്ടി കോൺഗ്രസിന് സൈന്യം പാരയാകുമോ?

സിപിഎം പാർട്ടി കോൺഗ്രസ് നടത്താൻ തീരുമാനിച്ച നായനാർ അക്കാദമി കണ്ണുരിലെ കന്റോൺമെന്റ് ഏരിയയാണ്. പഴയ തിരുവോപ്പതി മിൽ ഏറ്റെടുത്ത് പൊളിച്ചുമാറ്റിയാണ് നായനാർ അക്കാദമി പടുത്തുയർത്തിയത്. എന്നാൽ ഇതിനു ചുറ്റും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള. പ്രദേശമായതിനാൽ പൊതു ഇടപെടലുകൾക്ക് പരിമിതിയേറെയാണ്. എണ്ണൂറിലേറെ പേർ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസാണ് ബർണശേരിയിലെ നായനാർ അക്കാദമിയിൽ നടക്കുന്നത്. വിദേശ പ്രതിനിധികൾ ഉൾപ്പെടെ പാർട്ടി കോൺഗ്രസുകളിൽ പങ്കെടുക്കാറുമുണ്ട്.ഇക്കുറി കൊ വിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഈ കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ ഇവർക്ക് നായനാർ അക്കാദമിയിലേക്ക് പ്രവേശിക്കാനാവൂ.

കണ്ണുരിൽ സിപിഎം പടുത്തുയർത്തിയ ഏറ്റവും വലിയ കെട്ടിട സമുച്ചയങ്ങളിലൊന്നാണ് നായനാർ അക്കാദമി യെങ്കിലും വളരെ ചുരുക്കം പാർട്ടി പരിപാടികൾ മാത്രമേ ഇവിടെ നടത്തിയിട്ടുള്ളു. മഞ്ഞകല്ലിൽ തീർത്ത മനോഹരമായ കെട്ടിടത്തിന്റെ പരിപാലനത്തിനായി ദാരിച്ച ചില വാണ് പാർട്ടിക്കുള്ളത്. കെട്ടിടം സംരക്ഷിക്കുന്നതിനായി സെക്യുരിറ്റി ജീവനക്കാരനടക്കം നിരവധി തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിവാഹം മറ്റു പൊതു പരിപാടികൾ എന്നിവയ്ക്കായി നായനാർ അക്കാദമിയുടെ താഴത്തെ നിലവാടകയ്ക്ക് കൊടുത്ത് പണം കണ്ടെത്താറുണ്ടെങ്കിലും കൊ വിഡ് തുടങ്ങിയതു മുതൽ അതൊക്കെ നിലച്ചിരിക്കുകയാണ്. കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിളംബരം ചെയ്യുന്ന അതിവിപുലമായ മ്യുസിയം നായനാർ അകാദമിയിൽ വിഭാവനം ചെയ്തിരുന്നുവെങ്കിലും അതു ഇതുവരെ നടപ്പിലായിട്ടില്ല. പാർട്ടി കോൺഗ്രസിന് മുൻപായി മ്യുസിയത്തിന്റെ പ്രവൃത്തി ' പുർത്തീകരിക്കാനാണ് തീരുമാനം.

അടച്ചു പൂട്ടിയ തിരുവോപ്പതി മിൽ വിലയ്ക്കു വാങ്ങി കണ്ണുരിൽ നായനാർ അക്കാദമി നിർമ്മിക്കുന്നതിനെതിരെ അന്ന് പാർട്ടിക്കുള്ളിലും പുറത്തും ഏറെ വിമർശനവും വിവാദങ്ങളുമുയർന്നിരുന്നുവെങ്കിലും ഇതിനെയൊക്കെ അവഗണിച്ചു കൊണ്ട് സിപിഎം ജില്ലാ നേതൃത്വം മുൻപോട്ടു പോവുകയായിരുന്നു. കണ്ണുർ നഗരത്തിലെ സൈനിക മേഖലയിലെ പല സ്ഥലങ്ങളും സൈന്യം വേലി കെട്ടി പൊതു ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടിരിക്കുകയാണ് നിരവധി ചരിത്ര സന്ദർഭങ്ങൾക്ക് സാക്ഷിയാവുകയും കായിക മേളകളും രാഷ്ട്രീയ പാർട്ടികളുടെയും സാംസ്‌കാരിക സംഘടനകളുടെയും ജാഥകളും ഘോഷയാത്രകളും തുടങ്ങിയിരുന്ന വിളക്കും തറ മൈതാനവും മാസങ്ങൾക്കു മുൻപ് ഇങ്ങനെ വേലി കെട്ടിയടച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരങ്ങളും ജാഥകളും വിളക്കും തറ മൈതാനം കേന്ദ്രീകരിച്ചു നടത്തിയതിനെ തുടർന്നാണ് സൈനീക നടപടിയുണ്ടായതെന്ന അഭ്യൂഹവും പരന്നിരുന്നു. എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മൈതാനം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല.

ചരിത്രപ്രധാന്യമുള്ള പാർട്ടി കോൺഗ്രസ്

ദേശിയ രാഷ്ട്രീയത്തിൽ ശക്തി ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടുത്തോളം ചരിത്ര പ്രാധാന്യമുള്ള പാർട്ടി കോൺഗ്രസാണ് കണ്ണൂരിൽ ഏപ്രിലിൽ നടക്കാൻ പോകുന്നത്.ദേശീയ രാഷ്ട്രീയത്തിൽ ബിജെപി സർക്കാരിനെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പൊടുന്നു ന്നതിൽ സിപിഎമ്മിന്റെ റോൾ എന്തായിരിക്കണമെന്നതിൽ പാർട്ടി കോൺഗ്രസിൽ കൂലങ്കഷമായ ചർച്ചയും തീരുമാനമുണ്ടാകും. രണ്ടുടേം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് പൂർത്തിയാക്കുന്ന സീതാറാം യെച്ചൂരിക്ക് പകരമാരെന്ന ചോദ്യത്തിനും ഉത്തരം തേടേണ്ടതുണ്ട്. അവശേഷിച്ച ഏക സർക്കാരുള്ള കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എം എ ബേബി എന്നിവർക്കു ശേഷം നാലാമനായി ആരു പി.ബിയിൽ പ്രവേശിക്കുമെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.

ബംഗാളിൽ മമതാ ബാനർജിയുമായുള്ള സഹകരണവും പാർട്ടി കോൺഗ്രസിൽ ചർച്ചയായേക്കും. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചു കൊണ്ടു ബിജെപിയെ നേരിടാനുള്ള അടവുനയവും അഖിലേന്ത്യാ തലത്തിൽ ഇടത് ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മ വളർത്തലും പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന വിഷയങ്ങളാണ്. ദേശീയ തലത്തിൽ പൗരത്വ ഭേദഗതി നിയമം, കർഷക സമരം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ നയം എന്നിവയുമായി ബന്ധപ്പെട്ട നിലപാടുകളിൽ കുടുതൽ മൂർച്ചയും സുവ്യക്തതയും വരുത്തേണ്ടത് വരുന്ന പാർട്ടി കോൺഗ്രസിലാണ്.