തിരുവല്ല: സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളെ കണ്ടാൽ തിരുവല്ല പൊലീസിന് തിരിച്ചറിയില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് തിരിച്ചറിയാനുള്ള ഈ കഴിവ് നഷ്ടമായിരിക്കുന്നത്. അല്ലാത്തപ്പോൾ ഓടിയെത്തി നേതാക്കളെ തിരിച്ചറിഞ്ഞ് തലയിൽ ചൊറിഞ്ഞ് നിൽക്കുകയും ചെയ്തു. കുറ്റൂർ തെങ്ങേലിയിൽ കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോക്കോൾ മറികടന്നും ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗൺ ലംഘിച്ചും സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തിരുന്നു.

മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നടന്ന ചടങ്ങിനെതിരേ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ തിരുവല്ല ഡിവൈഎസ്‌പിക്ക് പരാതിയും നൽകി. യാതൊരു കേസും എടുക്കാൻ ഡിവൈഎസ്‌പി രായപ്പൻ റാവുത്തർ തയാറായില്ല. മാധ്യമങ്ങൾ ഇന്നലെ രാവിലെ മുതൽ നിരന്തരം വാർത്ത നൽകിയിട്ടും കേസ് എടുക്കാൻ ഡിവൈഎസ്‌പി നിർദേശിച്ചില്ല. അവിടെ ആൾക്കൂട്ടം ഇല്ലായിരുന്നു. ആൾക്കാർ വന്നു പോവുകയായിരുന്നു തുടങ്ങിയ മുടന്തൻ ന്യായങ്ങളാണ് നിരത്തിയത്. പരാതി കിട്ടിയിട്ടും അവഗണിക്കുകയും ചെയ്തു. എന്നാൽ, സംഭവം വിവാദമാകുമെന്ന് കണ്ടപ്പോൾ കേസെടുക്കാൻ സിപിഎം നേതൃത്വം തന്നെ നിർദ്ദേശം നൽകി. ഇതിൻ പ്രകാരം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരു നേതാവിന്റെയും പേരില്ല, ആരാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് അറിയില്ല. അതിന് തെളിവില്ലത്രേ. പാർട്ടി പത്രത്തിൽ വെണ്ടക്കാ മുഴുപ്പിൽ വന്ന വാർത്തയും പടവും സാമൂഹിക മാധ്യമങ്ങളിൽ കുട്ടി സഖാക്കൾ ചൊരിഞ്ഞ പോസ്റ്റുകൾ എന്നിവയൊന്നും പൊലീസ് കണ്ടിട്ടില്ല. ഇനി, തിരുവല്ല ഡിവൈഎസ്‌പിക്കും കൂട്ടർക്കും കണ്ടാൽ തീരെ കണ്ണു പിടിക്കാതെ പോയ നേതാക്കളുടെ പേര് ഇനി പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെജെ തോമസ്, സംസ്ഥാന കമ്മറ്റിയംഗം കെ അനന്തഗോപൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ, ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജു എന്നിങ്ങനെ പോകുന്നു നേതാക്കളുടെ നീണ്ട നിര. ഇവർ ആരും പൊലീസിന്റെ എഫ്ഐആറിൽ പ്രതികളല്ല. കണ്ടാലറിയാവുന്ന 50 പേരിൽ ഇവരുണ്ടാകുമോ എന്ന് കണ്ടറിയുകയും വേണം.

കഴിഞ്ഞ മാസം എട്ടിന് ഇതേ സ്ഥലത്ത് സിപിഎം അനുഭാവിയുടെ മതിൽ ഇടിച്ചു പൊളിച്ച് തൊട്ടു പിന്നിലുള്ള ആറു വീട്ടുകാർക്ക് വേണ്ടി കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവിന്റെ നേതൃത്വത്തിൽ വഴി വെട്ടിയിരുന്നു. തടയാൻ ചെന്ന സ്ഥലം ഉടമയെ മർദിച്ചു. ഗർഭിണിയായ മരുമകളെ ചവിട്ടി താഴെയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് സഞ്ചു അടക്കം ഏഴു പേരും കണ്ടാലറിയാവുന്ന 30 പേരും പ്രതികളാക്കി പൊലീസ് ജാമ്യമില്ലാ വകുപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആകെ അറസ്റ്റിലായത് നാലു പേർ. സഞ്ചു അടക്കമുള്ളവർ പുറത്ത് വിലസുന്നു. പൊലീസിനോട് ചോദിച്ചപ്പോൾ പറഞ്ഞത് അവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട് എന്നാണ്.

സംഭവം നടന്നത് ഓഗസ്റ്റ് എട്ടിന്. മുൻകൂർ ജാമ്യഹർജി നൽകിയത് 20 ന്. ഇതിനിടയിൽ സഞ്ചു അടക്കമുള്ള പ്രതികൾ പല തവണ സ്റ്റേഷനിൽ വന്നു പോയി. എന്തേ അറസ്റ്റ് ചെയ്തില്ല? എന്നു ചോദിച്ചാൽ മറുപടിയില്ല. മാത്രവുമല്ല, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് പോയ ആളെ പൊലീസ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇന്നാട്ടിൽ നിയമമില്ല. ഇത്തരം ഔദാര്യം സിപിഎം നേതാക്കൾക്ക് മാത്രമാണ് കിട്ടുന്നത്. സാധാരണക്കാരനാണെങ്കിൽ മുൻകൂർ ജാമ്യഹർജിയൊന്നും നോക്കില്ല. പൊക്കി അകത്തിടും.

ഈ കേസിലുള്ള കണ്ടാലറിയാവുന്ന 30 പേരിൽ ഒരുത്തനെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎം നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ഉദ്യോഗസ്ഥരാണ് തിരുവല്ല പൊലീസിലുള്ളതെന്ന് ബിജെപി നേതാക്കൾ പറയുന്നു. തെങ്ങേലി വിഷയത്തിനെതിരേ ഇവർ നിരന്തരം സമരം നടത്തി. ഇവരെ കൊഞ്ഞനം കുത്തിക്കൊണ്ട് പ്രതികൾ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പൊലീസുകാരുടെ തോളിൽ തട്ടി കുശലം ചോദിച്ചു. കോൺഗ്രസോ ബിജെപിയോ നടത്തുന്ന പരിപാടിയിൽ കോവിഡ് മാനദണ്ഡം പാലിച്ചാൽ പോലും പൊലീസ് കേസെടുക്കുന്നു. അവരുടെ നേതാക്കളെ കണ്ടാൽ പൊലീസിന് അറിയുകയും ചെയ്യാം. കണ്ടാലറിയാവുന്ന 30 പേർ എന്നു പറഞ്ഞ് എവിടെയും കേസ് എടുക്കുന്നുമില്ല. സിപിഎമ്മാണോ കോവിഡ് മാനദണ്ഡം ഒന്നും അവർക്ക് ബാധകമല്ല എന്നതായി മാറി കഴിഞ്ഞു പത്തനംതിട്ട ജില്ലയിലെ കീഴ്‌വഴക്കം.