കൊല്ലം: പാർട്ടീ സമ്മേളനത്തിന്റെ ഭാഗമായുള്ള പിരിവിന് ചോദിച്ച തുക നൽകാത്തതിനെതുടർന്ന് വ്യാപാര സ്ഥാപനത്തിന് മുന്നിൽ മാർഗ്ഗ തടസ്സം സൃഷ്ടിച്ചും കടമറച്ചും ബാനറും കൊടിയും കെട്ടി. കൊല്ലം കണ്ണനല്ലൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന ധന്യാ സൂപ്പർ മാർക്കറ്റിന് മുന്നിലാണ് സിപിഎം പ്രവർത്തകർ ബാനറും കൊടികളും കെട്ടി തടസ്സമുണ്ടാക്കിയത്. സംഭവം വിവാദമാതോടെ അഴിച്ചുമാറ്റി. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയായിരുന്നു സംഭവം. സിപിഎം തഴുത്തല ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർഥം പാർട്ടി ഇ.എസ്‌ഐ ബ്രാഞ്ചാണു ബാനറും കൊടികളും കെട്ടിയത്. സമ്മേളനത്തിന്റെ ഭാഗമായി പാർട്ടീ പ്രതിനിധികൾ 2000 രൂപ പിരിവു ചോദിച്ചുവെന്നും 500 രൂപ മാത്രമേ നൽകാൻ കഴിയൂ എന്നും സൂപ്പർമാർക്കറ്റുകാർ പറഞ്ഞതായുമാണ് വിവരം.

ആവശ്യപ്പെട്ട തുക നൽകാത്തതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇവർ താക്കീത് നൽകുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷം അന്ന് വൈകുന്നേരത്തോടെ സൂപ്പർമാർക്കറ്റിനു മുന്നിൽ വലിയ ബാനറും കൊടികളും കെട്ടി മാർഗതടസ്സം ഉണ്ടാക്കി. ഇതോടെ സൂപ്പർമാർക്കറ്റിലേക്ക് ആളുകൾക്ക് വരാനും പോകാനും കഴിയാത്ത അവസ്ഥയായി.

സൂപ്പർമാർക്കറ്റിന് മുന്നിൽ കെട്ടിയ ബാനറിന്റയും കോടി തോരണങ്ങളുടെയും ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സിപിഎമ്മിന്റെ പകപോക്കലാണെന്ന പ്രചരണം കൂടിയായതോടെ അണികൾക്കിടയിൽ വൻ പ്രതിഷേധം ഉയർന്നു. പാർട്ടീ നേതൃത്വത്തിന് മുന്നിൽ പലരും ഇത് മോശമാണെന്ന് ചൂണ്ടിക്കാട്ടി. പ്രവർത്തകരുടെ സമ്മർദ്ദം കൂടിയതോടെ അടുത്തദിവസം ഇവ സൂപ്പർമാർക്കറ്റിന് മുന്നിൽ നിന്നും നീക്കം ചെയ്തു. മറ്റുള്ളവരോട് പക പോക്കുന്ന നയം നല്ലതല്ല എന്നാണ് പാർട്ടീ അനുഭാവികളുടെ പ്രതികരണം.

അതേ സമയം സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സൂപ്പർമാർക്കറ്റ് അധികൃതരുടെ പ്രതികരണം. ധന്യാ സൂപ്പർമാർക്കറ്റ് ജീവനക്കാരോട് സംസാരിച്ചപ്പോൾ അക്കാര്യങ്ങൾ ഹെഡ് ഓഫീസിൽ നിന്നും മാത്രമേ അറിയാൻ കഴിയൂ എന്നാണ് മറുപടി ലഭിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നു സിപിഎം തഴുത്തല ലോക്കൽ സെക്രട്ടറി എൻ.സി.പിള്ള അറിയിച്ചു. ബാനറും കൊടികളും മാറ്റിയതു തർക്കത്തെത്തുടർന്നല്ലെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചവർക്കെതിരെ നടപടി എടുക്കുമെന്നും അറിയിച്ചു.