കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസിനെതിരേ നടപടിയുണ്ടായേക്കുമെന്ന് സൂചന. ജോർജ് എം. തോമസിനെതിരേ നടപടി ഉണ്ടാകുമോ എന്ന കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.

പ്രായപൂർത്തിയായവർക്ക് വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള നിയമപരമായ അവകാശം രാജ്യത്തുണ്ട്. കുടുംബങ്ങളുമായി ആലോചിച്ച് രമ്യമായ രീതിയിൽ വിവാഹം നടത്തുന്നതിനുള്ള ആലോചന ആദ്യംതന്നെ നടത്തേണ്ടതായിരുന്നു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ഉണ്ട് എന്ന തരത്തിൽ ജോർജ് എം. തോമസ് നടത്തിയ പ്രസ്താവന പാർട്ടി തള്ളിപ്പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും പി. മോഹനൻ പറഞ്ഞു.

ജോർജ്ജ് എം തോമസിന്റെ പ്രസ്താവന സിപിഎമ്മിനാകെ നാണക്കേടായി എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. കൂടാതെ വിവാദത്തിൽ സിപിഎമ്മിനെ പൊതുസമൂഹത്തിൽ സംശയ ദൃഷ്ടിയിലാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജോർജ്ജ് എം തോമസിനെതിരെ നടപടിയെ കുറിച്ച് സിപിഎം ആലോചിക്കുന്നത.

തിങ്കളാഴ്ച ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്തിരുന്നു. ജോർജ് എം തോമസിനെതിരേ നടപടി വേണോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയിച്ചേക്കും.

ഇതിനിടെ, സംഭവത്തിലെ സിപിഎം ഇടപെടലിനെ വിമർശിച്ച് ദീപിക ദിനപ്പത്രം മുഖപ്രസംഗവുമായി രംഗത്തെത്തിയിരുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന സിപിഎം നേതാവ് ജോർജ് എം തോമസിന്റെ പ്രതികരണം വിചിത്രമാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.