തിരുവല്ല: സിപിഎമ്മുകാരനായ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അർധരാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യക്തിയുടെ വസ്തു കൈയേറി റോഡ് വെട്ടി. തടയാൻ ചെന്ന വസ്തു ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ചു. അയൽവാസികളായ നാലോളം വീട്ടുകാർക്ക് ഒത്തുതീർപ്പ് ചർച്ച പ്രകാരം വഴി നൽകാൻ തയാറായിരുന്ന ആളുടെ പറമ്പിലൂടെയാണ് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ചുവിന്റെ നേതൃത്വത്തിൽ പൊലീസിന്റെ ഒത്താശയോടെ ഇന്ന് പുലർച്ചെ 12.30 ന് അതിക്രമിച്ചു കയറി വഴി വെട്ടിയത്.

തടയാൻ ചെന്ന വസ്തു ഉടമ തെങ്ങേലി തീപ്പെട്ടി കമ്പനിക്ക് അടുത്തുള്ള പൂത്തിരിക്കണ്ടം മലയിൽ രമണനെ(71) വെട്ടിപ്പരുക്കേൽപ്പിച്ചു. രമണന്റെ പറമ്പിന് നടുവിൽ കൂടി ആറു കുടുംബങ്ങൾക്ക് നടപ്പുവഴിയുണ്ട്. ഈ വഴിക്ക് രണ്ടു വശവും രമണൻ മതിൽ കെട്ടിയിരിക്കുകയാണ്. ആറു കുടുംബങ്ങൾക്ക് വേണ്ടി വഴി നൽകണമെന്ന് കേസ് കോടതിയിലും പൊലീസിലുമുണ്ട്.

നിലവിലുള്ള നാലടി വീതിയുള്ള വഴിക്ക് പകരം തന്റെ പറമ്പിന് പിന്നിലൂടെ വാഹനം കടന്നു പോകാനുള്ള വഴി നൽകാമെന്ന് രമണൻ ഒത്തു തീർപ്പുണ്ടാക്കിയിരുന്നു. അങ്ങനെ വരുമ്പോൾ രമണന്റെ മാത്രമല്ല, പിന്നിൽ താമസിക്കുന്ന ആറു കുടുംബങ്ങളുടെയും ഭൂമി വഴിക്കായി പോകും. അങ്ങനെ ഭൂമി നൽകാൻ അവർക്ക് താൽപര്യമില്ലാത്തതു കൊണ്ടാണ് നാലടി വീതിയുള്ള നടപ്പു വഴിക്ക് വീതി കൂട്ടാൻ വേണ്ടി തന്റെ പറമ്പിൽ അതിക്രമിച്ചു കയറിയതെന്ന് രമണൻ പറയുന്നു.

പൊലീസിന്റെ ഒത്താശയോടെ ആസൂത്രിതമായിട്ടാണ് വഴി വെട്ട് നടന്നിട്ടുള്ളത്. രാത്രി 12.30 ന് ജെസിബിയുമായി എത്തിയ പ്രസിഡന്റ് സഞ്ചുവും കൂട്ടരും ആദ്യം ഗുണ്ടെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് രമണനും മകനും ഇറങ്ങി ചെന്നപ്പോൾ നമ്പർ പ്ലേറ്റ് മറച്ച ജെസിബിയുമായി തങ്ങളുടെ പറമ്പ് കൈയേറുന്ന സംഘത്തെയാണ് കണ്ടത്. തടയാൻ ശ്രമിച്ചപ്പോഴാണ് രമണന് വെട്ടേറ്റത്.

വിവരം അപ്പോൾ തന്നെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒരു ജീപ്പിൽ രണ്ട് സിപിഓമാർ മാത്രമാണ് എത്തിയത്. അവർ റോഡ് വെട്ടുന്നത് നോക്കി നിന്നു. ഏറെ നേരത്തിന് ശേഷം രണ്ടു വണ്ടി പൊലീസും വന്നു. അപ്പോഴാണ് കൈയേറ്റം തടഞ്ഞത്. എന്നാൽ, ജെസിബിയും അക്രമി സംഘവും പോകാൻ പൊലീസ് അനുവദിച്ചു. വിവരമറിഞ്ഞ് തിരുവല്ല ഡിവൈഎസ്‌പിയെയാണ് ആദ്യം വിളിച്ചത്. അദ്ദേഹം ഫോണെടുത്തില്ല.

സിപിഎം നേതാക്കൾക്ക് വേണ്ടി പൊലീസ് വിടുപണി ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. വെട്ടേറ്റ രമണൻ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. മാന്യമായ വീതിയിൽ വഴി നൽകാമെന്ന് സമ്മതിച്ചിരുന്ന ആളുടെ പറമ്പിലാണ് സിപിഎം നേതൃത്വത്തിൽ ഗുണ്ടായിസം കാണിച്ചത് എന്നാണ് പരാതി. രമണനും സിപിഎം അനുഭാവിയാണെന്ന് പറയുന്നു.