തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതിരോധിക്കാൻ തന്നെയാണ് സിപിഎം രംഗത്തിറങ്ങിയിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ സംരക്ഷിച്ചു കൊണ്ടും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ തള്ളിപ്പറഞ്ഞു കൊണ്ടും ലഘുലേഖകൾ വിതരണം ചെയ്താണ് സിപിഎം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയുമുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിപിഎം പ്രചാരണം ശക്തമാകുന്നത്. സർക്കാറിനെ പ്രതിരോധിക്കാൻ താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കനാണ് സിപിഎം തീരുമാനം.

വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം സ്വർണ്ണക്കത്തിൽ വിശദീകരണം നൽകുന്നത്. സ്വർണക്കടത്ത് കേസിൽ സർക്കാരിന് ബന്ധമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂർണ്ണമായും തള്ളുന്നതാണ് പാർട്ടി വിശദീകരണം. ശിവശങ്കറിനെതിരെ സടക്കാർ നടപടി എടുത്തിട്ടുണ്ട്. അറ്റാഷെക്ക് രാജ്യം വിടാൻ കളമൊരുക്കിയത് കേന്ദ്രമാണ്. സ്വർണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ആണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവമെന്നും ലഘുലേഖയിൽ ആരോപിക്കുന്നുണ്ട്. എൽഡിഎഫ് തുടർഭരണം നേടുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്നും ലഘുലേഖയിൽ പറയുന്നു.

സ്വപ്നയും സരിതയും ഒരു പോലെയല്ലെന്നും മാധ്യമങ്ങൾ പറയുന്നത് മുഴുവൻ കള്ളമാണെന്നും പറയുന്നു. സ്വർണക്കടത്ത് അന്വേഷിക്കേണ്ടതും പിടികൂടേണ്ടതും കേന്ദ്ര ഏജൻസിയുടെ ചുമതലയാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഉപഖണ്ഡികകളായി ഇരുപത് കാര്യങ്ങൾ ചുണ്ടിക്കാണിക്കുന്ന ലഘുലേഖയിൽ പൂർണമായും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ തള്ളി പറയുകയാണ് ചെയ്യുന്നത്. ആരാണ് ഈ ശിവശങ്കർ, അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നാണോയെന്ന് ഉപശീർഷകത്തിൽ എഴുതിയ ഖണ്ഡികയിൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശിവശങ്കറിനെ നിയോഗിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണെന്നും തലമുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കർ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉയർന്ന നാല് തസ്തികകൾ വഹിച്ച ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കടത്ത് കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ശിവശങ്കരന് പങ്കുണ്ടെന്ന തരത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നിട് ഐ.ടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയതായി ലഘുലേഖയിൽ പറയുന്നു.കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിനായി കൺസൾട്ടൻസി ലഭിച്ചവർ ഏൽപ്പിച്ച പ്‌ളേസ്‌മെന്റ് ഏജൻസി ആറു മാസത്തേക്ക് താൽക്കാലികമായി ജോലി നൽകിയിരുന്നു. നിയമനം സംബന്ധിച്ചും ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ചും പരാതി ഉയർന്നപ്പോൾ അതേ കുറിച്ചും അന്വേഷണം പ്രഖ്യാപിച്ചു.

ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾ കൊണ്ട് ശിവശങ്കരനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു.ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടുവെങ്കിലും ശിവശങ്കരനെ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്മാർ കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നതാണെന്നും പുറത്താക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന കമ്മിറ്റി പ്രസിദ്ധികരിച്ച ലഘുലേഖ ബ്രാഞ്ച് തലങ്ങളിലെ പ്രവർത്തകരാണ് വീടുകളിലെത്തിക്കുന്നത്.

അതേസമയം ലഘുലേഖ വിതരണം ചെയ്യുന്ന ഘട്ടത്തോടെ സിപിഎം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ- നിയമസഭാ തെരഞ്ഞെടുപ്പാണ് മുന്നിൽ കാണുന്നത്. ഇതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് സിപിഎം ലഘുലേഖാ വിതരണവുമായി മുന്നോട്ടു പോകുന്നത്. അതേസമയം സർക്കാറിനെ പ്രതിരോധിക്കാനായി മുന്നിട്ടിറങ്ങുമ്പോഴും പലയിടങ്ങളിലും ജനങ്ങളിൽ നിന്നും അനുകൂല പ്രതികരണമല്ല ഉണ്ടാകുന്നതും. ലഘുലേഖയുമായി എത്തുന്ന സഖാക്കളോട് മറുചോദ്യങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. ഈ സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളെ കുറിച്ചു പിഎസ് സി നിയമങ്ങളിലെ മെല്ലേപ്പോക്കുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ മിക്ക പ്രദേശങ്ങളിലും ലഘുലേഖ വിതരണം നിലച്ചിരിക്കുകയാണ്. മിക്ക ബ്രാഞ്ചുകളിലും ലഘുലേഖകൾ വിതരണം ചെയ്യാതെ പാർട്ടി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് ഭാഗികമായെങ്കിലും വിതരണം ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ ബ്രാഞ്ച് ലോക്കൽ കമ്മിറ്റി യോഗങ്ങൾ പഴയത് പോലെ നടക്കാത്തതിനാൽ കീഴ്ഘടകങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനോ പാർട്ടി നയപരിപാടികൾ നടപ്പിലാക്കാനോ നേതൃത്വത്തിന് സാധിക്കാത്ത അവസ്ഥയുമുണ്ട്. എന്തായാലും തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനാണ് പാർട്ടി പ്രധാനമായും നിർദേശിച്ചിരിക്കുന്നത്.