ആലുവ: നടിയെ ആക്രമിച്ച കേസിൽ മിന്നൽ റെയ്ഡുമായി ക്രൈം ബ്രാഞ്ച് സംഘം. ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് സംഘം എത്തി. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡിന് എത്തിയത്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത് എന്നാണ് വിവരം.

ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമ്മാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി ഇന്നലെ കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് വിശദമായ മൊഴി തന്നെ ബാലചന്ദ്രകുമാറിൽ നിന്നും ശേഖരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

ഇരുപത് അംഗങ്ങുള്ള ക്രൈംബ്രാഞ്ച് ടീമാണ് പരിശോധനക്ക് എത്തിയിരിക്കുന്നത്. എന്തൊക്കെ വിവരങ്ങൾ ശേഖരിക്കണം എന്നത് അടക്കമുള്ള കൃത്യമായ വിവരങ്ങളുമായാണ് സംഘം എത്തിയതെന്നാണ് സൂചനകൾ. അതേസമയം വെള്ളിയാഴ്‌ച്ച വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നു എന്ന് വ്യക്തമാാക്കുന്നാണ് ഇപ്പോഴത്തെ റെയ്ഡും.

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ പേരെല്ലാം പുറത്തു വന്നപ്പോഴും അജ്ഞാതവാസം തുടരുന്ന വിഐപിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പലതരം അഭ്യൂഹങ്ങൾ ആ പേരിനെ ചുറ്റിപ്പറ്റി പുറത്തു വന്നെങ്കിലും ഇപ്പോൾ പൊലീസിന് കൃത്യമായ സൂചന കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബാലചന്ദ്രകുമാർ സിനിമാചർച്ചയ്ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു.

ആ സമയത്ത് ദിലീപിന്റെ ബന്ധുവിന്റെ മകൻ ശരത് അങ്കിൾ എന്ന് വിളിച്ചതായും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വിഐപി അതല്ലെന്നും ചിലപ്പോൾ കേട്ടതിലെ തെറ്റാകാമെന്നും അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനമുള്ള ആളായതു കൊണ്ട് പേര് പറയാൻ ബാലചന്ദ്രകുമാർ മടിക്കുന്നതാകാമെന്നുമാണ് ആദ്യം മുതലേ പൊലീസ് സംശയിച്ചിരുന്നത്. കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിർദേശത്തെ തുടർന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കു'മെന്നുമാണ് അന്ന് വിഐപി ഫോണിൽ പറഞ്ഞതെന്നും മൊഴിയിലുണ്ട്.

കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കുന്നതിനിടയിൽ ദിലീപിന്റെ വീട്ടിൽ അന്നെത്തിയ ആളുകളുടെ ചിത്രങ്ങളെല്ലാം പൊലീസ് കാണിച്ചിരുന്നു. അതിൽ നിന്നും വിഐപിയെ കുറിച്ചുള്ള കൂടുതൽ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് കരുതുന്നത്. ദിലീപിന്റെ വസതിയായ പത്മ സരോവരത്തിൽ വച്ചാണ് കേസിലെ ഗൂഢാലോചന നടന്നത് എന്നാണ് ബാലചന്ദ്ര കുമാർ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോഴത്തെ പരിശോധന.