കൊച്ചി: ഡോളർ കടത്തു കേസിൽ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തൽ. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

ലൈഫ് മിഷൻ വഴി വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ് സന്തോഷ് ഈപ്പൻ. ഡോളർ കടത്തു കേസിൽ അഞ്ചാം പ്രതിയായാണ് സന്തോഷ് ഈപ്പനെ ഉൾപ്പെടുത്തിയിരുന്നത്. മറ്റ് നാലു പ്രതികളിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളർ ആക്കി മാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകൾ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

കേസിലെ മറ്റു പ്രതികൾ സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കർ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതൽ പ്രമുഖർ ഈ കേസിൽ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നൽകുന്നുണ്ട്. ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷൻ ഇടപാടായി നടന്നിട്ടുണ്ടെന്ന് എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയതായാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്.

ലൈഫ് മിഷൻ ഇടപാടിൽ താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്നാ് സന്തോഷ് ഈപ്പൻ സ്വീകരിച്ച നിലപാട്. ബിസിനസ് സ്ഥാപനമെന്ന നിലയിൽ കമ്മീഷൻ നൽകിയിട്ടുണ്ടാകാമെന്നും അത് കൈക്കൂലി അല്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ ന്യായീകരണം. കസ്റ്റംസ് ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു ഈപ്പന്റെ പ്രതികരണം.യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ട്‌സ് ഓഫീസർ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുൽ ജനറലിനും അക്കൗണ്ട്‌സ് ഓഫീസർ ഖാലിദിനുമായി നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഒരു കോടി രൂപ ഒഴികെ ഡോളറായി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ നിന്നായി സന്തേഷ് ഈപ്പൻ ഇത്രയും ഡോളർ അനധികൃതമായി സംഘടിപ്പിച്ച് നൽകി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഇതിൽ ഒരു ലക്ഷത്തി എൺപതിനായിരം ഡോളർ ഖാലിദ് ഹാൻഡ് ബഗേജില് വെച്ച് വിദേശത്തേക്ക് കടത്തി. സ്വപ്നയുടേയും സരിതിന്റെയും സഹായത്തോടെയാണ് വിമാനത്താവളത്തിലെ പരിശോധന കൂടാതെ ഡോളർ കടത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.