വടകര: സിപിഎം ക്വട്ടേഷൻ ഗുണ്ടകൾ കൊലപ്പെടുത്തിയ ആർഎംഎപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മകനും വധഭീഷണി. ടി.പിയുടെ മകനെയും എൻ. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എംഎൽഎ ഓഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തതിനാലാണ് ടി പി വധത്തിന് കാരണം. ടിപിയുടെ മകനെ അധികം വളർത്തില്ലെന്നും കത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് ആർഎംപി നേതാവ് എൻ വേണു എസ്‌പിക്ക് പരാതി നൽകി.

ടിപി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദ് ചന്ദ്രശേഖരനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടിപിയെ വധിക്കാനുള്ള കാരണം മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തതാണെന്നു കത്തിൽ പറയുന്നു. സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണിയുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ടിപി ചന്ദ്രശേഖരന്റെ പത്‌നി കെകെ യുഡിഎഫ് പിന്തുണയോടെ വടകര നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ടിപി വധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സിപിഎം ശക്തികേന്ദ്രത്തിൽ കെകെ രമ വിജയിച്ചത്. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മിനെതിരെ കെകെ രമ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി എങ്ങനെയാണ് റെഡ് വോളണ്ടിയാർ ആകുന്നതെന്നും ചെറുപ്പക്കാർ ക്രിമിനൽ സംഘത്തിന്റെ ഭാഗമാകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും കെകെ രമ വാർത്താ ചാനലിനോടു പറഞ്ഞിരുന്നു.

സിപിഎം വിട്ട് റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്ത ടിപി ചന്ദ്രശേഖരൻ 2012 മെയ്‌ 4നാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട ടിപി 2009ലായിരുന്നു ആർഎംപി രൂപീകരിച്ചത്. വടകരയ്ക്കു സമീപം വള്ളിക്കാവിൽ വെച്ചു നടന്ന കൊലപാതവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർന്നത്. സിപിഎം നേതാക്കളാണ് കേസിലെ പ്രതികളും.