കൊച്ചി: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ നെഞ്ചിലെ ബേബി ബാഗിലാക്കി നെഞ്ചോട് ചേർത്ത് ഭക്ഷണ വിതരണ ജോലി ചെയ്യുന്ന ഒരു അമ്മയുടെ വീഡിയോ ദൃശ്യം. 23 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടവരെല്ലാം കണ്ണു തുടച്ചിട്ടുണ്ടാവും എന്നതിൽ യാതൊരു സംശയവുമില്ല.

ഏതോ വഴിയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാണ് ആ പെൺകുട്ടി എന്ന അന്വേഷണത്തിലായി. ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി. എറണാകുളം ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ. കൊടും വേനലിലും കുഞ്ഞുമായി ഭക്ഷണ വിതരണത്തിനിറങ്ങിയ കഥ മറുനാടനോട് അവർ പങ്കു വയ്ക്കുന്നു.

'കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതിനാലാണ് ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടിയത്. ഞായറാഴ്ച ദിവസം മാത്രമാണ് ഇങ്ങനെ കൊണ്ടു പോകുന്നത്. ബാക്കി ദിവസങ്ങളിൽ അടുത്തുള്ള ഡേകെയറിൽ കൊണ്ടു പോകും. അങ്ങനെ ഒരു ഞായറാഴ്ച ഭക്ഷണ വിതരണത്തിനായി പോയപ്പോൾ ആരോ എടുത്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആ വീഡിയോ മൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ' എന്ന് രേഷ്മ മറുനാടനോട് പറഞ്ഞു.

വിവാഹം കഴിഞ്ഞ് 4 വർഷമായി രേഷ്മ കൊച്ചിയിലെത്തിയിട്ട്. ഭർത്താവ് രാജു 1 വർഷമായി ഗൾഫിൽ പോയിട്ട്. ഭർത്താവിന്റെ തുച്ഛമായ വരുമാനത്തിൽ മാത്രം ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലായതോടെയാണ് രേഷ്മ ഓൺലൈൻ ഭക്ഷണ വിതരണകമ്പനിയിൽ ഡെലിവറി ഗേളായി ജോലിക്ക് പ്രവേശിച്ചത്.

'കഴിഞ്ഞ ഒരുമാസമായതേയുള്ളൂ ജോലിയിൽ പ്രവേശിച്ചിട്ട്. പഠനവും വീട്ടു വാടകയും മറ്റു ചെലവും എല്ലാം ഭർത്താവിന്റെ ശമ്പളത്തിൽ നിന്നും കണ്ടെത്താൻ കഴിയില്ല എന്ന് മനസ്സിലായതോടെയാണ് ജോലിക്ക് പോകാൻ തീരുമാനിച്ചത്. രാവിലെ 9 മണിക്ക് ഡേ കെയറിൽ കൊണ്ടു വിട്ടാൽ രാത്രി 9 മണിക്കാണ് കുഞ്ഞിനെ അവിടെ നിന്നും തിരികെ കൊണ്ടു വരുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ സുരക്ഷിതമായി ഏൽപ്പിക്കാൻ കഴിയുന്ന ഒരിടമാണ് അവിടെ. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു.

അതുകഴിഞ്ഞായിരുന്നു വിവാഹം. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്. ഉച്ചയ്ക്ക് 1 മണിവരെയാണ് ക്ലാസ്സ്. അതിന് ശേഷം പാർട്ട് ടൈം ആയിട്ടാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ആദ്യം വിസമ്മതിച്ചെങ്കിലും എന്റെ നിർബന്ധത്തിൽ സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച ദിവസം ഡേകെയർ അവധിയാണ്. ശനിയും ഞായറും ജോലി ചെയ്താലാണ് കുടൂതൽ ശമ്പലം ലഭിക്കുക. മോളെ ഒറ്റയ്ക്കാക്കി പോകാൻ കഴിയാത്തതിനാൽ ഒപ്പം കൊണ്ടു പോകുകയായിരുന്നു';- രേഷ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്. പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം. എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്.

പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഈ ജോലിയായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്' രേഷ്മ പറയുന്നു.

പിന്നെ ഏറ്റവും വലിയ പേടി ഇനി പൊലീസ് ഈ ദൃശ്യങ്ങൾ കണ്ട് കേസെടുക്കുമോ എന്നുള്ളതാണ്. മറ്റു നിവർത്തി ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മാസ്‌ക് ഉൾപ്പെടെയുള്ളവ ധരിപ്പിച്ചാണ് കുഞ്ഞിനെ ഒപ്പം കൊണ്ടു പോകുന്നത്. ജീവിതെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായിട്ടുള്ള കഷ്ടപ്പാട് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നും രേഷ്മ വിങ്ങലോടെ പറയുന്നു.