പൈനാവ്: ഇടുക്കി പൈനാവ് എൻജിനിയറിങ്ങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിന് ഇടയാക്കിയത് ഹൃദയത്തിനേറ്റ കുത്ത്. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘർഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിൻസിപ്പൽ ജലജ പറഞ്ഞു.

ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാൽ ക്യാമ്പസിൽ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളിൽ കാര്യങ്ങൾ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘർഷവും ഉണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം ഇടുക്കിയിലെ കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ഡിവൈഎഫ്‌ഐ രംഗത്തുവന്നു. സുധാകരനിസമാണ് കോൺഗ്രസ്സിലിപ്പോൾ. കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം കേരളത്തെ കലാപ ഭൂമിയാക്കുന്നു. സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോൺഗ്രസ്സിനെ നയിക്കുന്നത്. ആശയവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോൺഗ്രസ്സ് ആയുധമെടുത്ത് കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ എ റഹീം ആരോപിച്ചു.

ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കിൽ സുധാകരന് രാഷ്ട്രീയമില്ല. രക്തദാഹിയാണ് സുധാകരൻ. അയാളിൽ നിന്നും മറ്റൊന്നുംപ്രതീക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാവായി വി ഡി സതീശൻ ചുമതലയേറ്റപ്പോൾ പറഞ്ഞത് ഇനി പ്രൊഡക്ടീവ് പൊളിറ്റിക്‌സ് ആയിരിക്കും കോൺഗ്രസ്സിന് എന്നാണ്. ഒരു എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്നു ശ്രീ സതീശൻ മറുപടി പറയണമെന്നും റഹീം പറഞ്ഞു.

ആസൂത്രിതമായാണ് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ ധീരജിനെ കുത്തിക്കൊന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ബോധപൂർവ്വം ക്രമസമാധാനനില തകർക്കാൻ നടത്തിയ കൊലപാതകമാണ്. സുധാകരന്റെ ബാധകയറിയ യൂത്ത് കോൺഗ്രസ്സ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി.ആയുധമെടുത്ത്,അക്രമം നടത്തി ഗുണ്ടാ നേതാവായ സുധാകരന് സേവ ചെയ്യുകയാണ്
ഈ ക്രിമിനൽ സംഘം.

മിടുക്കനായ ഒരു എൻജിനിയറിങ് വിദ്യാർത്ഥിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യുവിനും യൂത്ത് കോൺഗ്രസ്സിനും മലയാളനാട്ടിൽ അമ്മമാരുടെ മുഖത്തു നോക്കാൻ പോലും ഇനി അർഹതയില്ല.കേരളത്തിന്റെ മനസ്സിൽ നിന്നും ഈ കോൺഗ്രസ്സ് ക്രൂരത ഒരിക്കലും മായില്ല. ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നിൽ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. കൊലപാതകത്തെ ശക്തമയി അപലപിക്കുന്നു.- റഹീം ഫേസ്‌ബുക്കിൽ കുറിച്ചു.