കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഈ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.

ദിലീപിനെതിരായി മൊഴി നൽകിയ ചില സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു. തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.

കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മൂന്നുമാസം കൂടി വേണമെന്നാണ് ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചത്. കേസിൽ വിചാരണ നടപടികൾ വൈകരുതെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിർദ്ദേശം. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് പലപ്പോഴും വിചാരണ നടപടികൾ തടസപ്പെട്ടതായും അതുകൊണ്ട് കൂടുതൽ സമയം അനുവദിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതി ജഡ്ജി ഹണി വർഗീസാണ് സുപ്രീം കോടതിയിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.

ദിലീപിന് എതിരായ മൊഴി നൽകിയ ചില സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. നിലവിൽ ഈ കേസിൽ രഹസ്യ വിചാരണ നടക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇതിനു മുൻപ് ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൾ വാർത്തയാക്കരുതെന്ന് ദിലീപ് കോടതിയിൽ ആവശ്യപെട്ടിരുന്നു. നടനും താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിയുമായ ഇടവേള ബാബു, നടി ബിന്ദു പണിക്കർ എന്നിവർ കൂറുമാറിയിരുന്നു. ഇവർ ആദ്യം നൽകിയ മൊഴിയും വിചാരണ സമയത്ത് നൽകിയ മൊഴിയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് സാക്ഷികളുടെ മൊഴികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.