കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും അറിയാനുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാൻ വേണ്ടി നടൻ ദിലീപ് വൻതുക മുടക്കിയിട്ടുണ്ടെന്ന വാർത്തകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ ഘട്ടത്തിൽ കൂറുമാറിയ താരങ്ങൾക്ക് ദിലീപ് പണം നൽകിയോ എന്നതിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാർത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവർ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസിൽ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്പത്തിക സ്രോതസുകൾ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

ഇത്തരം അന്വേഷണങ്ങളിലേക്ക് കടക്കവേ അവിചാരിതമായി ഒരു നടി ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. സിനിമാ വൃത്തങ്ങൾക്കിടിയൽ തന്നെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിൽ ചികിത്സ തേടിയ നടി ഡിസ്ചാർജ്ജായിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണോ അതോ നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികസങ്ങളാണോ ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ടില്ല. ദിലീപ് കേസുമായി ബന്ധപ്പെടുത്തി ഈ സംഭവത്തെയും ചേർത്തു വായിക്കുകയാണ് സിനിമാക്കാരും.

സിൻസി അനിൽ എന്ന വ്യക്തി നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ച ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യരും ആയി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സിൻസി അനിൽ. കേസിൽ ദിലീപിനെതിരെ ആദ്യം മൊഴി കൊടുക്കുകയും പിന്നീട് കൂറു മാറുകയും ചെയ്ത ഒരു നടിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത കേൾക്കുന്നുണ്ട്, ഇതിന്റെ സത്യാവസ്ഥ എന്താണ്? എന്ന് ചോദിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. ഇതോടെ സിനിമാ രംഗത്തുള്ളവർ അടക്കം പരിശോധനകൾ നടത്തിയപ്പോൾ കൊച്ചിയിലെ ആശുപ്രത്രിയിൽ ഒരു നടി ചികിത്സ തേടിയ വിവരവും പുറത്തുവന്നു.

കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രേതസ്സുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം എന്നാണ് ഉയരുന്ന ആക്ഷേപം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ വരാനുണ്ട്. ദിലീപ് പ്രതിയായ കേസിൽ ആദ്യഘട്ടത്തിൽ ദിലീപിനെതിരെ വലിയ വിഭാഗം ആളുകൾ ആയിരുന്നു മൊഴി രേഖപ്പെടുത്തി കൊണ്ട് എത്തിയത്. എന്നാൽ പിന്നീട് ഓരോരുത്തരായി കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു.

ഇവരെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകുന്നതാണോ മജിസ്‌ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതാണോ കൂടുതൽ ഫലപ്രദമെന്നറിയാൻ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ വിചാരണക്കോടതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

7 സാക്ഷികളെ വീണ്ടും വിസ്തരിക്കാനും 9 സാക്ഷികളെ പട്ടികയിൽ ചേർത്തു പുതുതായി വിസ്തരിക്കാനും പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ 4 പേരെ മാത്രം വിസ്തരിക്കാനുള്ള അനുമതിയാണു വിചാരണക്കോടതി നൽകിയത്. ഇതേ തുടർന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാർ കോടതി ബഹിഷ്‌കരിക്കുകയും തുടർന്ന് രാജി നൽകുകയും ചെയ്തു. കേസിൽ ആലപ്പുഴ സ്വദേശിയായ പ്രോസിക്യൂഷൻ സാക്ഷി പ്രതിഭാഗം ചേരാൻ 5 ലക്ഷം രൂപ കൈപ്പറ്റിയതായും വീണ്ടും പണം ചോദിച്ചു പ്രതിഭാഗം അഭിഭാഷകനെ നേരിൽ കണ്ടതായും ബാലചന്ദ്രകുമാർ ഇന്നലെ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ഇതിനുള്ള തെളിവുകളും കൈമാറി.

അതേസമയം അതിജീവിതയായ നടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഇതോടെ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ നടിയെ പിന്തുണച്ചു കൊണ്ടു രംഗത്തുവരികയും ചെയ്തു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേസിൽ കൂറുമാറിയവർ കടുത്ത ആശങ്കയിലായത്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ദിലീപിന് ഇന്ന് നിർണായക ദിനമാണ്. ഗൂഢാലോചനയിൽ പങ്കാളിയായി ആ വിഐപിയുടെ എൻ്രടി കാത്തിരിക്കുകയാണ് കേരളം. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ എട്ടാം പ്രതിയായ ദിലീപ് നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തുന്നതോടെ കേസ് കൂടുതൽ ശക്തമാകും.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകന് കൊവിഡായതിനാൽ ഹർജിയിൽ വിശദമായ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ചാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ഉണ്ടാകില്ലല്ലോയെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് തൽക്കാലത്തേക്ക് അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത്. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ് ഐ ആറെന്നുമാണ് ദിലീപിന്റെ വാദം.