കോഴിക്കോട്: കഴിഞ്ഞ ദിവസം കടത്തനാട് മേഖലിൽ പേരിന് ചെറിയ അക്രമമുണ്ടായി.വിവിധ പാർട്ടി ഓഫീസുകൾ അർധ രാത്രി തകർത്തു.നാദാപുരം മേലയിൽ പതിവുള്ള വാർത്ത. എന്നാൽ അതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് പിടികൂടി. പ്രദേശത്തെ അറിയപ്പെടുന്ന ക്രിമിനലുകളായ ഡിവൈഎഫ്ഐ.പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അക്രമത്തിന് പിന്നിലെ കഥകൾ പൊലീസിന് ബോധ്യപ്പെട്ടത്.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരിലുള്ള ബസ് സ്റ്റോപ്പും വിവിധ പാർട്ടി ഓഫീസുകൾക്കും നേരെ നടന്ന അക്രമത്തിൽ ഡിവൈഎഫ്ഐ.പ്രവർത്തകരായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മുടവന്തേരി മൂലംതേരി വീട്ടിൽ സുഭാഷ്(39),കോടഞ്ചേരി സ്വദേശികളായ ചീക്കിലോട്ട് താഴെക്കുനി സി.ടി.കെ.വിശ്വജിത്ത്(32)പൈക്കിലോട്ട് ഷാജി(32) എന്നിവരെയാണ് നാദാപുരം സിഐ.എൻ.സുനിൽകുമാർ എസ്‌ഐ.സി.എം.സുനിൽകുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ഷാജി യൂത്ത് ലീഗ് പ്രവർത്തകൻ തൂണേരിയിലെ അസ്ലം വധകേസിലെ പതിമൂന്നാം പ്രതിയാണ്.

ഇരിങ്ങണ്ണൂരിലും തൂണേരിയിലും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും ചെക്കുമുക്കിലെ ബസ് സ്റ്റോപ്പിനും നേരെയായിരുന്നു അക്രമം.ഇരിങ്ങണ്ണൂർ ടൗണിലെ എൽ.ജെ.ഡി.എടച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന എംപി.നാരായണൻ സ്മാരക മന്ദിരത്തിന് നേരെയാണ് ചൊവ്വാഴ്ച രണ്ട് മണിയോടെ അക്രമമുണ്ടായത്.സോഡാ കുപ്പി,കല്ല് എന്നിവ കൊണ്ടാണ് ശക്തമായ അക്രമമുണ്ടായത്.ഓഫീസിൽ കിടന്ന് ഉറങ്ങുകയായിരുന്ന പാർട്ടി പ്രവർത്തകൻ കിഴക്കയിൽ വിജയൻ ഭാഗ്യത്തിനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.കല്ലേറിൽ വിജയന്റെ ശരീരത്തിൽ സോഡാ കുപ്പികൾ തെറിച്ചതിനെ തുടർന്ന് ഉടനെ ഓഫീസിന്റെ ഒരു ഭാഗത്തേക്ക് മാറി നിന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഓഫീസിന്റെ മൂന്ന് ജനൽചില്ലുകളും ബോർഡും പൂർണമായും തകർക്കപ്പെട്ടിട്ടുണ്ട്.

ഇരിങ്ങണ്ണൂർ ടൗണിലെ മുസ്ലിം ലീഗ് ഓഫീസിന് നേരെ അക്രമമുണ്ടായി.സോഡാ കുപ്പി കൊണ്ടും കല്ല് കൊണ്ടുമാണ് ഓഫീസിന് നരേ അെക്രമമുണ്ടായത്.സോഡാ കുപ്പി ഓഫീസിനുള്ളിലും പുറത്തും ചിതറി കിടക്കുകയാണ്.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തും ലീഗ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ ജനൽ ചില്ലുകൾ തകർക്കപ്പെട്ടിരുന്നു.അത് നന്നാക്കാത്തത് സോഡാ കുപ്പികൊണ്ടുള്ള ഏറിൽ ഓഫീസിനുള്ളിലേക്കും പതിച്ചിട്ടുണ്ട്. തൂണേരി ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും അക്രമവുമുണ്ടായി.മണ്ഡലം കമ്മിറ്റി ഓഫീസിൽ പുതുതായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു.കോൺഗ്രസ് പതാകകൾ നശിപ്പിച്ച് സമീപത്തെ പറമ്പിലിട്ട നിലയിലാണ്.എടച്ചേരി ചെക്കുമുക്കിലെ ബസ് സ്റ്റോപ്പിന് നേരെയാണ് അക്രമമുണ്ടായത്.

പിടികൂടിയ പ്രതികളെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷൻജാമ്യം നൽകി വിട്ടയച്ചടാണ് ഇപ്പോൾ വിവാദമായത്.പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത്.സിപിഎം.പരസ്യമായി അക്രമത്തെ തള്ളിപറയുമ്പോഴും രഹസ്യമായി അക്രമികൾക്ക് പിന്തുണ നൽകുന്നുവെന്നാണ് സംസാരം.പൊലീസ് നിലപാടിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.യൂത്ത് ലീഗ് സംസ്താന സെക്രട്ടറി വി.വി.മുഹമ്മദലി ഉൾപ്പെടെ 20ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പൊലീസിനെതിരെ ശക്തമായി യു.ഡി.എഫ്.രംഗത്തെത്തിയിട്ടും പൊലീസ് കുലുങ്ങുന്ന ഭാവമില്ല.ക.പി.സി.സി.ജനറൽ സെക്രട്ടറി കെ.പ്രവീൺകുമാർ ഉൾപ്പടെയുള്ള യു.ഡി.എഫ്.നേതാക്കൾ സ്റ്റേഷനിൽ ചെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് കയർത്തു സംസാരിച്ചിരുന്നു. സിപിഎം.നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്നാണ് നിസ്സാര വകുപ്പുൾ ഉപയോഗിച്ച് പൊലീസ് കേസെടുത്തതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.എന്നാൽ പൊലീസിൽ ആരും സമർദം ചെലുത്തിയിട്ടില്ലെന്ന് പൊലീസും വിശദീകരിക്കുന്നു.