ന്യൂഡൽഹി: കേന്ദ്രത്തിൽ മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ധനകാര്യം, റെയിൽവേ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന. വി മുരളീധരനെ വകുപ്പ് മാറ്റാനോ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാനോ ഉള്ള സാധ്യതയും സജീവപരിഗണനയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വി. മുരളീധരന് സ്ഥാനനഷ്ടം ഉണ്ടാകുമെന്നുള്ള വാർത്തകൾ ഡൽഹിയിൽ സജീവമായിരുന്നു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മൂലം പുനഃസംഘടന നീട്ടി വയ്ക്കുകയായിരുന്നു. ഇനിയെന്തായാലും അത് നീളില്ല എന്നാണ് റിപ്പോർട്ടുകൾ.

മുരളീധരന്റെ സ്ഥാനലബ്ദി കൊണ്ട് കേരളത്തിൽ പാർട്ടിക്ക് ഗുണമൊന്നുമുണ്ടായിട്ടില്ല എന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന ഉറപ്പിലായിരുന്നു രണ്ടാം മോദി മന്ത്രിസഭയിൽ മുരളീധരന് ഇടം ലഭിച്ചത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ വിശ്വസ്തനായ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാൻ ഡൽഹിയിൽ സ്വാധീനം ചെലുത്തിയതും മുരളീധരൻ തന്നെയായിരുന്നു. രാജഗോപാൽ, കുമ്മനം, കൃഷ്ണദാസ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്ന ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും വെട്ടിയാണ് സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റാകുന്നത്. എന്നാൽ സംസ്ഥാന കമ്മിറ്റിയും കൂടെയുണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന സീറ്റും കൈവിട്ടുപോയത് മുരളീധരന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. വോട്ടിങ് ശതമാനം നാല് ശതമാനം കുറഞ്ഞതും കേന്ദ്ര നേതൃത്വം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

30 സീറ്റിൽ ഉറപ്പായി ജയിക്കുമെന്ന റിപ്പോർട്ടായിരുന്നു സംസ്ഥാന കമ്മിറ്റി കേന്ദ്രനേതൃത്വത്തിന് നൽകിയിരുന്നത്. അത് മുഖവിലയ്ക്കെടുത്തിട്ടില്ലെങ്കിലും കടുത്ത മൽസരം നടന്ന നേമം, കഴക്കൂട്ടം, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം അടക്കം പത്തിനടുത്ത് സീറ്റെങ്കിലും ജയിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതിയിരുന്നു. എന്നാൽ ആകെ ഉണ്ടായിരുന്ന സീറ്റും കൈവിട്ട് പോയത് അവരെ ഞെട്ടിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ മുരളീധരനെ വിളിച്ചുവരുത്തി പൊട്ടിത്തെറിച്ചായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട് പോലും ഗൗരവത്തോടെ കൈകാര്യം ചെയ്യാനറിയാത്തവരെന്ന ആക്ഷേപവും കേരളത്തിലെ സംസ്ഥാനനേതൃത്വത്തെ പറ്റിയുണ്ട്. മന്ത്രിയെന്ന നിലയിലെ മുരളീധരന്റെ പ്രവർത്തനത്തിലും കേന്ദ്രസർക്കാരിന് മതിപ്പില്ല. ഈ അവസ്ഥയിൽ കേരളത്തിന് അമിത പ്രധാന്യം നൽകേണ്ട എന്ന തീരുമാനത്തിലാണ് ദേശീയ നേതൃത്വം.

മുരളീധരന് പകരം ഇ. ശ്രീധരനെ പരിഗണിക്കാനുള്ള സാധ്യതകളും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ പുനഃ സംഘടനയ്ക്ക് ശേഷം മറ്റേതെങ്കിലും സംസ്ഥാനത്ത്് നിന്നും അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കും. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമായതിനാൽ മന്ത്രിയാകാൻ കഴിയില്ല. അദ്ദേഹത്തിന് അവസരം നൽകാൻ തീരുമാനിച്ചാൽ ഇപ്പോഴുള്ള അംഗത്വം രാജി വച്ച് തെരഞ്ഞെടുപ്പിലൂടെ രാജ്യസഭയിൽ എത്തേണ്ടി വരും. എന്നാൽ അത്തരം സാധ്യതകൾ ബിജെപി കേന്ദ്രങ്ങൾ തള്ളിക്കളയുന്നു. സംസ്ഥാനകമ്മിറ്റിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് എന്ന നിലയിൽ കേരളത്തിലെ മറ്റാരെയും പരിഗണിക്കാൻ ഇടയില്ല എന്നാണ് ബിജെപി നേതാക്കൾ നൽകുന്ന സൂചന.

ഇതരസംസ്ഥാന മലയാളിയായ രാജീവ് ചന്ദ്രശേഖറിനെ പരിഗണിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കേരളത്തിലെ ബിജെപി നേതൃത്വം ബഹിഷ്‌കരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മുഖ്യ ഓഹരി ഉടമയായ അദ്ദേഹം ചാനലിന്റെ മുൻ ചെയർമാൻ കൂടിയാണ്. കർണാടകയിൽ നിന്നാണ് രാജീവ് രാജ്യസഭയിലെത്തിയിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ ബിജെപിക്ക് അത് വി. മുരളീധരനെ ഒഴിവാക്കുന്നതിനെക്കാൾ വലിയ തിരിച്ചടിയായിരിക്കും. ഇത് മുൻകൂട്ടിക്കണ്ട് കൂടിയാണ് എഷ്യാനെറ്റ് ബഹിഷ്‌കരണം ഡൽഹിയിലും ചർച്ചയാക്കാൻ മുരളീധരൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റിന്റെ ഇടതുപക്ഷ ചായ്വ് ഉയർത്തിക്കാട്ടി രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിസ്ഥാനത്തിന് തടയിടാനാകും മുരളീധരന്റെ ശ്രമം.

കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധം പാളുന്നു എന്ന വിമർശനം ആർഎസ്എസ് പോലും ഉയർത്തിയത് ഡോ. ഹർഷ വർദ്ധന്റെ കസേരയ്ക്കും ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പകരമാര് എന്ന ചോദ്യമാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. പകരമൊരാളുടെ അഭാവത്തിൽ ഹർഷവർദ്ധൻ തന്നെ തുടരാനും സാധ്യതകളുണ്ട്. റെയിൽവെ, ധനം എന്നി വകുപ്പുകൾക്ക് പുതിയ മന്ത്രിമാർ വരുമെന്നാണ് സൂചന. ഈ വകുപ്പുകളിൽ അതാത് രംഗങ്ങളിലെ വിദഗ്ധരെ പരിഗണിക്കും. ഇ. ശ്രീധരൻ മന്ത്രിയായാൽ റെയിൽവെയുടെ സ്വതന്ത്രചുമതലയുള്ള മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോൺഗ്രസിൽ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, തൃണമൂലിൽ നിന്നെത്തിയ മുകുൾ റോയി എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകും.