തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാൻ സിപിഎം ശ്രമം നടത്തും എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. അണിയറയിൽ വൻ ചതി രൂപപ്പെടുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വൈറൽ ആയ സന്ദേശങ്ങൾ വിളിച്ചു പറയുന്നത്. ജനവികാരം എതിരായിരിക്കെ എന്ത് വിലകൊടുത്തും അധികാരം പിടിക്കാൻ വൻ തന്ത്രങ്ങൾ സിപിഎം പയറ്റും എന്നും കോവിഡ് വരെ ആയുധങ്ങൾ ആക്കുമെന്നുമാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങളിൽ പറയുന്നത്. പാർട്ടിക്ക് കിട്ടാത്ത വോട്ടർമാരുടെ വോട്ടുകൾ ചോർത്താൻ സിപിഎം നിലവിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ,ബിനീഷ് കോടിയേരി പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കെ ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷ പാർട്ടി വൃത്തങ്ങളിൽ തന്നെ ദുർബലമാണ്. നിരന്തര വിവാദങ്ങളിലും ആരോപണങ്ങളിലും കുടുങ്ങി പാർട്ടി പ്രതിരോധം ദുർബലമായിരിക്കെയാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഎം ജനവിധി അട്ടിമറിക്കാൻ ശ്രമം നടത്തുമെന്ന പ്രചാരണം ശക്തമായിരിക്കുന്നത്. പ്രതിപക്ഷ പാർട്ടിക്കാരും വോട്ടർമാരും കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണം. കോവിഡ് ജാഗ്രത കൊണ്ട് അതിജീവിക്കാം. പക്ഷെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ഈ അത്യാചാരത്തിന്റെ ദുരിതം 5 വർഷ കാലം വീണ്ടും നമ്മൾ അനുഭവിക്കേണ്ടി വരും.എപ്പോഴും ജാഗരൂഗരാവണം. സിപിഎം ജയിക്കാൻ ഏതറ്റം വരെയും പോവും. എപ്പോഴും കാഴ്ചക്കാരാവാറാണ് യുഡിഎഫ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പ്രത്യേക ജാഗ്രത കാട്ടണം. ഇതാണ് സോഷ്യൽ മീഡിയാ ചൂണ്ടിക്കാട്ടൽ.

കോവിഡ് പ്രതിരോധം ഉൾപ്പെടെ നിലവിലുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വോട്ടുകൾ പിടിച്ചെടുക്കാൻ സിപിഎം ആയുധമാക്കും എന്നാണ് സോഷ്യൽ മീഡിയാ പ്രചരണം. ഇടത് മെമ്പർമാരുടെ ജയം ഉറപ്പിക്കാനുള്ള കുതന്ത്രമാണ് സിപിഎം പയറ്റാൻ പോകുന്നത്. ക്വാറന്റൈനിൽ ഉള്ളവരുടെയോ അറുപത് കഴിഞ്ഞവരുടെയോ വോട്ടുകൾ പോസ്റ്റൽ വോട്ടു ആക്കാൻ ശ്രമം നടത്തും. വോട്ടുകൾ പോസ്റ്റൽ വോട്ടുകൾ ആക്കി മാറ്റിയാൽ പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിച്ച് അവരുടേതാക്കി അയക്കും. ഒരു വാർഡിൽ ഒന്നു മുതൽ നൂറു വരെ ഇങ്ങിനെ സംഘടിപ്പിച്ചാൽ വിജയം ഉറപ്പിക്കാം. ഇതാണ് ഇടത് തന്ത്രം.

ക്വാറന്റൈനിൽ ഉള്ളവരുടെ വോട്ടുകളും കോവിഡ് ബാധിച്ചവരുടെ വോട്ടുകളും അറുപത് വയസിനു മുകളിൽ പ്രായമുള്ളവരുടെ വോട്ടുകളും സിപിഎം തട്ടിയെടുക്കാൻ ശ്രമം നടത്തും. ഈ ശ്രമങ്ങൾക്ക് എതിരെ ജാഗരൂകരായി നിലകൊള്ളണം എന്നാണു സോഷ്യൽ മീഡിയാ ആഹ്വാനങ്ങൾ. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടു ആക്കി മാറ്റും. മൂന്നു ഘട്ടത്തിലേയും വോട്ട് ആരംഭിക്കുന്ന ദിവസം പലർക്കും ഡ്യൂട്ടി ഉണ്ടാവില്ല. പക്ഷെ ബൂത്തിൽ ചെന്നാൽ വോട്ടു ചെയ്യാൻ കഴിയില്ല. ഈ വോട്ടൊക്കെ തട്ടിയെടുക്കപ്പെടാൻ സാധ്യതകൾ ഏറെയാണ് എന്നാണ് സോഷ്യൽ മീഡിയാ പ്രചാരണം. ജനവികാരം ഇടതുമുന്നണിക്ക് എതിരെയെന്നു പകൽ പോലെ വ്യക്തം. ഈ ജനവിധി അട്ടിമറിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണം എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന്റെ കാതൽ. കേരളത്തിൽ രാഷ്ട്രീയ അന്തരീക്ഷം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. പ്രതിരോധത്തിനു പാടുപെടുന്ന സിപിഎമ്മാണ് ഇപ്പോൾ കേരളത്തിന്റെ കൺമുന്നിലുള്ളത്.

ശക്തമായ വിവിധ പാർട്ടികളുടെ സംവിധാനമാണ് ഇടതുമുന്നണി. വമ്പൻ പാർട്ടികൾ മുഴുവൻ ഇടതുമുന്നണിയിലാണ്. സിപിഎമ്മും സിപിഐ എൽജെഡിയും രണ്ടു ജനതാദളും എൻസിപിയും കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് ബിയുമെല്ലാം ഇടതുമുന്നണിയിലാണ്. കോൺഗ്രസും ലീഗും, ജോസഫ് വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും സിഎംപിയും മാത്രമാണ് യുഡിഎഫിൽ ഉള്ളത്. ശക്തമായ പാർട്ടി സംവിധാനങ്ങൾ ഇടതുമുന്നണിയിൽ ആണെങ്കിലും ജനവികാരം ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരാണ്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത്-കള്ളപ്പണ കേസുകളാണ് ഇടത് സർക്കാരിനെതിരെ ഉയർന്നിരിക്കുന്നത്. ഇടത് ധാർമ്മികത കണികാണാൻ പോലും സാധിക്കാത്ത ഭരണമാണ് മുൻപ് പാർട്ടി സെക്രട്ടറിയായ പിണറായി വിജയന്റെ ഭരണകാലത്ത് ഉടനീളം നടന്നത്.

സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകളും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനായ ബിനീഷ് കോടിയേരിക്ക് എതിരെ ഉയർന്ന മയക്കുമരുന്ന്-കള്ളപ്പണ കേസുകളും ഇടത് പ്രതിരോധം ദുർബലമാക്കിയിരുന്നു. ആരോപണങ്ങളിൽ ഉലഞ്ഞപ്പോൾ പാർട്ടി പലപ്പോഴും പ്രതിരൊധത്തിലായി. സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകൾ പ്രതിരോധിക്കാൻ കഴിയാതെ പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ നിന്ന് പരസ്യമായി ഇറങ്ങിപ്പോയി. ചാനലുകൾ മുഴുവൻ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചു. അത് മാറ്റി ചില ചാനലുകൾ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചു.

ഈ നയം എല്ലാം പാളി. ഒടുവിൽ ബഹിഷ്‌ക്കരിച്ച ചാനലുകളിൽ തന്നെ സിപിഎം നേതാക്കൾ ചർച്ചയ്ക്ക് ഇരിക്കുന്ന അവസ്ഥ വന്നു. എല്ലാ കാര്യത്തിലും പാർട്ടി അങ്കലാപ്പിലാണ് എന്ന് തെളിയിക്കുന്നതായിരുന്നു ചാനൽ ചർച്ചകളോടുള്ള പ്രതികരണം. ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന പാർട്ടിക്ക് നിലവിലെ പ്രതിസന്ധിയിൽ ധാർമ്മികത കൈവിടേണ്ടി വന്നു. ഇതോടെയാണ് ശക്തരായ പാർട്ടികൾ കൈവശമുണ്ടെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയം രുചിക്കും എന്ന വിലയിരുത്തൽ ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം പയറ്റും എന്ന പ്രചാരണം ശക്തമാകുന്നത്.

സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ:

അകത്തളത്തിൽ വൻ ചതി ഒരുങ്ങുന്നു:

പാർട്ടിക്ക് കിട്ടാത്ത വോട്ടർമാരുടെ വോട്ടുകൾ ആശാ വർക്കർമാർ ,കുടുംബശ്രീക്കാർ ,അടുത്ത കാലത്ത് ഉദയം കൊണ്ട ഡിവൈഎഫ്‌ഐ ഹെൽത്ത് സൂപ്രവൈസർമാർ (കോവിഡ് 19 പ്രമാണിച്ച് സൃഷ്ടിച്ച ) ചേർന്ന് കോറന്റയിൻ നിശ്ചയിച്ച് പോസ്റ്റൽ വോട്ട് ആക്കുന്നു. എൽഡിഎഫ് മെമ്പർമാരുടെ ജയം ഉറപ്പിക്കാനുള്ള കുതന്ത്രം .വോട്ട് പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിച് അവരുടേതാക്കി അയക്കും ഒരു വാർഡിൽ ഒന്നു മുതൽ 100 വരെ ഇങ്ങിനെ സംഘടിപ്പിച്ചാൽ വിജയം ഉറപ്പിക്കാം. ഇതാണ് തന്ത്രം. കോവിഡ് വന്നു പോയവരേയും ,നിലവിലുള്ളവരേയും മേല്പറഞ്ഞവർ നിരീക്ഷിച്ച് പൊലീസ് സഹായത്തോടെയാണിങ്ങനെ ചെയ്യുന്നത്.

കൂടാതെ ഇലക്ഷൻ ഡ്യൂട്ടിക്കായി നിശ്ചയിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും അദ്ധ്യാപക ,അദ്ധ്യാപകേതര വിഭാഗങ്ങളും ,സംസ്ഥാന സർക്കാർ ശമ്പളം പറ്റുന്നവർക്കും ഡ്യൂട്ടി നിശ്ചയിക്കും. അതോടെ അവരുടെ വോട്ടുകൾ പോസ്റ്റൽ ആക്കും. മൂന്നു ഘട്ടത്തിലേയും വോട്ട് ആരംഭിക്കുന്ന ദിവസം പലർക്കും ഡ്യൂട്ടി ഉണ്ടാവില്ല. പക്ഷെ ബൂത്തിൽ ചെന്നാൽ വോട്ടു ചെയ്യാൻ കഴിയില്ല. പോസ്റ്റൽ എന്ന റിമാർക്ക് പ്രിസൈഡിങ് ഓഫീസറുടെ ലിസ്റ്റിൽ ഉണ്ടാകും. ഇങ്ങിനെയൊരു പദ്ധതിയാണ് എ.സി. മൊയ്തീൻ എന്ന മന്ത്രിയുംഇടത് സർക്കാരും വിഭാവനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടിക്കാരും വോട്ടർമാരും കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക. കോവിഡ് 19 ജാഗ്രത കൊണ്ട് അതിജീവിക്കാം. പക്ഷെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ഈ അത്യാചാരത്തിന്റെ ദുരിതം 5 വർഷ കാലം വീണ്ടും നമ്മൾ അനുഭവിക്കേണ്ടി വരും.എപ്പോഴും ജാഗരൂഗരാവണം..... സിപിഎം ജയിക്കാൻ ഏതറ്റവും ഏതു വഴിയും പോവും.... എപ്പോഴും കാഴ്ചക്കാരാവാറാണ് യുഡിഎഫ് ചെയ്യുന്നത്..

ശബ്ദസന്ദേശം ഇങ്ങനെ:

ഒരു പ്രത്യേക അറിയിപ്പ്:

നമ്മുടെ വീടുകളിൽ ഇടതുപക്ഷത്തിന്റെ പ്രവർത്തകർ വന്നിട്ട് 60 വയസിനു മുകളിലുള്ള ആളുകളുടെ സ്ത്രീ ആയാലും പുരുഷൻ ആയാലും ക്വാറന്റൈനിൽ ഇരിക്കുകയാണെന്ന് പറഞ്ഞിട്ട് ഒപ്പിടുവിച്ചിട്ട് പോസ്റ്റൽ ബാലറ്റ് നല്കി വോട്ടു ചെയ്യിക്കാനുള്ള ഒരു സംവിധാനത്തിനെക്കുറിച്ച് അവർ ആലോചിക്കുന്നുണ്ട്. അത് ഒരു പക്ഷെ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് ആയിരിക്കും അത് പ്രഖ്യാപിക്കുക. ഒരു കാരണവശാലും നമ്മുടെ വീടുകളിലെ ആളുകളോട് പറയണം അവർ കൊണ്ടുവരുന്ന ഒരു പേപ്പറിലും ഒപ്പിട്ടു കൊടുക്കരുത് എന്ന്. പ്രത്യേകം ശ്രദ്ധിക്കുക നമ്മുടെ ഏറ്റവും സജീവമായ പ്രവർത്തകരുടെ വീട്ടിൽ നമ്മുടെ മാതാപിതാക്കളുടെ ബന്ധുക്കളുടെ വോട്ടായിരിക്കും അവർ ഇതുപോലെ കരസ്ഥമാക്കുക. പ്രത്യേകം ശ്രദ്ധിക്കുക, ഇത് എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്യണം.

സോഷ്യൽ മീഡിയയിൽ കൊഴുക്കുന്ന പ്രചരണം തള്ളിക്കളയുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സോഷ്യൽ മീഡിയാ പ്രചാരണത്തിൽ കാര്യമൊന്നുമില്ല. ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും കോവിഡ് ബാധിച്ചവർക്കും മാത്രമാണ് പോസ്റ്റൽ വോട്ടു സംവിധാനം. സർക്കാരിൽ നിന്നും ഈ റൂൾസ് ഫൈനലൈസ് ചെയ്തു വരുന്നതേയുള്ളൂ- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി സന്തോഷ് എ. സന്തോഷ് മറുനാടനോട് പറഞ്ഞു.