കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നടക്കുന്ന ദിവസം സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും നിർണായക വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നതാണ്. അത് മൂന്ന് വിധത്തിലാണ് ഇന്ന് പുറത്തുവന്നത്. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഇതിൽ ഒന്നായപ്പോൾ മറ്റൊന്ന് സ്വപ്‌ന രഹസ്യ മൊഴിയിൽ വെളിപ്പെടുത്തിയ ഉന്നതന്റെ പേര് പി ശ്രീരാമകൃഷ്ണന്റേത് ആണെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണവുമായിരുന്നു. ഇഡി മറ്റന്നാൾ ചോദ്യം ചെയ്യാനിരിക്കവേ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയതും ജനങ്ങൾക്ക് മുമ്പിൽ എന്തോ ഭരണപാർട്ടി ഒളിക്കുന്നു എന്ന പൊതു വിലയിരുത്തലാണ് ഉണ്ടാക്കിയത്.

സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ വ്യാപ്തി വളരെ വലുതാണ് താനും. ജയിലിൽ വെച്ചു തന്നെ കൊലപ്പെടുത്താൻ ശ്രമമുണ്ടെന്ന വെളിപ്പെടുത്തൽ നിസ്സാരമായല്ല സിപിഎം കാണുന്നത്. ഇത് പൊതുസമൂഹത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. നേരത്തെ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നപ്പോൾ അത് സിപിഎം വലിയ തോതിൽ ആഘോഷിച്ചിരുന്നു. എന്നാൽ, അതേ സ്വപ്‌ന തന്നെ ഇപ്പോൾ തന്നെ വധിക്കാൻ ഉന്നതർ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചപ്പോൾ സിപിഎം കേന്ദ്രങ്ങൾ ആശങ്കയിലാകുകയും ചെയ്തു.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ബിജെപി ലക്ഷ്യമിടുന്നതും സർക്കാറിന് ക്ഷീണമായിട്ടുണ്ട്. പൊതുസമൂഹത്തിൽ ക്ലീൻ ഇമേജുണ്ടായിരുന്നു ശ്രീരാമകൃഷ്ണനെതിരെ ആരോപണം പാർട്ടി പ്രവർത്തകർക്കിടയിൽ അടക്കം ആശ്ചര്യത്തിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പാണ്. ഇത് മറ്റ് രണ്ട് ഘട്ടത്തിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും വിധത്തിലാകുമോ എന്നാണ് സിപിഎമ്മിനുള്ള ആശങ്ക. സ്വപ്ന കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്തേണ്ട ഘട്ടത്തിലേക്കും കാര്യങ്ങൾ നീങ്ങുന്നുണ്ട്.

സ്വപ്ന സുരേഷിനു സുരക്ഷയൊരുക്കാൻ ജയിൽ വകുപ്പിനോടു നിർദേശിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടൈ ഇഡി കേസിൽ പിടിമുറുക്കുകയാണ് എന്ന വിലയിരുത്തലുമുണ്ട്. ജയിൽ ഡിജിപിക്കും ജയിൽ സുപ്രണ്ടിനുമാണ് കോടതി നിർദ്ദേശം നൽകിയത്. ഡോളർ കടത്ത് കേസിൽ ഇവർ ആവശ്യപ്പെട്ട പ്രകാരം നാലു ദിവസമായി തുടരുന്ന രഹസ്യമൊഴി രേഖപ്പെടുത്തലിനിടെയാണു ചൊവ്വാഴ്ച കോടതിയിൽ പ്രത്യേക അപേക്ഷയുമായി എത്തിയത്. നാലു പേർ ജയിലിൽ വന്നു കണ്ടതായും ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും അന്വേഷണ സംഘത്തോടു സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായാണു സ്വപ്ന കോടതിയൽ അറിയിച്ചിരിക്കുന്നത്. സ്വപ്‌നയുടെ ഈ നീക്കത്തിന് പിന്നിൽ ഇഡിയുടെ കരങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

പൊലീസ് ഉദ്യോഗസ്ഥരോ ജയിൽ ഉദ്യോഗസ്ഥരോ എന്നു സംശയിക്കുന്ന ചിലരാണു വന്നു കണ്ടത്. കഴിഞ്ഞ മാസം 25ന് ജയിലിൽ എത്തി പലതവണ ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണു ഭീഷണിപ്പെടുത്തിയത് എന്നും ഇവർ കോടതിയോടു പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര ജയിലിലേയ്ക്കു പോകേണ്ട സാഹചര്യത്തിലാണു ജീവനു ഭീഷണിയെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വപ്നയുടെ മൊഴി വായിച്ച്, അത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികളുടെ ജീവനു ഭീഷണിയുണ്ടാകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സ്വപ്ന തന്നെ ഭീഷണിയുണ്ടെന്ന കാര്യം ഹർജിയായി കോടതിയിൽ അറിയിച്ചത്.

മാത്രമല്ല, സ്വപ്നയുടേത് എന്ന പേരിൽ പുറത്തുവന്ന മൊഴിയിലുള്ള കാര്യങ്ങൾക്കു വിരുദ്ധമായ കാര്യങ്ങളാണ് ഈ ഹർജിയിലുള്ളത്. ഉന്നതരുടെ പേരുകൾ പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്നായിരുന്നു അന്നു മൊഴിയിലുണ്ടായിരുന്നത്. ഇതു തന്റെ ശബ്ദമാണെന്നും എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് അറിയില്ലെന്നുമായിരുന്നു സ്വപ്ന ഇതേപ്പറ്റി വിശദീകരിച്ചിരുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് ഉന്നതന്റെ വിവരങ്ങൾ പുറത്തു വരുമ്പോഴാണു സ്വപ്നയുടെ ഹർജി എന്നതും പ്രധാനമാണ്.

പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹം ഇരുപതിലേറെ തവണ ഔദ്യോഗിക, അനൗദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തി എന്നാണു റിപ്പോർട്ടുകൾ. ഇദ്ദേഹം യുഎഇയിലേയ്ക്കു നാലു വർഷത്തിനിടെ 14 തവണ യാത്ര ചെയ്‌തെന്നും ഇതിൽ നാലു യാത്രകളിൽ സ്വപ്ന കൂടെയുണ്ടായിരുന്നെന്നും വാർത്തകളുണ്ട്. ഇത് ഏറ്റുപിടിച്ചു പ്രതിപക്ഷവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം, ശബ്ദസന്ദേശം പുറത്തുവന്നത് അന്വേഷിക്കാൻ പ്രത്യേക പരാതി സമർപ്പിക്കാനും കോടതി സ്വപ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട. തന്റെ അറിവില്ലാത്ത ചില കാര്യങ്ങൾ ഓഡിയോ ക്ലിപ്പായി പുറത്തുവന്നുയെന്നാണ് സ്വപ്ന പറഞ്ഞത്. ഇതിനിടെ മാധ്യമങ്ങൾ വാർത്തകൾ നൽകുന്ന തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇത്തരമൊരു ആവശ്യം സ്വപ്‌ന പിന്നോട്ടു വെച്ചത് ഇഡിയുടെ താൽപ്പര്യം നിഴലിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ അന്വേഷണ സംഘം നിർബന്ധിച്ചുവെന്ന് ആരോപിച്ച് പുറത്തുവന്ന ശബ്ദം തന്റേത് തന്നെയാണെന്ന് സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ സ്ഥിരീകരിക്കുകയും ചെയത്ിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയുമാണ്. അതേസമയം ഇഡിയുടെ നീക്കം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാകുമെന്ന് സിപിഎം കണക്കു കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ മുൻകരുതൽ നടപടിയുമായാണ് പാർട്ടി നീങ്ങുന്നത്.