തിരുവനന്തപുരം: മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരി ബംഗളൂരുവിൽ അറസ്റ്റിലായിരിക്കെ ശക്തമായ നടപടികളുമായി ഇഡി സംഘം നീങ്ങുന്നു. ബിനീഷിനു ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തും. ഈ സ്ഥാപനങ്ങളിലെ കണക്കുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പിന് കേന്ദ്രത്തിന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആദായനികുതി സംഘം ബിനീഷുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും പരിശോധിക്കുന്നുണ്ട്.

മരുതംകുഴിയിലെ ബിനീഷിന്റെ വീട്, ബിനീഷിന്റെ ബിനാമിയായ കാർപാലസ് അബ്ദുൽ ലത്തീഫിന്റെ കാർ പാലസ്, യുഎഫ്എക്‌സ് സോല്യുഷൻസ്, ഫർണ്ണിച്ചർ ഷോപ്പ്, ബിനീഷിനു പങ്കാളിത്തമുള്ള പാരഗൺ ഹോട്ടൽ എന്നിവയിലെല്ലാം ഇഡി സംഘം പരിശോധന നടത്തുമെന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിനീഷ് കോടിയേരിയും താമസിച്ച മരുതംകുഴിയിലെ വീട്ടിൽ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.

വീട്ടിൽ നിലവിൽ ആൾ താമസമില്ല. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയിട്ടുണ്ട്. വീട് നിലവിൽ അടഞ്ഞു കിടക്കുകയാണ്. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ നിന്ന് വിലപ്പെട്ട രേഖകൾ എല്ലാം മുൻപ് തന്നെ കടത്തി എന്ന രഹസ്യവിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. കാലിയായ വീട് തന്നെയായിരിക്കും തങ്ങളെ കാത്തിരിക്കുക എന്ന നിഗമനത്തിലാണ് ഇഡി ഉദ്യോഗസ്ഥർ.

കേരളാ പൊലീസിനെ ഒഴിവാക്കി സിആർപിഎഫ് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയാണ് ഇഡി എത്തിയത്. ഒപ്പം കർണാടക പൊലീസുമുണ്ട്. കേരളാ പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചോ എന്ന കാര്യത്തിൽ വ്യക്തകൾ ഇല്ല. വീട്ടിൽ ആരുമില്ലാത്തതു കൊണ്ട് തന്നെ എവിടേയ്ക്ക് മാറ്റിയോ എന്നും ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. ബിനീഷിനു ബന്ധമുള്ള വീടുകൾ ആരുടെതൊക്കെ എന്ന കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്.

ബംഗളൂർ ഇഡിയുടെ കേരളത്തിലേക്കുള്ള പരിശോധനയ്ക്ക് പ്രധാന കാര്യം കാർ പാലസ് അബ്ദുൽ ലത്തീഫ് ആണെന്ന് സൂചനയുണ്ട്. ലത്തീഫിന്റെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുക. മുൻകൂർ ജാമ്യം തടയുക എന്നൊക്കെയുള്ള ലക്ഷ്യം ഇഡിക്ക് ഉണ്ടെന്നു ബംഗളൂരുവിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ലത്തീഫിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതാണ് ഇഡിയുടെ പതിവ് രീതി. അതുകൊണ്ട് തന്നെ സിപിഎം കേന്ദ്രങ്ങൾ അബ്ദുൽ ലത്തീഫിന്റെ അറസ്റ്റ് ഭയക്കുന്നുണ്ട്.

അബ്ദുൽ ലത്തീഫ് അറസ്റ്റിലായാൽ അത് ബിനീഷിനു കൂടുതൽ കുരുക്ക് ആകും എന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ബംഗളൂരുവിലെ ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിൽ കാർ പാലസ് അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമി എന്നാണ് ഇഡി രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഇഡിയുടെ വരവിൽ അബ്ദുൽ ലത്തിഫിന്റെ അറസ്റ്റ് മണക്കുന്നത്.