കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനിലൂടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെയാണ്. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ നിന്നും ഒളിച്ചു കളിക്കുന്ന സിഎം രവീന്ദ്രനെ കുരുക്കാൻ തന്നെയാണ് ഇഡിയുടെ തുടർന്നുള്ള നീക്കങ്ങൾ. രണ്ടാഴ്‌ച്ചത്തെ സമയം ചോദിച്ച രവീന്ദ്രന് തൽക്കാലം ആ സമയം അനുവദിച്ചു കൊടുക്കാനാണ് ഇഡി ഒരുങ്ങുന്നത്. എന്നാൽ, ഈ സമയം രവീന്ദ്രന്റെ ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇഡി ശേഖരിക്കുന്നു.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ പൂർണ ആരോഗ്യം കൈവരിച്ച ശേഷം ചോദ്യം ചെയ്യാമെന്ന നിലപാടിലേക്ക് ഇഡി മാറിയതിന് പിന്നിലും വിവരം കൂടുതൽ ശേഖരിക്കാം എന്ന ഉദ്ദേശ്യമാണ്. പ്രതികളുടെയും സാക്ഷികളുടെയും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തെളിവുശേഖരണവും രഹസ്യാന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. രവീന്ദ്രന്റെ ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 6, 27, ഈമാസം 10 എന്നീ തീയതികളിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയിരുന്നു. കോവിഡ് ബാധയും അനുബന്ധ അസ്വസ്ഥതകളും ചൂണ്ടിക്കാട്ടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച രവീന്ദ്രൻ 3 തവണയും ഹാജരായില്ല. രോഗാവസ്ഥയിൽ രവീന്ദ്രന്റെ മൊഴിയെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിനെതിരെ സമയബന്ധിതമായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനു ശേഷം ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ പ്രതി ചേർക്കേണ്ടിവന്നാൽ അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രൻ കേസിലെ സാക്ഷിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സി.എം.രവീന്ദ്രനെ എന്നു ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ഇന്നും ചേരും. രവീന്ദ്രനു സ്‌പോണ്ടിലോസിസ് ഉണ്ട്. കോവിഡ് അനന്തര ഫലമായാകാം ഇതിന്റെ വേദന വർധിച്ചത്. ശസ്ത്രക്രിയ ഒഴിവാക്കി മരുന്നും ഫിസിയോതെറപ്പിയും കൊണ്ട് ഈ പ്രശ്‌നത്തിനു ശമനമുണ്ടാക്കാമെന്നാണു വിലയിരുത്തൽ. ന്യൂറോ പ്രശ്‌നങ്ങളും വിശദമായി പരിശോധിക്കും. ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടുള്ള രവീന്ദ്രന്റെ കത്തിനൊപ്പം ഹാജരാക്കാൻ ആശുപത്രിയിൽ നിന്നു പ്രത്യേക സർട്ടിഫിക്കറ്റ് ഒന്നും നൽകിയിട്ടില്ലെന്നു സൂപ്രണ്ട് എം.എസ്. ഷർമദ് പറഞ്ഞു.

സിഎം രവീന്ദ്രനെ അറസ്റ്റു ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ മാറിയാൽ മുഖ്യമന്ത്രിയും രാജിവെക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അതുകൊണ്ടു കൂടിയാണ് അദ്ദേഹം ചോദ്യം ചെയ്യലിൻ നിന്നും മാറി നിൽക്കുന്നത്. അതേസമയം രവീന്ദ്രൻ ഓരോ തവണയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം. രോഗ കാരണങ്ങൾ പറഞ്ഞ് സ്ഥിരമായി ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്ന രവീന്ദ്രന്റെ ആരോഗ്യം എയിംസ് ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിക്കണം.

ജയിലിലെ വധഭീഷണിയെപ്പറ്റിയുള്ള സ്വപ്നയുടെ മൊഴിയും, സി എം രവീന്ദ്രന്റെ ദുരൂഹമായ പ്രവർത്തനങ്ങളും ചേർത്തു വായിക്കുമ്പോൾ സ്വർണക്കടത്ത് കേസ് ആട്ടിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും വ്യക്തമാകുന്നു. സ്വന്തം മന്ത്രിസഭയിലെ ആളുകളെക്കുറിച്ചടക്കം ഗുരുതരമായ ആരോപണമുയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാകാത്തത് ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.