കൊച്ചി: പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നതാണ് കുറച്ചു കാലങ്ങളായി പിണറായി സർക്കാറിന്റെ നിലപാട്. ജനങ്ങളുടെ കൈയിൽ പൊടിയിടാൻ പുറമേ പറയുന്ന കാര്യമായിരിക്കില്ല മന്ത്രിസഭാ യോഗത്തിൽ അടക്കം കൈക്കൊള്ളുന്നത്. ഇത്തരം ഇരട്ടത്താപ്പുകളുടെ ഒടുവിലത്തെ എപ്പിസോഡാണ് ഇപ്പോൾ പുറത്തുവരുന്നത്. വനം മേഖയിൽ ഒരു കിലോമീറ്റർപരിധി പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാർ തീരുമാനം പോലെ സമാനമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററായി നിർണയിച്ച സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ പോവുമെന്നു പറയുന്ന അതേ സർക്കാർ, രണ്ടുവർഷം മുൻപ് പരിധി ഒരു കിലോമീറ്ററായി നിർണയിച്ചതിന്റെ സുപ്രധാന രേഖകളാണ് പുറത്തുവന്നത്. രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോല മേഖല ആകാം എന്നാണ്. ഇത് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇത് അറിയില്ലെന്ന വിധത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. ഇത് സർക്കാറിന്റെ ചതി വ്യക്തമാക്കുന്നതാണ്.

ഒന്നാം പിണറായി വിജയൻ സർക്കാർ, 2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് ആവർത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ തീരുമാനം മറച്ചുവച്ചാണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരെ അപ്പീൽ പോകാൻ സർക്കാർ ഒരുങ്ങുന്നത്.

മലയോര മേഖലയിലെ ജനങ്ങൾക്കുണ്ടായ ആശങ്കകളിൽ ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് കർഷകരുടെ ചോദ്യം. നിയമസഭയിൽ പ്രത്യേക ബിൽ പാസാക്കി മാത്രമേ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കഴിയൂ. പരിസ്ഥിതിലോല മേഖല ഉത്തരവിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും എംപവേർഡ് കമ്മിറ്റിയുടെയും ക്ലിയറൻസ് വാങ്ങി മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന സർക്കാർ വാദത്തിനും മന്ത്രിസഭായോഗ തീരുമാനം തടസ്സമാകും.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെക്കുറിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈയാഴ്ച തന്നെ അഡ്വക്കറ്റ് ജനറലിനെ കണ്ടാകും നിയമോപഗദേശം നേടുക. തുടർന്ന് സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസലുമായി ചർച്ച നടത്തും. രണ്ട് വർഷം മുമ്പ് ഇക്കാര്യത്തിൽ സർക്കാറിന് ദ്വീർഘവീക്ഷണം ഉണ്ടായില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സംരക്ഷിതവനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ ഏറ്റവും അധികം ബാധിക്കുന്ന ജില്ല വയനാടാണ്. ബത്തേരി നഗരവും പുൽപ്പള്ളി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളും പൂർണമായും നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സംരക്ഷിതവനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. വയനാട് വന്യജീവി സങ്കേതത്തിന് സമീപം ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളെ ഇന്ന് ഈ മനുഷ്യനിൽ കാണാം. വയനാടിനൊപ്പം, ആറളം, മലബാർ വന്യജീവി സങ്കേതങ്ങളുടെ ഭാഗമായ പ്രദേശങ്ങളും നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. കർഷകരും ആദിവാസികളും അടക്കം സാധാരണക്കാരാണ് ഭൂരിഭാഗവും താമസക്കാർ.

ബത്തേരി നഗരം ഉൾപ്പടെ നഗരസഭയുടെ 60 ശതമാനം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെടും. സിവിൽ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ഡിപ്പോയും വനാതിർത്തിയിലാണ്. വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. കാടും മനുഷ്യനും ഇടകലർന്ന മണ്ണാണ് വയനാട്. പരിസ്ഥിതിക്കൊപ്പം ജനജീവിതവും പരിഗണിക്കണമെന്നാണ് ഈ നാടിന്റെ ആവശ്യം.