കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കൊടുവള്ളി മുൻഎംഎൽഎ കാരാട്ട് റസാഖ് ഐഎൻഎൽ പ്രവേശനത്തിനൊരുങ്ങുന്നതായി സൂചന. സ്വർണകടത്തിലെ കൊടുവള്ളി ഗ്യാങ് ബന്ധം ചർച്ചയായതോടെ സിപിഎം കൈവിട്ടത് മൂലമാണ് സിപിഎം സഹയാത്രികനായ റസാഖ് ഐ.എൻഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കൊടുവള്ളിയിലെ തന്റെ തോൽവിക്ക് പിന്നിൽ വൻ ഗൂഢാലോചനകൾ നടന്നുവെന്നാണ് കാരാട്ട് റസാഖ് ആരോപിക്കുന്നത്. അപ്രതീക്ഷിതമായ അടിയൊഴുക്കുകൾ സ്വന്തം പാളയത്തിൽ നിന്നും ഉണ്ടായി. ഇക്കാര്യം സിപിഎമ്മിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഐഎൻഎൽ പ്രവേശനത്തിനൊരുങ്ങുന്നത്.

മന്ത്രി അഹമ്മദ് ദേവർകോവിലും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ സിപിഎമ്മിന്റെ അനുമതിയില്ലാതെ ഒരു പാർട്ടിയിലേക്കും കടന്നു ചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചതായും റസാഖ് പറഞ്ഞു.

സിപിഎം സ്വതന്ത്രനായാണ് 2016 ൽ കാരാട്ട് റസാഖ് കൊടുവള്ളിയിൽ നിന്നും ജയിച്ചു കയറിയത്. മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016 ലാണ് ഇടതുപക്ഷത്തിനൊപ്പം ചേരുന്നത്. 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പിലും കൊടുവള്ളിയിൽ നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു. സുരക്ഷിത സീറ്റ് എന്ന് കരുതിയിരുന്ന കൊടുവള്ളി കൈവിട്ടുപോയത് അപ്രതീക്ഷിതമായിരുന്നു. എന്നാൽ മലപ്പുറം- കോഴിക്കോട് ജില്ലകളിലെ ചില പ്രമുഖർ കൂടി അറിഞ്ഞായിരുന്നു ഈ ചരടുവലിയെന്ന് റസാഖ് സംശയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഐഎൻഎല്ലിലേയ്ക്ക് ചുവടുമാറ്റാൻ അദ്ദേഹം തയ്യാറാകുന്നത്.

നേരത്തെ മുസ്ലിം ലീഗ് അനുകൂല ഫേസ്‌ബുക്ക് പോസ്റ്റുമായി കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. ലീഗ് തളരാതെ നിൽക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

'മുസ്ലിം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാനും തളർത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ്, മുസ്ലിം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്' എന്നാണ് റസാഖ് ഫേസ്‌ബുക്കിൽ എഴുതിയത്.