സന്നിധാനം: കനകദുർഗ്ഗയേയും ബിന്ദുവിനേയും പൊലീസ് സന്നിധാനത്ത് എത്തിച്ചത് ആംബുലൻസിൽ. വനംവകുപ്പിനും ദേവസം ബോർഡിനും മാത്രമാണ് ശബരിമലയിൽ ആംബുലൻസ് ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. ഇതിൽ ഒന്നാണ് പൊലീസ് ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചത്. യുവതികളുമായി പൊലീസ് സംഘം പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തിയതും തിരിച്ചു പോയതും ആംബുലൻസിലാണ്. മടക്കയാത്രയിൽ പരിക്കേറ്റ പൊലീസുകാരനുമായി പോവുകയാണെന്ന ധാരണ പരത്തിയാണ് യുവതികളുമായി പൊലീസിന്റെ പ്രത്യേക സംഘം സന്നിധാനം വിട്ടത്. ശബരിമലയിലുണ്ടായിരുന്ന പൊലീസുകാർക്കൊന്നും ഇതേ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. യുവതി പ്രവേശന വാർത്തകൾ പുറത്തു വന്ന ശേഷമാണ് പെർഫെക്ട് ഓപ്പറേഷനെ കുറിച്ച് പൊലീസും തിരിച്ചറിഞ്ഞത്.

പമ്പയിലെത്തിയ തങ്ങളെ പൊലീസ് സന്നിധാനത്ത് എത്തിച്ചെന്നും വഴിയിൽ ഭക്തർ തടഞ്ഞില്ലെന്നുമാണ് കനകദുർഗയും ബിന്ദുവും പറഞ്ഞിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും കളവാണെന്ന് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. കോട്ടയം എസ് പി ഹരിശങ്കർ നേരിട്ട നടത്തിയ ഓപ്പറേഷന് അതിവിശ്വസ്തരായ പൊലീസുകാരാണ് നേതൃത്വം നൽകിയത്. രണ്ട് യുവതികളും അഞ്ചു പേരുമാണ് അംബുലൻസിൽ സന്നിധാനത്ത് എത്തിയത്. സന്നിധാനം സർക്കാർ ആശുപത്രിക്ക് മുമ്പിൽ എത്തിയ സംഘം ആയുർവേദ ആശുപത്രിക്ക് സമീപത്തോടെയുള്ള വഴിയിലൂടെയാണ് പോയത്. ഇവർ എത്തിച്ചേർന്നത് ദേവസം ജീവനക്കാരുടെ താമസ സ്ഥലമുള്ളിടത്തേക്കും. അവിടെ നിന്ന് ധനലക്ഷ്മി ബാങ്കിന് മുന്നിലൂടെ ഇവർ അയ്യപ്പസേവാസംഘത്തിന്റെ ഓഫീസിന് മുന്നിലെത്തി. അവിടെ നിന്നാണ് ശബരിമലയിലേക്കുള്ള സ്റ്റാഫ് ഗേറ്റിന് സമീപമെത്തിയത്.

കനകദുർഗയ്ക്കും ബിന്ദുവിനുമൊപ്പം അഞ്ച് പേരാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ ധരിച്ചിരുന്നത് ട്രാക് സ്യൂട്ടും ബനിയനുമായിരുന്നു. ബാക്കിയെല്ലാവരും കൈലിയും ബനിയനും. എല്ലാവരും ഭക്തരെ പോലെ കറുത്ത വേഷവും ധരിച്ചിരുന്നു. കറുത്ത വേഷവും അണിഞ്ഞ അഞ്ച് പുരുഷന്മാരും യുവതികളുമായി സ്റ്റാഫ് ഗേറ്റിന് അടുത്ത് എത്തി. ഇവിടെയുണ്ടായിരുന്ന ദേവസ്വം ഗാർഡ് ഇവരെ തടഞ്ഞു. അപ്പോൾ പൊലീസുകാരണെന്നും കൂടെയുള്ളവർ പൊലീസിന്റെ ഗസ്റ്റാണെന്നും വിശദീകരിച്ചു. അവിടം മുതൽ ഈ കൂട്ടത്തിലെ ഒരാൾ എല്ലാം മൊബൈലിൽ ഷൂട്ട് ചെയ്തു. എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് മുന്നിലൂടെ കൊടിമരത്തിന് സമീപത്തിലൂടെ സോപാനത്തേക്ക്. അവിടെ നിമിഷ നേരം മാത്രമാണ് യുവതികൾ നിലയുറപ്പിച്ചത്. ഇവിടെ മൊബൈൽ ഫോൺ ഷൂട്ടിന് അനുമതിയില്ലാത്തതാണ്. അതും കൂട്ടത്തിലുള്ളവർ ചെയ്തു. ഇങ്ങനെ ഷൂട്ട് ചെയ്തത് പൊലീസുകാരൻ തന്നെയാണെന്നാണ് സൂചന.

അയ്യപ്പനെ യുവതികൾ കണ്ട് വണങ്ങിയില്ല. പകരം അവിടെ നിന്ന് പുറത്തേക്കിറങ്ങി അതിവേഗം ഗണപതിയുടെ ഉപപ്രതിഷ്ഠയുടെ സൈഡിലെത്തി. അതിന് ശേഷം ദൗത്യം പൂർത്തിയാക്കി അരവണ പ്ലാന്റിന് സൈഡിലൂടെ വീണ്ടും ദേവസ്വം ജീവനക്കാരുടെ താമസസ്ഥലത്തേക്ക്. അവിടെ നിന്ന് പഴയ വഴിയേ വീണ്ടും ആശുപത്രിക്ക് മുമ്പിൽ. അതിന് ശേഷം ആംബുലൻസിൽ വീണ്ടും പമ്പയിലേക്ക്. ഇതിനിടെ ആംബുലൻസിൽ പോകുന്നത് ആരാണെന്ന ചോദ്യവുമായി ചില പൊലീസുകാർ തന്നെ എത്തി. കാട്ടുപന്നിയുടെ കുത്തേറ്റ പൊലീസുകാരനെ കൊണ്ടു പോവുകയാണെന്ന് പറഞ്ഞ് ആംബുലൻസ് പമ്പയിലേക്ക്. അങ്ങനെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള വഴിയിൽ യുവതികളെ കാത്തിരുന്ന ആർ എസ് എസുകാരെ കബളിപ്പിച്ച് യുവതികൾ സുരക്ഷിതമായി സന്നിധാനത്തെത്തി പമ്പയിൽ തിരിച്ചെത്തി. ഇതിന് ശേഷം പൊലീസ് ഇവരെ നിലയ്ക്കലും കടത്തി. അതിന് ശേഷമാണ് യുവതി പ്രവേശന വാർത്ത പുറത്തുവന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ഇതൊന്നും അറിവില്ലായിരുന്നു. പമ്പയിലെ പൊലീസ് സുപ്രണ്ടും ഒന്നും അറിഞ്ഞില്ല. ശബരിമലയിലെ ഉദ്യോഗസ്ഥരും ഇതൊന്നും അറിയാതെ കിടന്നുറങ്ങി. ആംബുലൻസ് ഉപയോഗിച്ച് യുവതികളെ എത്തിക്കാനുള്ള തന്ത്രം ഒരുക്കിയത് എസ് പിയായ ഹരിശങ്കറായിരുന്നുവെന്നാണ് സൂചന. വളരെ ഭംഗിയായി എല്ലാം നിർവ്വഹിക്കുകയും ചെയ്തു. നിലയ്ക്കലിൽ നിന്നും യുവതികളെ പമ്പയിൽ എത്തിച്ചതും ആംബുലൻസിലാണെന്നും സൂചനയുണ്ട്. കൃത്യമായി തയ്യാറാക്കിയ പ്ലാനാണ് ശബരിമലയിൽ നടപ്പാക്കിയത്. മനിതികളെ വിശ്വാസികളെ തിരിച്ചോടിച്ച സംഭവത്തിന് ശേഷമാണ് പൊലീസ് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുത്തത്. പൊലീസിലെ സിപിഎമ്മിന്റെ അതിവിശ്വസ്തരെ തന്നെ നിയോഗിക്കുകയും ചെയ്തു.

യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട പിന്നീട് തുറന്നു. ശുദ്ധിക്രിയകൾ പൂർത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്. സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പുലർച്ചെയോടെ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതായി വ്യക്തമായതിനെ തുടർന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിർത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേൽശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാൻ തീരുമാനിച്ചത്. തന്ത്രിയുടെ നിർദ്ദേശ പ്രകാരം മേൽശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

സ്ത്രീവേഷത്തിൽ തന്നെയാണ് ശബരിമല ദർശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദർശനം നടത്തിയ ബിന്ദു പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ശരിയല്ലൊണ് മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പൊലീസ് സംരക്ഷണം നൽകിയെന്നും ബിന്ദു പറഞ്ഞതും കളവാണ്. 'പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. നിലയ്ക്കലെത്തിയാൽ പൊകാമെന്ന് മുന്നേ സർക്കാർ വാക്ക് നൽകിയിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. അവർ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. പൊലീസ് പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയതെന്നും ബിന്ദു പറഞ്ഞിരുന്നു.

നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമല ദർശനം നടത്തിയേ മടങ്ങൂവെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആംബുലൻസിൽ പൊലീസ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. പുലർച്ചെ 3.30ഓടെയാണ് യുവതികൾ ദർശനം നടത്തിയത്. സ്ത്രീകൾ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി പ്രവേശനം പുറം ലോകം അറിഞ്ഞത്.