കൊച്ചി: കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചു വരുത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഇരുവരും ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും ബന്ധുക്കൾ നിർബന്ധിപ്പിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയതെന്നും യുവതി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതോടെ ഹൈക്കോടതി പരാതി വ്യാജമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്ന് യുവതിക്കെതിരെ കേസെടുക്കാനും പൊലീസിന് നിർദ്ദേശം നൽകി. വ്യാജപരാതി നൽകിയ യുവതിയുടെ നടപടി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കുളത്തൂപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ മുൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെതിരെയായിരുന്നു കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതി. മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ കോവിഡില്ലന്ന് സ്ഥിരീകരിച്ചു. ഈ സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാനാവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തി.

രണ്ടാം നിലയിലുള്ള വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയിൽ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകിൽ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. വായിലെ തോർത്ത് മാറ്റിയശേഷം, ക്വാറന്റൈൻ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലാം തീയതി രാവിലെ 8.30വരെ ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. വെള്ളറട പൊലീസിനായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. പിന്നീട് സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയിൽ സെപ്റ്റംബർ ഏഴിനായിരുന്നു പ്രദീപിനെ അറസ്റ്റ് ചെയ്തത്. രണ്ടു തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കലും ലഭിച്ചില്ല. 77 ദിവസത്തോളം റിമാന്റിൽ കഴിയുകയായിരുന്ന പ്രദീപ് കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി സത്യവാങ്മൂലം സമർപ്പിച്ചത്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതതോടെയാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും മുൻ മൊഴിയിൽ നിന്നും പിന്മാറിയതിനെ കുറിച്ചും വിശദമായി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

യുവതിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും സസ്പെൻഷനിലായിരുന്ന പ്രദീപിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പ്രദീപിനെ സസ്പെൻഡ് ചെയ്തത്. തുടർനടപടിയുടെ ഭാഗമായാണ് പിരിച്ചുവിട്ടത്.

പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്നു. ഇതിനിടയിൽ ഇരുവരും പരിചത്തിലാവുകയും പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിവക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിൽ ഇരുവരും തുടർച്ചയായി ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. ബന്ധുക്കൾ വിവരം അറിഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പരാതി നൽകുകയായിരുന്നു.