ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുഹൃത്തായ അദാനിയോടുള്ള അടുപ്പത്തിന് ബിജെപി നൽകേണ്ടി വരുന്നത് വലിയ വിലയാണ്. കർഷകബില്ലിൽ മാറ്റം വരുത്താതെ കടുംപിടുത്തം പിടിക്കുന്നത് അദാനിക്ക് വേണ്ടിയാണെന്നാണ് കർഷകരുടെ ആക്ഷേപം. അതേസമയം വിഷയം കൈകാര്യം ചെയ്ത രീതി കൊണ്ട് ആഗോള തലത്തിൽ പോലും കർഷക സമരത്തിന് ശക്തിയാർജ്ജിച്ചു. നിരവധി സെലബ്രിറ്റികളുടെ പിന്തുണ ഇപ്പോഴും കർഷക സമരത്തിന് പ്രവഹിക്കുകയാണ്. പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപിയെ കടുത്ത പ്രതിരോധത്തിലാണ് സമരം തള്ളിവിട്ടിരിക്കുന്നത്.

പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രമുള്ളപ്പോൾ, കർഷക സമരം ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറുപ്പാണ്. ഇവിടെ കർഷക രോഷം ഭയന്ന് ബിജെപിയിൽ നിന്നും നേതാക്കൽ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കയാണ്. നേതാക്കളുടെ കൊഴിഞ്ഞുപോക്കാണു പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. ജനുവരിയിൽമാത്രം പ്രമുഖ സിഖ് നേതാവ് മൽവിന്ദർ സിങ് കാങ് ഉൾപ്പെടെ ഇരുപതിലേറെ നേതാക്കൾ പാർട്ടി വിട്ടു. സമരക്കാരെ പേടിച്ചു വാഹനങ്ങളിൽനിന്നു പാർട്ടി പതാക മാറ്റിയാണു പുറത്തിറങ്ങുന്നതെന്നു മുതിർന്ന ബിജെപി നേതാക്കൾ പറയുന്നു.

'അവർ ഞങ്ങളെ പിന്തുടരുകയാണ്' എന്നാണു സമരക്കാരെ കുറിച്ചു ജലന്ധറിലെ മുതിർന്ന ബിജെപി നേതാവ് രമേഷ് ശർമ പറയുന്നത്. 2015ൽ അകാലിദളുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ അവരേക്കാൾ മികച്ച പ്രകടനമാണു ബിജെപി പുറത്തെടുത്തത്. ഇപ്പോഴാകട്ടെ, മൂന്നിൽരണ്ട് സീറ്റുകളിലും സ്ഥാനാർത്ഥികളെ കണ്ടെത്താനോ ബാക്കിയുള്ളിടത്ത് പ്രചാരണം നടത്താനോ ആകാത്ത സ്ഥിതിയാണ്. പ്രചരണത്തിനായി പുറത്തിറങ്ങിയാൽ ബിജെപിക്കാരെ കർഷകർ അടിച്ചോടിക്കുന്ന അവസ്ഥയാണുള്ളത്. ജനുവരി 26ലെ ആക്രമണങ്ങൾ വിശദീകരിച്ചു സംസ്ഥാനത്തുടനീളം യാത്രകൾ നടത്താൻ ആലോചിച്ചിരുന്നതും അനിശ്ചിതത്വത്തിലായി.

ബിജെപി നേതാക്കളുടെ വീടിനു മുന്നിൽ കർഷകർ പ്രതിഷേധം സംഘടിപ്പിക്കുന്നതും വലിയ തലവേദനയാണ്. ഫെബ്രുവരി 14ന് 8 മുനിസിപ്പൽ കോർപറേഷനിലെയും 109 മുനിസിപ്പൽ കൗൺസിലിലെയും 2302 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ രോഷം പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ കർഷകർ കാണുമെന്നാണു നേതാക്കളുടെ ഭയം.

ഏറെക്കാലം സഖ്യത്തിലായിരുന്ന അകാലിദൾ കാർഷിക നിയമങ്ങളെച്ചൊല്ലി ബന്ധം പിരിഞ്ഞതും ബിജെപിക്കു ക്ഷീണമാണ്. പ്രതിഷേധം ആളിക്കത്തിക്കുന്നതിൽ അകാലിദളിനും പങ്കുണ്ട്. ഭൂരിഭാഗംപേരും സമരത്തിനായി ഡൽഹി അതിർത്തിയിലേക്കു പോയിരിക്കെ, തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങിയ കോൺഗ്രസ് സർക്കാരിനെതിരെയും അമർഷമുണ്ട്. തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താൻപോലും കർഷകർ സമ്മതിക്കുന്നില്ലെന്നാണു ബിജെപിയുടെ വിലാപം. നേട്ടമെടുക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ തെറ്റുമെന്നും നഗരവോട്ടുകൾ പാർട്ടിക്ക് ഉറപ്പാണെന്നും ബിജെപി അവകാശപ്പെടുന്നു.

ഹരിയാനയിലും കർഷകരുടെ രോഷച്ചൂട് അറിയുകയാണു ബിജെപി. സമരത്തിന്റെ ആദ്യനാളുകളിൽ നിയമങ്ങളെ അനുകൂലിച്ചു പൊതുയോഗങ്ങൾ നടത്തിയ ബിജെപിക്ക് പ്രതിഷേധം ശക്തമായതോടെ അതൊന്നും ആലോചിക്കാൻ പോലുമാകുന്നില്ല. സഖ്യകക്ഷിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയുമായ ജെജെപിക്കു നേരെയും പ്രതിഷേധമുണ്ട്. ബിജെപിജെജെപി നേതാക്കളുടെ പൊതുയോഗങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണു കർഷകർ. മാസ്‌ക് ധരിച്ചും അടയാളങ്ങൾ പരമാവധി ഒഴിവാക്കിയുമാണു ബിജെപി നേതാക്കൾ പുറത്തിറങ്ങുന്നതെന്നു ജിന്ത് ജില്ലയിലെ കർഷകൻ രാജ് കുമാർ പറഞ്ഞു.

അതിനിടെ കർഷക പ്രക്ഷോഭത്തിന്റെ 74ാം ദിനത്തിൽ ആറാമത്തെ ആത്മഹത്യ. ഹരിയാനയിലെ ജിൻഡാൽ സ്വദേശി കരംവീർ സിങ്ങാണു(52) തിക്രി അതിർത്തിയിലെ സമരവേദിയിൽ ജീവനൊടുക്കിയത്. തിക്രി അതിർത്തിക്കു 2 കിലോമീറ്റർ അകലെയുള്ള പാർക്കിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കരംവീർ സിങ്ങിനെ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. വിവാദനിയമങ്ങൾ മോദി സർക്കാർ എന്നു പിൻവലിക്കുമെന്ന് അറിയില്ലെന്നും സമരം വിജയം കണ്ട ശേഷമേ നിങ്ങൾ മടങ്ങാവൂ എന്നും എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു പൊലീസ് പറഞ്ഞു.

ഇതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനു പൊലീസുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ച 2 സംഘടനകൾക്കെതിരെ നടപടിയെടുത്തുവെന്നു സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു. ആസാദ് കിസാൻ കമ്മിറ്റി (ധൗബ), ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) എന്നീ സംഘടനകളെ സസ്‌പെൻഡ് ചെയ്തു. ഈ സംഘടനകളുടെ നേതാക്കളായ ഹർപാൽ സാംഘ, സുർജിത് സിങ് ഫുൽ എന്നിവർക്കു യോഗങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കുമുണ്ട്. റാലിക്കിടെ 2 സംഘടനകളുടെയും പ്രവർത്തകർ ഔട്ടർ റിങ് റോഡ് കടന്നു മുന്നോട്ടു പോയിരുന്നു.

എന്തൊക്കെ പ്രതികാര നടപടികളുണ്ടായാലും കർഷക നിയമങ്ങൾ പിൻവലിക്കാതെ ഗ്രാമത്തിലേക്കു മടങ്ങിപ്പോകില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തി രാജ്യവ്യാപക ട്രാക്ടർ പരേഡ് നടത്തും. പിന്തുണ തേടി രാജ്യമൊട്ടാകെ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിലെ മൊറാദാബാദിൽ 12നു മഹാപഞ്ചായത്ത് ചേരും.

അതേസമയം ആഗോള തലത്തിൽ സമരത്തിനുള്ള പിന്തുണയും വർദ്ധിച്ചിട്ടുണ്ട്. കർഷക സമരത്തെ കുറിച്ച് ആവർത്തിച്ച് പോസ്റ്റിട്ട് പിന്തുണ നൽകി നടി മിയ ഖലീഫയും രംഗത്തെത്തി. ആദ്യ പോസ്റ്റിനെ വിമർശിച്ച് ഒരു വിഭാഗം എത്തിയപ്പോൾ അവരെ പരിഹസിച്ച് താൻ കർഷകർക്കൊപ്പമെന്ന് മിയ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ട്വീറ്റ് വന്നിരിക്കുന്നത്.

എഴുത്തുകാരി രൂപി കൗർ ആണ് തനിക്ക് ഇന്ത്യൻ ഭക്ഷണങ്ങൾ എത്തിച്ചു നൽകിയതെന്ന് മിയ പറയുന്നു. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ വിഡിയോ വൈറലായതോടെ സമരം രാജ്യാന്തര തലത്തിൽ സജീവ ചർച്ചയായി. സമരത്തെ പിന്തുണച്ചതിന് പിന്നാലെ താരത്തെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പ്രമുഖർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ് താരം റിയാന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്. റിയാനയ്ക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്, കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസ് എന്നിവരും പിന്തുണച്ചു.

വിഷയത്തിൽ രാജ്യാന്തര താരങ്ങൾ ഇടപെട്ടതിനോടു വിയോജിപ്പു പ്രകടിപ്പിച്ച സച്ചിൻ തെൻഡുൽക്കർ, അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരൺ ജോഹർ, ലത മങ്കേഷ്‌കർ, കൈലാഷ് ഖേർ തുടങ്ങിയവർ കേന്ദ്ര സർക്കാരിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.