ന്യൂഡൽഹി: ഗിൽഗിത് - ബാൾട്ടിസ്താന് പ്രവിശ്യാ പദവി നൽകാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ഇന്ത്യ. ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് പാക് നീക്കം. അതിന്റെ ഭാഗമാണ് പുതിയ ഇടപെടൽ. ഔദ്യോഗികമായി ഇന്ത്യയുടേതും ഇന്തോ-പാക്ക് യുദ്ധാനന്തരം പാക്കിസ്ഥാന്റെ അനധികൃത നിയന്ത്രണത്തിലുള്ളതുമായ ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ. ആസാദ് കാശ്മീർ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഏകദേശം ആറിരട്ടി വലിപ്പമുള്ളതാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രദേശം. ചൈനീസ് ബുദ്ധിയാണ് ഈ പ്രദേശത്തെ തിരുമാനത്തിന് പിന്നിൽ. പാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി അറേബ്യയുടെ നടപടിക്ക് പിന്നാലെയാണ് പാക്കിസ്ഥാന്റെ നീക്കം.

ധ്രുവപ്രദേശങ്ങൾക്ക് വെളിയിലുള്ള ലോകത്തിലെ ഏറ്റവും ദീർഘമായ മൂന്ന് ഹിമാനികൾ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ കാണപ്പെടുന്നു. പ്രധാന ടൂറിസം പ്രവർത്തനങ്ങളിൽ ട്രെക്കിംഗും പർവതാരോഹണവുമാണ്. ഇവ പ്രാധാന്യത്തോടെ വളരുകയും ചെയ്യുന്നു. ഇത്തരമൊരു പ്രദേശത്താണ് പാക്കിസ്ഥാന്റെ ഇടപെടൽ. ഈ സാഹചര്യത്തിൽ 'ഗിൽഗിത് - ബാൾട്ടിസ്താൻ' എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രദേശം പാക്കിസ്ഥാൻ നിയമവിരുദ്ധമായും ബലമായും പിടിച്ചുവെച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

നിയമവിരുദ്ധമായും ബലമായും കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തെ മറച്ചുവെക്കാൻ ഉദ്ദേശിച്ചുള്ളതാണിതെന്നും എന്നാൽ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏഴ് പതിറ്റാണ്ടായി നേരിടുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ, ചൂഷണം, സ്വാതന്ത്ര്യം നിഷേധിക്കൽ എന്നിവ മറയ്ക്കാൻ കഴിയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഗിൽഗിത് - ബാൾട്ടിസ്താൻ താത്കാലിക പ്രവിശ്യാപദവി നടപടി നൽകുന്നതായി പാക്കിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിർത്തിയിൽ സംഘർഷം നിറയ്ക്കാനുള്ള പാക് നീക്കമാണ് ഇതിലും പ്രതിഫലിക്കുന്നത് എന്നാണ് വിലയിരുത്തൽ.

2009 മുതൽ ഭാഗികമായ സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ഇവിടെ ഭരണം നടത്തുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ പ്രദേശത്തിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടും. പാക്കിസ്ഥാന്റെ നയങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദവുമായി ഗിൽഗിത് സമൂഹം രംഗത്ത് വന്നിരുന്നു. ഗിൽഗിത്-ബാൾട്ടിസ്താനേയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന റോഡ് പാക്കിസ്ഥാൻ അടച്ചിരിക്കുന്ന അനധികൃത നടപടിയാണ് പ്രക്ഷോഭകാരികൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നത്. കർദ്ദൂ-കാർഗിൽ റോഡാണ് പാക്സേന ഏകപക്ഷീയമായി അടച്ചുകൊണ്ട് ഗിൽഗിത് സമൂഹത്തെ ഒറ്റപ്പെടുത്തിയതെന്ന് പാക്കിസ്ഥാനിലെ ഗിൽഗിത് ആക്ടിവിസ്റ്റ് അംദാബ് അയൂബ് മിർസ പറഞ്ഞു.

നമ്മൾ വെറുതേ ചരിത്രം വായിക്കുന്നതിന് പകരം അതിന്റെ ഭാഗമാവുകയാണ് വേണ്ടത്. ഗിൽഗിത് ജനത എന്നും ഇന്ത്യയുടെ ലഡാക്കിലൂടെ യാത്രചെയ്തവരാണ്. പാക്കിസ്ഥാൻ കാലങ്ങളായി ആ പാത അടച്ചിട്ട് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര ത്തെയാണ് വെല്ലുവിളിക്കുന്നത്. അതിനാൽ കർദ്ദൂ-കാർഗിൽ റോഡ് തുറന്നുകിട്ടാൻ അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തണമെന്നാണ് മിർസ ആവശ്യപ്പെട്ടിരിക്കുന്നത്. പാക് അധീന കശ്മീരിലെ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വൻ പ്രക്ഷോഭത്തിനു പിന്നാലെ പാക്കിസ്ഥാൻ സർക്കാർ അധിനതയിലുള്ള കശ്മീർ മേഖലയായ ഗിൽഗിത് - ബാൾടിസ്ഥാന് താത്കാലിക പ്രവിശ്യാ നടപടി നൽകുന്നതായി പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ സർക്കാർ രംഗത്തു വന്നത്. ഇന്ത്യയുമായി യാതൊരു കൂടിയാലോചനയുമില്ലാതെയാണ് പ്രശ്‌നബാധിതമേഖലയിലെ പാക്കിസ്ഥാന്റെ രാഷ്ട്രീയ നടപടി. ഇതിനെയാണ് ഇന്ത്യ ചോദ്യം ചെയ്യുന്നത്.

നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ പാക്കിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് ഗിൽഗിത് ബാൾടിസ്ഥാൻ. ഇന്ത്യൻ ഭൂപടത്തിൽ ഇത് ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തി്‌റെ ഭാഗമാണ്. ഇവിടെ തങ്ങൾക്ക് പൂർണമായ അവകാശമുണ്ടെന്നാണ് അന്താരാഷ്ട്ര വേദികളിലടക്കം ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. 2009 മുതൽ ഭാഗികമായ സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ഗിൽഗിത് ബാൾടിസ്ഥാൻ പ്രദേശത്ത് ഭരണം നടത്തുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ പ്രദേശത്തിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടും.

ഗിൽഗിത് ബാൾടിസ്ഥാൻ പ്രദേശത്തിന്റെ നിയന്ത്രണം സംബന്ധിച്ച് പാക്കിസ്ഥാനിലെ കേന്ദ്രസർക്കാരിനെതിരെ പ്രദശത്ത് വൻ പ്രക്ഷോഭമാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. അതേസമയം, ചൈനയും ഇന്ത്യയും തമ്മിൽ ലഡാഖ് മേഖലയിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിൽ പാക് നടപടി വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. നവംബർ മാസത്തിൽ ഇവിടെ തെരഞ്ഞെടുപ്പു നടത്തുമെന്ന പാക് സർക്കാരിന്റെ നീക്കത്തിനെതിരെ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്, സ്റ്റുഡന്റ് ലിബറേഷൻ ഫ്രണ്ട് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വൻ പ്രതിഷേധമായിരുന്നു അറങ്ങേറിയത്. ഗിൽഗിത് ബാൾടിസ്ഥാനെ പ്രവിശ്യയാക്കി പ്രഖ്യാപിക്കാനുള്ള പാക് സർക്കാർ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ പാക്കിസ്ഥാനിലെ മറ്റു പ്രദേശങ്ങളിലുള്ള ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.