കോട്ടയം: വധിച്ചുവരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യംവെച്ചുള്ള 'ഓപ്പറേഷൻ ട്രോജനു'മായി സർക്കാർ മുന്നോട്ടു പോകുമ്പോൾ വീണ്ടും ഗുണ്ടാ വിളയാട്ടം. കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നൈയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാൻ ഗുണ്ടാ സംഘത്തിൽപ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു. അതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. കത്തിക്കുത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാൽ ഷാന്റെ പേരിൽ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

നേരത്തെ ഓപ്പറേഷൻ ട്രോജന്റെ ഭാഗമായി നിരവധി ഗുണ്ടകളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നടപടിയുടെ ഭാഗമായി സമൂഹവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്കെതിരേ പൊലീസ് സ്റ്റേഷനുകൾ തലത്തിൽ പുതുതായി റൗഡി ഹിസ്റ്ററി ഷീറ്റുകളും തയ്യാറാക്കിത്തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഗുണ്ടാ വിളയാട്ടം ഉണ്ടായത്.

സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക പൊലീസ് ആക്ഷൻ ഗ്രൂപ്പ് ജില്ലയിൽ രൂപവത്കരിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി നേതൃൃത്വം കൊടുക്കുന്ന സംഘത്തിൽ പത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും പൊലീസ് സ്റ്റേഷൻ തലത്തിൽ ഒരു എസ്‌ഐ., രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘവുമാണ് ഇതിലുള്ളത്.

അക്രമം, ലഹരിമരുന്ന്, സ്വർണം, ഹവാല തുടങ്ങിയവ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടകളെയും സമൂഹവിരുദ്ധരെയും കണ്ടെത്തുകയാണ് ഇവരുെട ജോലി. ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കും. വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെന്നുകണ്ടാൽ ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കും.