കോട്ടയം: വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽക്കയറി ഗുണ്ടാ സംഘത്തിന്റെ ഭീഷണി. കോട്ടയത്ത് വ്യാപകമായി നടക്കുന്ന വെട്ടുകല്ല് ഖനനത്തിന്റെ വിവരം കോട്ടയം ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വിവരം നൽകിയ പെരുവ സ്വദേശി വി.ജെ. പൗലോസിന്റെ വീട്ടിൽക്കയറിയാണ് ഇന്നലെ രാത്രി ഗുണ്ടാസംഘം ഭീഷണി മുഴക്കിയത്. വെട്ടുകല്ല് ഖനനം നിരോധിച്ചിരിക്കെയാണ് ഖനനം നടക്കുന്ന വിവരം ജിയോളജി വകുപ്പിന് കൈമാറിയ പൗലോസിനു നേർക്ക് ഭീഷണി വന്നത്. ഗുണ്ടപ്പൻ സന്തോഷ് എന്ന വ്യക്തിയാണ് രാത്രി ഒമ്പതോടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. ഖനനത്തിന് എതിരെ വിവരങ്ങൾ നൽകി മുന്നോട്ടു പോയാൽ വെട്ടിയരിഞ്ഞു തള്ളും എന്നാണ് ഗുണ്ടപ്പൻ ഭീഷണി മുഴക്കിയത്. പൗലോസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഭീഷണിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. രാത്രി തന്നെ കോട്ടയം ക്രൈം സ്റ്റോപ്പറിൽ വിളിച്ചു പറഞ്ഞതിനാൽ പൊലീസുകാർ സ്ഥലത്തെത്തി. ഇന്നലെ തന്നെ കോട്ടയം വെള്ളൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

കോട്ടയത്തെ അനധികൃത ചെങ്കൽ ഖനനം വ്യാപകമാണെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇത് കണ്ടില്ലെന്നു നടിക്കുകയാണ് എന്നും നേരത്തെ തന്നെ പരാതിയുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും പരാതി വിവരങ്ങൾ ചോരുന്നു എന്നും ആക്ഷേപമുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് മൈനിങ് ജിയോളജി വകുപ്പിന് വിവരം നൽകിയ ആളുടെ വീട്ടിൽക്കയറി ഗുണ്ടാസംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. വെട്ടുകല്ലു ഖനനം നടക്കുന്ന വിവരം ജില്ലാസീനിയർ ജിയോളജിസ്റ്റിനെയാണ് പൗലോസ് ഫോണിൽ അറിയിച്ചത്. തുടർന്ന് ഗുണ്ടാസംഘം വീട്ടിലെത്തി ഭീഷണി മുഴക്കുകയാണ് ചെയ്തിരിക്കുന്നത്. വെട്ടിയരിഞ്ഞു തള്ളും എന്ന ഭീഷണിയാണ് ഗുണ്ടപ്പൻ സന്തോഷ് മുഴക്കിയത്. ആക്രോശം മുഴക്കിയ ശേഷം ഗുണ്ടപ്പനും സംഘവും തിരിച്ചു പോയി. ഇതിനു ശേഷമാണ് പൗലോസ് പൊലീസ് സംഘത്തെ വിളിച്ചു വരുത്തിയത്. എന്നാൽ അവിടെ ചെങ്കൽ ഖനനം ഒരു മാസമായി അവിടെ നടക്കുന്നുണ്ട്. എന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിലും ഞാൻ ആർക്കും വിവരം കൈമാറിയിട്ടില്ല-സീനിയർ ജിയോളജിസ്റ്റ് അജയകുമാർ മറുനാടനോട് പറഞ്ഞു.

വെള്ളൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്: ഇന്നലെ രാത്രിയോട് സന്ധ്യാ പ്രാർത്ഥന നടത്തുന്ന സമയം ഒരാൾ വീട്ടുമുറ്റത്ത് നിന്ന് എന്നോടു ഇറങ്ങി വരാൻ പറഞ്ഞു. ഞാൻ ജനലിലൂടെ കാരണം തിരക്കി. ഞാൻ തൊട്ടടുത്ത പഞ്ചായതത്തായ ഞീഴൂരിൽ ഉള്ളതാണ്. സംസാരിക്കണമെന്നു പറഞ്ഞപ്പോൾ വീടിന്റെ കതക് തുറന്നു. ഗുണ്ടപ്പന്റെ കൂടെ ഒരാളും അപ്പുറത്ത് രണ്ടുപേരും നിൽക്കുന്നത് ഞാൻ കണ്ടു. കതക് പൂർണമായും തുറന്നിരുന്നില്ല. എട്ടും ഒൻപതും വയസുള്ള രണ്ടു കുട്ടികൾ ഉള്ളതിനാൽ ഞാൻ കതക് പൂർണമായും തുറന്നില്ല.

എന്നെ കണ്ടപ്പോൾ അയാൾ മാസ്‌ക് താഴ്‌ത്തി എന്നെ കണ്ടിട്ടുണ്ടോഡാ എന്നും ഞാൻ ഗുണ്ടപ്പൻ സന്തോഷാണ് എന്നും പറഞ്ഞു. നീ എന്റെ ചെങ്കൽ ക്വാറിയെക്കുറിച്ച് ജിയോളജി വകുപ്പിൽ വിളിച്ച് പരാതി പറഞ്ഞില്ലേടാ നിന്നെ ജീവിക്കാൻ അനുവദിക്കില്ല...നീ പൊലീസിൽ പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തട്ടാൻ എന്റെ പിള്ളേരുണ്ടേടാ എന്നും വലിയ ശബ്ദത്തിൽ അലറി. പേടിച്ച് നിന്ന എന്റെ മകളുടെ മുഖത്ത് നോക്കി ഇവനെ ഞാൻ ഭൂമിയിൽ വച്ചേക്കില്ല.. ഇടഞ്ഞാൽ ഞാൻ മഹാ പിശകാ, ഒരു വക്കീലിനെ തല്ലിയിട്ടുള്ളവനാ ഞാൻ.. എന്നൊക്കെ ആക്രോശിച്ചു.. തിരുവനന്തപുരത്തും എനിക്ക് ബന്ധങ്ങളുണ്ട്...നിനക്കറിയാമോ നിന്നെ ഞാൻ കാണിച്ചു തരാം...എന്നും ഉച്ചത്തിൽ ഭീഷണി മുഴക്കി....ജീവിക്കാൻ അനുവദിക്കില്ലെന്നും പുറത്തിറങ്ങിയാൽ എന്റെ പിള്ളേർ നിന്നെ വെട്ടിത്തുണ്ടമാക്കുമെന്നും ഉച്ചത്തിൽ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു....

ഞങ്ങളുടെ പരിസരത്തുള്ള മുതിരക്കാലായിൽ പുരുഷൻ, ഞീഴൂർ പി.ഓ എന്നയാളുടെ പുരയിടത്തിൽ അനധികൃതമായി വെട്ടുകല്ല് ഖനനം നടക്കുന്ന വിവരം കോട്ടയത്തെ സീനിയർ ജിയോളസ്റ്റിനെ ഫോണിൽ വിളിച്ച് ഞാൻ പരാതി പറഞ്ഞിരുന്നു. കൂടാതെ മൈനിങ് ആൻഡ് ജിയോളജിവകുപ്പിന്റെ ഡയരക്ടർ ചാർജ് വഹിക്കുന്ന സി.കെ.ബിജുവിനെതിരെ ഞങ്ങളുടെ സംഘടന സിആർഇഎ പോതുതാത്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നിരവധി അഴിമതിക്കേസുകൾ ഉള്ള ഉദ്യോഗസ്ഥനെ ഡയരക്ടർ സ്ഥാനത്ത് നിന്നും നീക്കംചെയ്യണം എന്നാണ് ഹരജിയിലെ ആവശ്യം. ഇതിന്റെ പേരിലുള്ള ഭീഷണിയാണ് ഇന്നലെ വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഗുണ്ടപ്പൻ സന്തോഷിനു എതിരെയും ഒപ്പമുള്ള ഗുണ്ടകൾക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കുട്ടികൾക്ക് ഈ ഭീഷണി മാനസിക പ്രയാസം സൃഷ്ടിച്ചതിനാൽ അവർക്ക് കൗൺസിലിംഗിനു ഉള്ള സൗകര്യം നൽകണം എന്നും അപേക്ഷിക്കുന്നു. ഗുണ്ടാ ഭീഷണിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഒപ്പം സമർപ്പിക്കുന്നു. പൗലോസിന്റെ പരാതി ലഭിച്ചതായി വെള്ളൂർ സിഐ സുധീപ് മറുനാടനോട് പറഞ്ഞു. ഗുണ്ടാസംഘത്തിനെ കസ്റ്റഡിയിൽ എടുക്കുമെന്നും അന്വേഷണം തുടങ്ങിതായും സിഐപറഞ്ഞു.