മലപ്പുറം: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് എതിരെയാണ് വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ പരാതി നൽകിയത്. അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷന് പരാതിയും നൽകി.

സംഘടനാ യോഗത്തിനിടെയാണ് സംസ്ഥാന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഹരിതയുടെ പത്ത് നേതാക്കളാണ് പരാതി നൽകിയത്. എംഎസ്ഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്കെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുൾ വഹാബ് ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി എന്നുമാണ് ആക്ഷേപം.

പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി എന്നും നേതാക്കൾ ആരോപിക്കുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണം എന്നായിരുന്നു ഭീഷണി. സ്വഭാവ ദൂഷ്യം ഉള്ളവരാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ്. ആരോപിക്കുന്നു. വിഷയം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വനിതാ നേതാക്കൾ ആരോപിക്കുന്നു. സ്ത്രീ വിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത (വനിതാ വിഭാഗം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിയിരിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കൾ സമീപിച്ചിരിക്കുന്നത്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശനങ്ങൾ നടന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. സാംസ്കാരിക കേരളത്തിന് അപമാനകരമായ പരാമർശങ്ങളാണെന്നും കത്തിൽ പറയുന്നതായി ഷാഹിദ കമാൽ പറഞ്ഞു.

ഇതിൽ വനിതാ കമ്മീഷൻ നടപടി കൈക്കൊള്ളുമ്പോൾ കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. ചന്ദ്രിക വിവാദത്തിൽ മുസ്ലിം ലീഗിൽ ഉയർന്ന വിവാദം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് പാർട്ടിയുടെ വിദ്യാർത്ഥി സംഘനാ നേതാക്കൾക്കെതിരായ ആക്ഷേപം.