ബംഗളുരു: ബംഗളുരു നഗരത്തിന്റെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് അനൂപ് എന്ന ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മയക്കുമരുന്നു കച്ചവടം തുടങ്ങിയത്. മയക്കുമരുന്ന് എങ്ങനെ വിൽപ്പന നടത്തണം എന്ന് കൃത്യമായ മാസ്റ്റർപ്ലാൻ തന്നെ ഇവർ തയ്യാറാക്കിയിരുന്നു. സെലബ്രിറ്റികളുടെ സാന്നിധ്യം കൂടി ആയപ്പോൾ എല്ലാം ഉഗ്രനായി തന്നെ നടന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ടെലഗ്രാം ഗ്രൂപ്പുകൾ അടക്കം ബംഗളുരുവിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ കച്ചവടം കൊഴിപ്പിക്കാൻ ഈ സാധ്യതയാണ് മുഹമ്മദ് അനൂപ് ഉപയോഗിച്ചത്.

ടെലഗ്രാമിലൂടെ ഡീലുറപ്പിച്ച് ആവശ്യമുള്ളത്ര ലഹരിമരുന്ന് പാർസലായി താമസ സ്ഥലത്തെത്തിക്കുന്ന ശൈലിയായിരുന്നു ഇവർ പിന്തുടർന്നത്. ബെംഗളൂരു പോലുള്ളയിടങ്ങളിൽ ഹോം ഡെലിവറി സർവ സാധാരണമായതിനാൽ പിടിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ബിസിനസ് പ്ലാനായിരുന്നു ഇത്. ഹോട്ടൽ കൂടി നടത്തുന്ന വ്യക്തി ആയതോടെ ഇതും മയക്കുമരുന്നു കച്ചവടത്തിന് മറയായി. വാങ്ങുന്നതിനേക്കാൾ ഇരട്ടിയിലധികം വിലയ്ക്ക് വിൽപ്പന നടത്താമെന്നതിനാൽ പൊളിഞ്ഞു പോയ ബിസിനസ് ഒക്കെ തിരിച്ച് പിടിക്കാമെന്ന് കരുതിയിരുന്നു മുഹമ്മദ്.

നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക മുമ്പാകെ നൽകിയ മൊഴി ബിനീഷ് കോടിയേരിയെ ശരിക്കും വെട്ടിലാക്കുന്നതാണ്. കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത സിനിമാ-സീരിയൽ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴികളാണ്. കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീൻ ആഷി വഴിയാണ് ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത്. തുടർന്ന് അനിഘയുമായി ഫോണിലൂടെ പരിചയപ്പെട്ടതെങ്കിലും ജിമ്രീൻ ആഷിയുടെ സുഹൃത്താണെന്ന് സ്വയം പരിചയപ്പെടുത്തി ടെലഗ്രാമിലൂടെ ഡീലുറപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 250 എം.ഡി.എം.എ ടാബ്ലെറ്റ് ഒന്നിന് 550 രൂപ നിരക്കിൽ കച്ചവടം ഉറപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവിലെ റോയൽ സ്യൂട്ട്സ് അപാർട്മെന്റിൽവെച്ച് എൻ.സി.ബി ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും മലയാള സിനിമാ പ്രവർത്തകരടക്കം ഇവരുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദമായ വിവരങ്ങൾ എൻ.സി.ബി ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. റോയൽ സ്യൂട്ട്സിലെ സ്ഥിരം സന്ദർശകനായിരുന്നു ബിനീഷ് കോടിയേരിയെന്ന പി.കെ ഫിറോസിന്റെ ആരോപണവും മുഹമ്മദ് അനൂപുമായുള്ള ഫോട്ടോ പുറത്ത് വന്നതും ബിനീഷ് കോടിയേരിക്ക് ശക്തമായ കുരുക്കുകയും ചെയ്തു.

2013 മുതൽക്ക് തന്നെ എം.ഡി.എം.എയുടെ ചെറിയ രീതിയിലുള്ള വിൽപ്പനക്കാരനും ഉപയോക്താവുമായിരുന്നു അനൂപ് . തുടർന്ന് 2015-ൽ ബിനീഷ് കോടിയേരിയുടെ സഹായത്തോടെ കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങിയെന്ന അനൂപിന്റെ മൊഴിയും ബിനീഷ് കോടിയേരിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പണം കടം കൊടുത്തുവെന്നാണ് ബിനീഷ് കോടിയേരി പറഞ്ഞതെങ്കിലും ബിനീഷിന്റെ സഹായത്തോടെ എന്ന് തന്നെ കൃത്യമായി അനൂപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. ഇത് തന്നെ റിമാൻഡ് റിപ്പോർട്ടിലും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കമ്മനഹള്ളിയിലെ ഹോട്ടൽ പൂട്ടിയതോടെ അപാർട്മെന്റ് ബിസിനനസ് തുടങ്ങിയെന്നും കോവിഡ് പ്രതിസന്ധി വന്നതോടെ ഇതും മുന്നോട്ട് പോയില്ലെന്നും തുടർന്നാണ് ലഹരിമരുന്ന് ബിസിനസ് സജീവമാക്കിയതെന്നുമാണ് മൊഴി. 2015ലാണ് ബിനീഷ് പണം നൽകിയത്. 2018ൽ അനൂപ് ഹോട്ടൽ ബിസിനസിൽ തകർച്ച നേരിട്ടതോടെ ഹോട്ടൽ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് നടത്തുന്നതിനായി കൈമാറിയെന്നും പറയുന്നുണ്ട്. എന്നാൽ ഹോട്ടൽ നടത്തിപ്പിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയിൽ ഇല്ല. കടമാണ് നൽകിയതെന്ന് ബിനീഷ് പറയുമ്പോഴും സാമ്പത്തിക സഹായം എന്നാണ് മുഹമ്മദ് അനൂപ് നൽകുന്ന മൊഴി.

പലതവണകളായി ആറു ലക്ഷം രൂപയോളം കടം നൽകി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചതിന് പിന്നാലെയാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്നത്. ഹെന്നൂർ റിങ് റോഡിൽ 2020 ൽ ആദ്യം തന്നെ രണ്ടുപേർക്കൊപ്പം പുതിയ ഹോട്ടൽ തുടങ്ങുന്നതിന് നടപടികൾ ആരംഭിച്ചെങ്കിലും കോവിഡായതിനാൽ പൂർത്തിയാക്കാനായില്ല. അപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഡ്രഗ് ബിസിനസ് പരീക്ഷിക്കുന്നതിന് തീരുമാനിച്ചതെന്ന് എൻ.സി.ബിക്കു മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നു. റിജേഷ് എന്നയാളുമായി ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും ഇടപാടുകളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നാളുകൾക്ക് മുൻപ് ഗോവയിൽ ഒരു മ്യൂസിക് പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള സൗഹൃദമാണ് ഈ ഇടപാടിലേയ്ക്ക് നയിച്ചത്. ഇതിനായി തന്റെ ഹോട്ടലിന്റെ അടുക്കള ഉപകരണങ്ങൾ വിറ്റാണ് പണം കണ്ടെത്തിയത്. ഡ്രഗ് ഇടപാടു സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്കൊ വീട്ടുകാർക്കൊ അറിയില്ലെന്നും അനൂപ് മൊഴിയിൽ പറയുന്നുണ്ട്.

ഇതോടെ മുഹമ്മദ് അനൂപിന്റെ ആത്മാർത്ഥ സുഹൃത്ത് ബിനേഷ് കോടിയേരി കൂടുതൽ വെട്ടിലേക്ക് വീഴുകയാണ്. റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി ബിനീഷിന്റെ പേര് പരാമർശിക്കുന്നുണ്ട്. അനൂപിന്റെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണുള്ളത്. ഇങ്ങനെ ഒരാളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ബന്ധത്തിന് തയാറാകുകയില്ലായിരുന്നെന്നുമാണ് ബിനീഷ് പ്രതികരിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു ഇടപാടുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടെന്ന വിവരം എൻ.സി.ബിക്കു ലഭിച്ചിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങളും എൻ.സി.ബി വരും ദിവസങ്ങളിൽ പരിശോധിക്കും. ലഹരി ഇടപാട് വിഷയത്തിൽ മലയാള സിനിമയിലെ ഏതാനും നടന്മാരിലേയ്ക്കും വരും ദിവസങ്ങളിൽ അന്വേഷണം നീളുമെന്നാണ് വ്യക്താകുന്നത്.

ഇതിനിടയിൽ ബിനീഷ് ഹവാല സംഘവുമായി തെറ്റിപ്പിരിഞ്ഞ് അനൂപ് മുഹമ്മദിനൊപ്പം പോയതിലുള്ള കുടിപ്പകയാണ് ലഹരി സംഘം അറസ്റ്റിലാകാൻ കാരണമായി തീർന്നത്. കൊടുവള്ളി സംഘം മുഹമ്മദ് അനൂപിന്റെ ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങൾ എൻ.സി.ബിക്ക് കൈമാറി. ആദ്യ ഘട്ടത്തിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാര്യമായ താൽപര്യം കാണിച്ചിരുന്നില്ല. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമയിലെ ലഹരി സംഘത്തെ നിയന്ത്രിക്കണമെന്ന് എൻ.സി.ബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം ലഭിച്ചിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരിൽ സിനിമാക്കാർക്കിടയിൽ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എൻ.സി.ബി തീരുമാനിച്ചത്. അന്വേഷണത്തിൽ അനൂപ് മുഹമ്മദിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അനൂപിന് മലയാള സിനിമാ മേഖലയുമായി വളരെ അടുത്ത ബന്ധമാണ് എന്നാണ് ഇയാളുടെ ഫെയ്‌സ് ബുക്ക് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. സിനിമാ നടന്മാരായ ആസിഫ് അലി, ഗണപതി, നിഖിൽ തുടങ്ങിയവരൊക്കെ ഇയാളുടെ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ആശംസ അറിയിച്ചു കൊണ്ട് വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഒരു കന്നഡ നടിയും ഇതിൽ ഉൾപ്പെടും.

അതിനാൽ ബംഗളൂരുവിൽ വൻ ഇടപാടാണ് മുഹമ്മദ് അനൂപ് നടത്തിയിരുന്നത് എന്ന് അനുമാനിക്കാനാവും. സിനിമാ മേഖലയിൽ വൻ തോതിലാണ് ലഹരി വികരണം ചെയ്തിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള എല്ലാവരെയും ചേദ്യം ചെയ്യാനാണ് എൻ.സി.ബിയുടെ അടുത്ത നീക്കം. കൊച്ചിയിലും ഇയാൾ ലഹരി വിതരണം ചെയ്തിട്ടുണ്ടന്നെ് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെ ഇടനമിലക്കാരെ കണ്ടെത്താനായി ഉടൻ കേരളത്തിലേക്ക് എത്തുമെന്നാണ് എൻ.സി.ബി അധികൃതർ നൽകുന്ന സൂചന. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. അങ്ങനെ വന്നാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും. ഇലക്ഷൻ അടുത്ത് വരുന്ന സാഹചര്യത്തിൽ എങ്ങനെയും മുഖം രക്ഷിക്കാന് ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിക്കുകയാണ്.