കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് കുടുക്കിയത് തന്ത്രപരമായി. സ്വർണ്ണവുമായി പിടിയിലായ മുഹമ്മദ് ഷെഫീക്കിനെ ഉപയോഗിച്ച് വളരെ നാടകീയമായ രീതിയിലാണ് കസ്റ്റംസ് സംഘം അർജുനെതിരെ തെളിവുകൾ ഉണ്ടാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ ഫോൺ പരിശോധിച്ചപ്പോൾ അർജുനുമായി നിരവധി തവണ വാട്ട്സാപ്പ് വഴി ബന്ധപ്പെട്ടിരുന്നു എന്ന് കസ്റ്റംസ് സംഘം മനസ്സിലാക്കി. തുടർന്ന് മുഹമ്മദ് ഷെഫീക്കിനോട് താൻ കസ്റ്റംസിന്റെ പിടിയിലായെന്നും കേസെടുത്തുവെന്നും സന്ദേശം അയക്കാൻ നിർദ്ദേശിച്ചു. ഇതേ തുടർന്ന് മുഹമ്മദ് ഷെഫീക്ക് അർജുൻ ആയങ്കിക്ക് സന്ദേശം അയക്കുകയായിരുന്നു.

സന്ദേശം ലഭിച്ചയുടൻ അർജുൻ ആയങ്കി എല്ലാ സഹായവും ഉറപ്പു നൽകി. പേടിക്കേണ്ടെന്നും അഭിഭാഷകനെ ഏർപ്പാടാക്കാമെന്നും അർജുൻ പറഞ്ഞു. സ്വർണം ഏൽപിച്ച ആൾക്കാരെ വിളിച്ച്, സഹായം അഭ്യർത്ഥിക്കണമെന്നും അർജുൻ നിർദേശിച്ചു. 'നമ്മൾ തമ്മിലുള്ള കാര്യം പുറത്തു പറയരുത്' എന്നും ആവശ്യപ്പെട്ടു. അവർ ഫോണെടുക്കുന്നില്ലെന്നായിരുന്നു ഷെഫീഖിന്റെ മറുപടി. ദുബായിൽനിന്ന് ഒരാൾ കൊടുത്തുവിട്ട ബാഗ് ആണെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണു കസ്റ്റംസിനോടു പറയേണ്ടതെന്നും അർജുൻ നിർദേശിച്ചു. 'കരയല്ലേടാ... നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു', 'ടെൻഷൻ അടിക്കല്ലേ...', 'എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം' എന്നിങ്ങനെയും അർജുൻ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഇത്തരത്തിൽ കൃത്യമായ നീക്കത്തിലൂടെയാണ് അർജുനെതിരെയുള്ള തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും.

സ്വർണക്കടത്ത് ക്വട്ടേഷനിൽ തെളിവുകളെല്ലാം നശിപ്പിച്ചെന്ന് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകി. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നും അർജുൻ കസ്റ്റസംസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂരിലൂടെ അനധികൃതമായി കടത്തിയ സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജുൻ ആയങ്കി.

നിരവധി സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അഭിഭാഷകർക്കൊപ്പം അർജുൻ ഹാജരായിരുന്നു. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മുൻഭാരവാഹി സി സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. കരിപ്പുർ സ്വർണ ക്വട്ടേഷൻ കേസിൽ നാളെ ചോദ്യം ചെയ്യാലിന് ഹാജരാവാനാണ് നോട്ടീസ്. ഡിവൈഎഫ്‌ഐ ചെമ്പിലോട് നോർത്ത് മേഖലാ സെക്രട്ടറി ആയിരുന്നു സജീഷ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റെ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തിയതു പാർട്ടി ഗ്രാമത്തിലെ കുറ്റിക്കാട്ടിലാണ്. പശുവിനെ കെട്ടാൻ വന്ന നാട്ടുകാരനാണു കാർ കണ്ടത്. നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ക്രെയിൻ ഉപയോഗിച്ചു സ്റ്റേഷനിലേക്കു മാറ്റിയ കാർ, സ്വർണക്കടത്ത് അന്വേഷണസംഘത്തിനു ഇന്ന് കൈമാറും.

രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വർണത്തിൽ രണ്ടരക്കിലോ അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കിയോട് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.

കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അർജുൻ ആയങ്കിയും കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.