ഹൈദരാബാദ്: തെലുങ്കാനയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നിൽ ചാടിയെന്നാണ് പൊലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുമെന്ന് തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അർഹനാണെന്നും ഉടൻ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയതും.

സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ രാജുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. എന്നാൽ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിന് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയത്.

പ്രതിയെ കണ്ടെത്താൻ വിപുലമായ തിരച്ചിൽ നടത്തിയിട്ടും കാര്യമായ വിവരങ്ങൾ ലഭിക്കാതായതോടെയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാളുടെ ചിത്രങ്ങളും അടയാളങ്ങളും പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാജുവിന്റെ ബന്ധുക്കളെ വിശദമായി ചോദ്യംചെയ്തെന്നും ഇയാൾക്കൊപ്പം അവസാനം കണ്ടയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കിയിട്ടും രാജുവിന്റെ വളരെക്കുറച്ച് ദൃശ്യങ്ങൾ മാത്രമേ പൊലീസിന് ലഭിച്ചിരുന്നുള്ളൂ.

രാജുവിനെ കണ്ടെത്താൻ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കോർപ്പറേഷൻ എം.ഡി. വി സി. സജ്ജനാർ പ്രതികരിച്ചിരുന്നു. കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാർക്കും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രാജുവിന്റെ ചിത്രം സഹിതമുള്ള നോട്ടീസുകൾ കോർപ്പറേഷൻ സംസ്ഥാനമാകെ പതിക്കുയും ചെയ്തിരുന്ു. 2019-ൽ ഹൈദരാബാദിൽ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ നാലുപ്രതികളെയും ഏറ്റുമുട്ടലിൽ വധിച്ച പൊലീസ് സംഘത്തിന്റെ തലവനായിരുന്നു സജ്ജനാർ. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചെന്നായിരുന്നു അന്ന് സൈബരാബാദ് പൊലീസ് കമ്മീഷണറായിരുന്ന സജ്ജനാറിന്റെ വിശദീകരണം. ഈ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.