കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ താൻ പി.ബി യിലെത്തില്ലെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ. ഇതോടെ പി.ബി യിലേക്ക് മറ്റു കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.വിജയരാഘവൻ , പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവർക്ക് സാധ്യതയേറി.
പാർട്ടി കോൺഗ്രസിൽ പി.ബി യിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ മാത്രം അത്ര വലിയ നേതാവെന്നുമല്ല താനെന്നാണ് ഇന്ന് ഇ .പി ജയരാജൻ മാധ്യമ പ്രവർത്തകർക്കുമുൻപിൽ തുറന്നടിച്ചത്. ഇതു സിപിഎം കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

പാർട്ടിയുടെ ദേശീയ നയരൂപീകരണമാണ് പാർട്ടി കോൺഗ്രസിൽ നടക്കാൻ പോകുന്നതെന്നും സിൽവർ ലൈൻ ചർച്ച ചെയ്യില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സിൽവർ ലൈനും ഹൈവെ വികസനവും ചർച്ച ചെയ്യേണ്ട വേദിയല്ല പാർട്ടി കോൺഗ്രസെന്നും ജയരാജൻ പറഞ്ഞു.
കേന്ദ്ര കമ്മിറ്റയിലെ സീനിയർ നേതാക്കളിലൊരാളായ ഇ പി ജയരാജന് രണ്ടു ടേം പൂർത്തിയായതിനാൽ നിയമസഭാ സീറ്റ് പാർട്ടി നിഷേധിക്കുകയായിരുന്നു.

ഇ പി ജയരാജന്റെ സിറ്റിങ് സീറ്റായ മട്ടന്നുരിൽ നിന്നും മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ ശൈലജയാണ് മത്സരിച്ചത്. ശൈലജ ടീച്ചർ അവിടെ നിന്നും റെക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി മാനസികമായി അകന്ന ഇ.പി ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം നിലനിർത്താൻ കഴിഞ്ഞെങ്കിലും കോടിയേരി തുടർന്നതിനാൽ സംസ്ഥാന സെക്രട്ടറിയാവാനും കഴിഞ്ഞില്ല. ഇതിനു ശേഷം പ്രായാധിക്യം ചൂണ്ടിക്കാട്ടി താൻ ഇനി പാർലമെന്ററി പദവികളിലേക്ക് മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.

സജീവ രാഷ്ട്രീയത്തിൽ നിന്നും ഏറെക്കുറി പിൻവലിഞ്ഞ ഇ.പി.ജയരാജൻ ഏറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോടെയാണ് സജീവമായത്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെ മുഖ്യസംഘാടകരിലാരാൾ കൂടിയാണ് ജയരാജൻ. സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, എസ്.ആർ.പി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്കു ശേഷമാണ് ഇ.പി ജയരാജൻ തന്റെ പി.ബി പ്രവേശനത്തെ കുറിച്ചു പ്രതികരിച്ചത്. ഇതോടെ ഇക്കുറി കണ്ണൂരിൽ നിന്നും വനിതാ അംഗമായി പി.കെ.ശ്രീമതി, കെ.കെ ശൈലജ എന്നിവരിൽ ഒരാൾക്ക് പി.ബി യിൽ അംഗത്വത്തിന് സാധ്യതയേറിയിട്ടുണ്ട.

് സീനിയോറിട്ടി പ്രകാരം പി.കെ ശ്രീമതിക്കാണ് സാധ്യത കൂടുതൽ. എന്നാൽ വ്യന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവർ കെ.കെ ശൈലജ പി.ബി യിലേക്ക് വരണമെന്ന അഭിപ്രായക്കാരാണ്. ഒന്നാം പിണറായി സർക്കാരിൽ കോവിഡ് - നിപ്പ പ്രതിരോധത്തിൽ കെ.കെ.ശൈലജ പ്രകടിപ്പിച്ച ഭരണമികവിലൂടെ ശൈലജ നേടിയ ആഗോള പ്രശസ്തി പാർട്ടിയുടെ ദേശീയ പ്രതിച്ഛായയ്ക്ക് കൂടുതൽ തിളക്കം നൽകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ ശൈലജ നിയമസഭാ അംഗമായതിനാൽ ഈ കാര്യത്തിൽ പിണറായി - കോടിയേരി ദ്വന്ദത്തിന്റെ അഭിപ്രായമറിഞ്ഞതിനു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളുവെന്നാണ് സിപിഎമ്മിൽ നിന്നും ലഭിക്കുന്ന സൂചന.