തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ടാം ദിവസവും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവൻ പൂട്ടിത്തന്നെ. ആളും ആരവവും ഒഴിയഞ്ഞ കെപിസിസി ആസ്ഥാനം തുടർച്ചയായ ദിവസങ്ങളിൽ പൂട്ടി ഇടുന്നത് ഒരുപക്ഷെ സമീപകാല ചരിത്രത്തിലാദ്യമായിരിക്കാം.

മുൻകാലങ്ങളിലും തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഉണ്ടാകുമ്പോൾ ഇന്ദിരാഭവൻ ശ്മശാനമൂകമാകാറുണ്ടെങ്കിലും പൂട്ടിയിടുന്നത് ഇതാദ്യം.ഓഫീസ് ജീവനക്കാരും ചുരുക്കം പാർട്ടി പ്രവർത്തകരും ഓഫീസിനുള്ളിൽ ഉണ്ടെങ്കിലും ഗേറ്റ് അകത്ത് നിന്നും പൂട്ടിയിരിക്കുകയാണ്. ഇന്ന് കെപിസിസി അധ്യക്ഷൻ മാധ്യമ പ്രവർത്തകരെ കണ്ട അര മണിക്കൂറോളം മാത്രമാണ് ഗേറ്റ് തുറന്നിട്ടത്. മാധ്യമപ്രവർത്തകർ മടങ്ങിയതിന് പിന്നാലെ വീണ്ടും ഗേറ്റിന് താഴ് വീണു.

ഇന്ദിരാഭവൻ സ്ഥിതിചെയ്യുന്ന ശാസ്തമംഗലം വാർഡ് കണ്ടെയ്‌മെന്റ് സോണായതിനാലാണ് ഗേറ്റ് പൂട്ടുന്നതെന്നാണ് ഓഫീസ് ഔദ്യോഗികമായ വിശദീകരണം. എന്നാൽ മുമ്പ് വാർഡ് കണ്ടെയ്‌മെന്റ് സോണായിരുന്ന സമയത്തൊന്നും ഇത്തരം മുൻകരുതലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. നാല് പതിറ്റാണ്ടുകൾക്ക് ശേഷം സംസ്ഥാനത്ത് ഒരു തുടർഭരണം ഉണ്ടാകുമ്പോൾ കാലാവധി തികച്ച് വീണ്ടും അധികാരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ്. പ്രതീക്ഷകൾക്ക് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ളിൽ വലിയൊരു കലാപത്തിന് കളമൊരുക്കിക്കഴിഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നേതൃത്വത്തിനുള്ളിൽ നിന്നും പ്രവർത്തകർക്കിടയിൽ നിന്നും വികാരമുണ്ടായതോടെയാണ് ഇന്ദിരാഭവന്റെ ഗേറ്റ് കൊട്ടിയടയ്ക്കപ്പെട്ടത്. ഇത് പ്രവർത്തകരുടെ പ്രതിഷേധം ഭയന്നാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോൾ ജനങ്ങളുടെ സൂചന തിരിച്ചറിയാൻ നേതൃത്വം പരാജയപ്പെട്ടതായി പ്രവർത്തകർ പറയുന്നു.

നിഷ്‌ക്രീയരായ ഡിസിസി പ്രസിഡന്റുമാരെ മാറ്റാനുള്ള തീരുമാനമുണ്ടായെങ്കിലും പിന്നീട് ആ തീരുമാനം നേതൃത്വം തന്നെ തിരുത്തി. അത് തിരിച്ചടിക്ക് കാരണമായതായും ആരോപണമുണ്ട്. അന്ന് പുനഃ സംഘടനയ്ക്ക് തയ്യാറായിരുന്നെങ്കിൽ കൂടുതൽ മികച്ച നേതൃത്വം തലപ്പത്തെത്തുമായിരുന്നു എന്നും സംഘടനയ്ക്ക് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ കഴിയുമായിരുന്നെന്നും അവർ വിശ്വസിക്കുന്നു.

കെപിസിസി- ഡിസിസി തലപ്പത്തെ ജംബോ കമ്മിറ്റികൾക്കെതിരെയും പ്രവർത്തകർക്കിടയിൽ ശക്തമായ വികാരമാണ് നിലനിൽക്കുന്നത്.