ചെന്നൈ: ഒൻപതു വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ കാമുകനെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി കുത്തിക്കൊന്നു. ചെന്നൈയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മഞ്ജുള എന്ന യുവതിയും സുഹൃത്തുക്കളും ചേർന്നാണ് ചെന്നൈ സ്വദേശിയായ നാഗരാജനെ പ്രതികാരമെന്നവണ്ണം കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മഞ്ജുളയുടെ ഒൻപതുകാരനായ മകനെ നാഗരാജൻ കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുൻപാണ് നാഗരാജൻ ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മഞ്ജുളയും സംഘവും ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

ചെന്നൈയിൽ എൻജിനീയറായിരുന്ന മഞ്ജുളയും വീടിന് സമീപം താമസിച്ചിരുന്ന നാഗരാജനും തമ്മിൽ നേരത്തെ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭർത്താവ് കാർത്തികേയനും ഒമ്പതുവയസുകാരനായ മകൻ റിതീഷും അടങ്ങുന്ന കുടുംബത്തിൽ ഇതിനെചൊല്ലി കലഹവുമുണ്ടായി. എന്നാൽ ഭർത്താവറിയാതെ യുവതി നാഗരാജനുമായുള്ള ബന്ധം രഹസ്യമായി തുടർന്നു. ഇതിനിടെയാണ് മഞ്ജുളയോടൊപ്പം ജീവിക്കാൻ മകൻ തടസമാകുമെന്ന് കരുതി നാഗരാജൻ അരുംകൊല നടത്തിയത്. ഒമ്പത് വയസുകാരനായ റിതീഷിനെ നാഗരാജൻ കഴിഞ്ഞ ഫെബ്രുവരിയിൽ കൊലപ്പെടുത്തി. മഞ്ജുള അറിയാതെയായിരുന്നു കൊലപാതകം. പിന്നീട് പൊലീസ് അന്വേഷണത്തിൽ നാഗരാജൻ പിടിയിലായി.

മകന്റെ കൊലപാതകത്തിന് പിന്നാലെ മഞ്ജുളയുടെ ഭർത്താവ് കാർത്തികേയൻ വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങി. എന്നാൽ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഭാര്യയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. സ്വത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് കാർത്തികേയൻ മഞ്ജുളയെ നിരന്തരം ശല്യംചെയ്തു. ഇതോടെ മകനെ കൊലപ്പെടുത്തിയ നാഗരാജനെയും ഭർത്താവിനെയും ഇല്ലാതാക്കണമെന്ന് മഞ്ജുള മനസിലുറപ്പിച്ചു.ഭർത്താവിനെ വകവരുത്താൻ മഞ്ജുള ഒരു തോക്ക് വാങ്ങിയെങ്കിലും സുഹൃത്ത് ഇവരെ കബളിപ്പിച്ചു. യഥാർഥ തോക്കിന് പകരം കളിത്തോക്ക് വാങ്ങിനൽകിയാണ് സുഹൃത്ത് യുവതിയെ പറ്റിച്ചത്. ഈ സംഭവം പിന്നീട് പൊലീസ് കേസായെങ്കിലും ഇരുവരും ജാമ്യം നേടി പുറത്തിറങ്ങി. എന്നാൽ ഇതിനുശേഷവും മഞ്ജുള പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിൽനിന്ന് പിന്മാറിയില്ല.

കൊലക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന നാഗരാജൻ ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ മഞ്ജുള പദ്ധതികൾ ആസൂത്രണം ചെയ്തുതുടങ്ങി. സുഹൃത്തുക്കളായ ദിനേഷ്, ശ്യാം, സന്തോഷ് കുമാർ എന്നിവരുമായി ചേർന്ന് കത്തികൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സംഭരിച്ചു. തുടർന്നാണ് നാഗരാജൻ ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോൾ കൃത്യം നടത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന നാഗരാജൻ ഓഫീസിൽനിന്നിറങ്ങിയതിന് പിന്നാലെ ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആയുധങ്ങളുമായി ആക്രമിച്ചു.

മഞ്ജുളയും സ്ഥലത്തെത്തി. തുടർന്ന് മഞ്ജുളയും സുഹൃത്തുക്കളും ചേർന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ നാഗരാജൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിനുശേഷം മഞ്ജുളയും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നിലവിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.