കണ്ണൂർ: അഫ്ഗാനിൽ അധികാരം പിടിച്ച ഇസ്ലാമിക് തീവ്രവാദ സംഘടനയായ താലിബാന് അനുകൂലമായി സോഷ്യൽ മീഡിയിൽ പ്രചരണം നടത്തുന്ന ഗ്രൂപ്പുകളെ കുറിച്ചു സൈബർ പൊലിസ് അന്വേഷണമാരംഭിച്ചു. പ്രാദേശിക വാട്സ് ആപ്പ് കൂട്ടായ്മകളിലും ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലും മറ്റു നവമാധ്യമങ്ങളിലുമാണ് താലിബാനെ വെള്ളപൂശിക്കൊണ്ടു പേരു വെളിപ്പെടുത്തിയും അല്ലാതെയുമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്. വ്യാജ ഐ.ഡി ഉപയോഗിച്ചുള്ള ഇത്തരം പ്രചാരണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് സൈബർ പൊലിസ്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില തീവ്രവാദ ബന്ധമാരോപിക്കപ്പെട്ട സംഘടനകൾ താലിബാനുള്ള പിൻതുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവരുടെ ഗ്രൂപ്പുകൾ മുഖേനെയുള്ള താലിബാൻ അനുകൂല പ്രചരണവും ശക്തമാണ്.സ്വാതന്ത്ര്യ പോരാളികൾ എന്നാണ് ഇവർ താലിബാനെ വിശേഷിപ്പിക്കുന്നത്. നേരത്തെ കാശ്മീർ തീവ്രവാദികളെയും സ്വാതന്ത്ര്യവാദികളെന്നാണ് ഈ സംഘടനയും അവരുടെ വാർത്താമാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. താലിബാനെ മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റിനെയും ലോകത്തിലെ വിമോചന പോരാളികളായാണ് ഇവർ വിശേഷിക്കുന്നത്.

സലഫി, ത്വരീഖത്ത് ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്ന പാരമ്പര്യവാദികളായ വിശ്വാസികളെ വലവീശിപ്പിടിക്കാനുള്ള തീവ്രആശയ പ്രചരണമാണ് ഈ സംഘടനകൾ പലകോണിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത്. ഇതിനിടെ ഐ.എസ് ബന്ധത്തിന്റെ പേരിൽ കണ്ണൂർ താണയിൽ പിടിയിലായ രണ്ട് യുവതികളെ തീവ്രവാദ സംഘടനയിലേക്ക് കൊണ്ടുവന്നവന്നതിൽ ഒരു പ്രമുഖ സംഘടനയ്ക്കു പങ്കുണ്ടെന്നു എൻ.ഐ.എ സംഘത്തിന് വിവരം ലഭിച്ചതായി സൂചനലഭിച്ചിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരം ലഭിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ഇരുവരെയും ഡൽഹിയിലെ എൻ. ഐ. എ കോടതിതീഹാർ ജയിലിൽ റിമാൻഡു ചെയ്തിട്ടുണ്ട്.

കണ്ണൂർ താണ സ്വദേശികളായ മിസ് ഹ സിദ്ദിഖ് (24), ഷിഫ ഹാരിസ് (24) എന്നിവരെ ഇക്കഴിഞ്ഞ 15 ന് പുലർച്ചെയാണ് എൻ.കെ.എ സംഘം കണ്ണൂരിലെ വീട്ടിൽ വെച്ച് അറസ്റ്റു ചെയ്തത്. തുടർന്ന് ഇവരെ ഡൽഹിയിലെത്തിച്ചുകസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. സംഘത്തിൽ മിസ്ഹ ഐ.എസിൽ ചേരാൻ അഫ്ഗാനിൽ പോയതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ ഷിഫയും യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തിയതായി സൂചന ലഭിച്ചതായാണ് വിവരം. നേരത്തെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഐ.എസിൽ ചേരാനായി സിറിയയിലേക്ക് പോയ മുഴുവൻ പേരുടെയും വിവരങ്ങളും ഇവർക്ക് പിടിയിലായ യുവതികളുമായുള്ള ബന്ധങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.

പിടിയിലായ യുവതികൾ സമൂഹമധ്യമങ്ങളിലൂടെ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്റ് നടത്താൻ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് എൻ.ഐ.എ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആശയപ്രചാരണവും റിക്രൂട്ട്മെന്റ് നീക്കങ്ങളും നടത്തിയതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ നേരത്തെ തന്നെ എൻ.ഐ.എയുടെ പിടിയിലായിരുന്നു. ഇതിന് ശേഷം ഇവരെ അന്വേഷണ ഏജൻസി നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ഈ മാസം 4 ന് അമീർ അബ്ദുറഹ്മാൻ എന്ന പേരിലുള്ള ഐ.എസ്.ഏജന്റ് മംഗലാപുരം ഉള്ളാളിൽ വെച്ച് എൻ.ഐ.എയുടെ പിടിയിലായിരുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യയിലെ ഐ.ടി പ്രചരണ വിഭാഗത്തിന് ചുക്കാൻ പിടിച്ചിരുന്നത് ഇയാളാണെന്നാണ് കണ്ടെത്തൽ. ഇയാളുടെ അറസ്റ്റാണ് യുവതികളിലേക്ക് എൻ.ഐ.എ സംഘത്തെ ഇത്രവേഗം എത്തിച്ചത്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഐ.എസിൽ ചേർന്ന ജില്ല കൂടിയാണ് കണ്ണൂർ. സമീപകാലത്ത് തന്നെ 17 ഓളം പേർ ഐ.എസിൽ ചേർന്നിട്ടുണ്ട്.നിരവധി പേർ അഫ്ഘാനിലും സിറിയയിലും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പരസ്പരം ബന്ധം പുലർത്തുകയും ആശയങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ പോയ പലരും സൈനിക നടപടികളിൽ കൊല്ലപ്പെട്ട വിവരങ്ങൾ യഥാസമയം നാട്ടിലുള്ള ബന്ധുക്കളെയും, ഐ.എസ് ആശയപ്രചാരണം നടത്തുന്നവരെയും അറിയിക്കാറുമുണ്ട്.

ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അടക്കമുള്ളവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് സൂചന.