മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പി കെ കുഞ്ഞാലിക്കുട്ടി വരുമെന്ന പ്രതീക്ഷയിലാണ് ലീഗ് കേന്ദ്രങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ പരിക്കേൽക്കാതിരുന്ന പാർട്ടി ലീഗായിരുന്നു. എന്നാൽ, വെൽഫെയർ പാർട്ടയുമായി ലീഗുണ്ടാക്കിയ നീക്കുപോക്ക് മുന്നണിയെ ആകെ ബാധിച്ചുവെന്ന വിലയിരുത്തലുമുണ്ട്. കോൺഗ്രസാകട്ടെ ഇപ്പോഴത്തെ അവസ്ഥയിൽ ക്ഷീണിച്ച അവസ്ഥയിലുമാണ്. ഇപ്പോഴത്തെ നിലയിൽ മുസ്ലിംലീഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന സൂചനകളും ശക്തമാണ്.

കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച ലീഗ് ഇക്കുറി കണ്ണുവെക്കുന്നത് 30 സീറ്റുകളിലാണ്. ഇതിൽ 25ലേറെ സീറ്റുകൡ വിജയിച്ചു കയറാമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എന്തായാലും കോൺഗ്രസിൽ നിന്നും വിലപേശി സീറ്റുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലീഗ്. ഇതിന്റെ തുടക്കമെന്നോണം കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ചു കൊണ്ട് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഇ. ടി പറഞ്ഞത്. ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ ശക്തിയും അവകാശവുമനുസരിച്ച് സീറ്റുകൾ കൂട്ടി ചോദിക്കുമെന്നാണ് ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞത്.

സംസ്ഥാന രാഷ്ട്രീയത്തിൽ പി. കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്. ഇത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പരമാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലെടുത്ത തീരുമാനമായതിനാൽ അതിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ഇ. ടി കൂട്ടിച്ചേർത്തു.

കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുന്നതും എം. പിസ്ഥാനം രാജിവെക്കുന്നതും പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈൻ അലി തങ്ങളായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിപ്രായ വ്യത്യാസമില്ലെന്ന് ഇ. ടി മുഹമ്മദ് ബഷീർ വ്യക്തമാക്കുന്നത്.

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ ക്രൈസ്തവരെ യുഡിഎഫുമായി അടുപ്പിക്കാനുള്ള ശ്രമവും ലീഗ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രിസ്മസ് ദിനത്തിൽ താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതൃത്വം കൂടിക്കാഴ്‌ച്ച നടത്തി. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് ബിഷപ്പ് മാർ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാനായിട്ടാണ് കുഞ്ഞാലികുട്ടിയും സാദിഖലി ശിഹാബ് തങ്ങളും കുന്നുമ്മൽ സെന്റ് ഫെറോന പള്ളിയിൽ എത്തിയത്. തുടർന്ന് തൊട്ടടുത്ത പള്ളിയിൽ എത്തിയ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അപ്രതീക്ഷിത കൂടിക്കാഴ്‌ച്ചയെന്നാണ് പറയുന്നതെങ്കിലും പി.കെ കുഞ്ഞാലികുട്ടിയുടെ തിരിച്ചുവരവും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റ തിരിച്ചടികളും കൂടിക്കാഴ്‌ച്ചയിൽ വിഷയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച് കൊണ്ടിരുന്ന ക്രിസ്ത്യൻ വോട്ടുകൾ എൽ.ഡി.എഫ് അടക്കമുള്ളവരിലേക്ക് മാറിയിരുന്നു. ജോസ് കെ മാണിയുടെ എൽ.ഡി.എഫ് പ്രവേശനവും യു.ഡി.എഫിൽ മുസ്ലിം ലീഗ് അപ്രമാദിത്വം വർധിക്കുന്നു എന്നതുമായിരുന്നു ഇതിന് കാരണം. ഇതുകൂടാതെ തുർക്കിയിലെ ഹയാ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ച് സയ്യിദ് സദിഖലി ശിഹാബ് തങ്ങൾ ചന്ദ്രിക പത്രത്തിൽ എഴുതിയ ലേഖനവും യു.ഡി.എഫിന് ലഭിച്ചു കൊണ്ടിരുന്ന ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു. യു.ഡി.എഫിനെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകൾ തിരുത്താനാകുമെന്നുമാണ് ലീഗിന്റെ വിലയിരുത്തുന്നത്.