കോഴിക്കോട്: പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉയർത്തിയ വിമർശനം മുസ്ലിംലീഗിനെ ഇപ്പോഴും പിടിച്ചു കുലുക്കുകയാണ്. ഇന്നലെ ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടെ ലീഗിലെ പ്രമാണിയായി വിലസിയ കുഞ്ഞാലിക്കുട്ടിക്ക് അടിപതറി തുടങ്ങിയോ എന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

മൊഈനലിക്കെതിരെ നടപടി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ലീഗ് യോഗത്തിൽ നടന്നത് രൂക്ഷമായ വാക്‌പോരാണെന്ന വാർത്തയുമായി രംഗത്തുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. ലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കെ പി എ മജീദ് രംഗത്തെത്തിയെന്നും ജനറൽ സെക്രട്ടരി പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് എന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതിനെ രാജിഭീഷണിയോടെയാണ് കുഞ്ഞാലിക്കുട്ടി നേരിട്ടതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് യോഗത്തിൽ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെന്നാണ് വിവരം. മുഈനലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അവശ്യത്തിന് വേണ്ടത്ര പിന്തുണ യോഗത്തിൽ കിട്ടിയില്ലെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് ലീഗിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്നു എന്ന സൂചനയാണെന്ന വികാരമാണ് പൊതുവിൽ ഉയരുന്നത്.

അതേസമയം മുസ്‌ലിം ലീഗ് യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംഎ‍ൽഎയെ ഒറ്റപ്പെടുത്തിയെന്ന ഏഷ്യാനെറ്റ് വാർത്തക്ക് പിന്നാലെ ഇത് നിഷേധിച്ച് ലീഗ് നേതാക്കളായ കെ.പി.എ.മജീദ് എംഎ‍ൽഎയും പി.എം.എ സലാമും രംഗത്തുവന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാർത്ത അവാസ്തവമാണെന്ന് കെ.പി.എ മജീദ് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ചേരി തിരിഞ്ഞിട്ടില്ല. ലീഗ് യോഗത്തിൽ തർക്കങ്ങളുമുണ്ടായിട്ടില്ല. ഐകകണ്ഠ്യനെയാണ് തീരുമാനങ്ങളെല്ലാം എടുത്തതെന്നും ലീഗ് നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഈനലി വാർത്തസമ്മേളനത്തിൽ നടത്തിയ പരസ്യ വിമർശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി. വിഷയം കുടുംബ പ്രശ്‌നമായി മാറുന്ന സാഹചര്യമുണ്ടാകുന്നതും ഹൈദരലി തങ്ങൾ രോഗാവസ്ഥയിലാണെന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി. യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. വിഷയം നടന്നത് ലീഗ് ആസ്ഥാനത്തായതിനാലും ചന്ദ്രികയെക്കുറിച്ചായതിനാലും തങ്ങൾക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നുമായിരുന്നു അവർ അറിയിച്ചത്.

ഇതോടെ നടപടി, യോഗത്തിൽ വേണ്ടെന്ന നിലപാടിലേക്ക് നേതാക്കൾ എത്തുകയും അധ്യക്ഷനായ പിതാവ് ഹൈദരലി തങ്ങൾതന്നെ തീരുമാനമെടുക്കട്ടെ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. താൻ കക്ഷിയായ പ്രശ്‌നമായതിനാൽ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്നലെ വാർത്താസമ്മേളനത്തിലും കുഞ്ഞാലിക്കുട്ടി ഒരു വാക്കും പറഞ്ഞിരുന്നില്ല. സാദിഖലി തങ്ങളാണ് മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൽ വിശദീകരിക്കുന്നത്.

അതേസമയം പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയ മുഈനലി തങ്ങളുടെ കാര്യത്തിൽ എന്ത് വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് തീരുമാനിക്കും. ഇന്നലെ ഉന്നതാധികാരസമിതിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് തങ്ങളെ ബോധ്യപെടുത്തി വിഷയം അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. മുഈനലി തങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ ഒത്തുത്തീർപ്പ് ഉണ്ടാകുകയായിരുന്നു.

ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികൾ അംഗീരിച്ചതോടെയാണ് അച്ചടക്ക നടപടിയിൽ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശ വാദം. എന്നാൽ മുഈനലിയെ അനുകൂലിക്കുന്നവർ ഇത് തള്ളുകയാണ്.