കാഞ്ഞിരപ്പള്ളി: മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കേന്ദ്രഏജൻസികൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് കൊല്ലമുള കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകി. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച നിവേദനം യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് കൈമാറി.

2018 മാർച്ച് 22 നാണ് ജെസ്നയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പിന്നീട് ഇത് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വർഷം മൂന്നായിട്ടും ഒരു തുമ്പു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഊഹാപോഹങ്ങളും അസത്യങ്ങളും പ്രചരിക്കുന്നു. ഇതു വരെ തനിക്കോ തന്റെ കുടുംബത്തിനോ തൃപ്തികരമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജെയിംസ് ജോസഫ് പരാതിയിൽ പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ ജെസ്നയുടെതിരോധാനം കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ജസ്ന ജീവിച്ചിരിപ്പുണ്ട് എന്നു പറയുന്നതല്ലാതെ വ്യക്തമായ സൂചനയൊന്നും കിട്ടുന്നില്ല. സംസ്ഥാന സർക്കാരിനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നതു കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും ജെയിംസ് പറഞ്ഞു. ജെസ്നയെ കാണാതായി രണ്ടരവർഷം കഴിഞ്ഞിട്ടും അതേപ്പറ്റി ഒരു വ്യക്തത കൈവരുത്താൻ കേരളാ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവിടെ കണ്ടു ഇവിടെ കണ്ടു എന്നു പറയുന്നതല്ലാതെ കൃത്യമായ അന്വേഷണം നടത്താൻ പറ്റിയിട്ടില്ല.

യഥാർഥത്തിൽ ആ കുട്ടിയെ കണ്ടെത്തി രക്ഷിക്കാനുള്ള വഴികൾ ഇതുവരെ തുറന്നിട്ടില്ല. ഇതൊരു ജസ്നയുടെ മാത്രം പ്രശ്നമല്ല. ഇതു പോലെ നൂറുകണക്കിന് കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രശ്നമാണ്. അതു കൊണ്ട് ഇതേപ്പറ്റി വ്യക്തമായ പഠനം നടത്താൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെസ്നയുടെ കുടുംബം മാത്രമല്ല, കേരള സമൂഹം ഒട്ടാകെയും സത്യാവസ്ഥ പുറത്തുവരാൻ കാത്തിരിക്കുകയാണെന്ന് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമായി മുന്നോട്ടു പോയെങ്കിലും ജെസ്ന എവിടെയാണെന്ന് സത്യം പുറത്തു കൊണ്ടു വരാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേരളത്തിൽ ഇത്തരം തിരോധാനങ്ങൾ നടക്കുന്നുവെന്ന് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ പോലും ജെസ്ന മതപഠന കേന്ദ്രത്തിലെത്തിയേക്കാമെന്ന് സൂചന നൽകുന്നു. ഇത്തരം അഭ്യൂഹങ്ങളുടെ സത്യം പുറത്തു കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ദേശീയ സുരക്ഷ കൂടി മുന്നിൽ കണ്ടുള്ള അന്വേഷണമാണ് ആവശ്യം. കേരളത്തിന് പുറത്തേക്കും വിപുലമായ അന്വേഷണം ഉണ്ടാകണമെങ്കിൽ ഒരു കേന്ദ്രഏജൻസി തന്നെ വരണം. ഈ വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്രവും ഇടപെടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അനൂപ് പറഞ്ഞു.