തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി കൊവിഡുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിപരത്തുന്നെന്നും ഇടയ്ക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നുമെന്ന ബിജെപിയുടെ വിമർശനത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. ബിജെപി നേതാവിനല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് കത്തയക്കുന്നതെന്നും പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും കെകെ ശൈലജ പ്രതികരിച്ചു.

ബിജെപി പാർട്ടി നേതാവിനല്ല കത്തയക്കുന്നത്. പ്രധാനമന്ത്രിക്കല്ലേ. ഏത് പാർട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോൾ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേ. പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും ആരോഗ്യമന്ത്രി ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്തുന്നെന്ന ആരോപണം ഇന്നലെ ഉന്നയിച്ചത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക മുന വെച്ചുകൊണ്ടാണ് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയക്കുന്നത്. പതിവുപോലെ ഒരു കാര്യവും ചെയ്യാതെ കത്തയക്കുക. ജനങ്ങളിൽ ഭീതിപരത്തുക. അനാവശ്യമായി ജനങ്ങളെ സ്മ്മർദ്ദത്തിലാക്കുക അതിനിടയിൽകൂടി കേന്ദ്ര വിരുദ്ധ രാഷ്ട്രായം ശക്തിപ്പെടുത്താനാവുമോ എന്ന് നോക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.