ന്യൂഡൽഹി: വർഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ എംപി. ബിജെപിയുടെ ഉരുക്കുകോട്ടയല്ല നേമം, അതുകൊണ്ട് തന്നെ നേമത്തെ അത്ര വലിയ ചർച്ചയാക്കേണ്ടിയിരുന്നില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രാഥമിക റൗണ്ടിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഇനി നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. നേമത്തിനോട് ചേർന്ന് കിടക്കുന്ന വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ എന്റെ പ്രവർത്തനവും, നേമത്തെ അറിയാമെന്നുള്ള വിലയിരുത്തലുമായിരിക്കണം സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കോൺഗ്രസിന്റെ നേതാക്കന്മാർ എന്നെ ഇക്കാര്യം അറിയിച്ചത്.

എംപി സ്ഥാനം രാജിവെച്ചല്ല താൻ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് ശേഷമേ എംപി സ്ഥാനം രാജിവെക്കുകയുള്ളൂ. വിജയിച്ചുകഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുകയെന്നും മുരളീധരൻ വ്യക്തമാക്കി. 'അക്രമ രാഷ്ട്രീയത്തിനെതിരെ വെല്ലുവിളിയുയർത്തിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് എംഎൽഎമാർ മത്സരിച്ചിരുന്നു. നാല്പേർ ജയിച്ചു. അത് എല്ലാപാർട്ടിക്കാരും ചെയ്യുന്നതാണ്. ഇത്തവണ വർഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടമാണ്. നേമം ഒരിക്കലും ഒരു ഉറച്ച സീറ്റല്ല. വടകരയും യുഡിഎഫിന്റെ ഉറച്ച സീറ്റല്ല. ജനങ്ങൾക്ക് കാര്യങ്ങളറിയാം', കെ മുരളീധരൻ പറഞ്ഞു.

ആറ് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ, 'ആറ് സീറ്റുകളിലെ പ്രശ്നം 24 മണിക്കൂറുകൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. അങ്ങനെ നോക്കുകയാണെങ്കിൽ, കുറ്റ്യാടി ഇപ്പോൾ സിപിഐഎം തിരിച്ചെടുക്കുമെന്ന് പറയുന്നു. കേഡർ പാർട്ടിയിൽത്തന്നെ വ്യത്യാസം വന്നു. ഞങ്ങൾക്കിതൊന്നും പുത്തരിയല്ല. ഞങ്ങൾക്കിത് സ്ഥിരം പതിവാണ്'.

വട്ടിയൂർക്കാവിലെ തന്റെ പ്രവർത്തനമാണ് നേമത്തേക്ക് പരിഗണിക്കാൻ കാരണമായതെന്നും മുരളീധരൻ വ്യക്തമാക്കി. 'നേമത്തിനോട് ചേർന്നുകിടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. അവിടെ എട്ടുവർഷത്തെ നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം കൊണ്ടും നേമത്തെക്കുറിച്ച് കൂടുതൽ അറിയാവുന്ന ആൾ എന്നതുമാണ് നേമം എന്നെ ഏൽപിക്കാനുണ്ടായ കാരണമെന്നാണ് ഞാൻ കരുതുന്നത്'.

ലതികാ സുഭാഷിന്റെ മനോവിഷമം താൻ മനസിലാക്കുന്നുണ്ടെന്നും ഇതുപോലെ ഒരു പ്രതികരണം വേണ്ടിയിരുന്നില്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസുകൾക്ക് മുമ്പിൽ പ്രകടനങ്ങളും പോസ്റ്ററൊട്ടിക്കലുമൊക്കെ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.