കോഴിക്കോട്: കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽചേർന്ന കെ പി അനിൽകുമാർ വയനാട്ടിൽ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രചരണ ചുമതല വഹിച്ച വ്യക്തി. വയനാട്ടിൽ മത്സരിച്ച രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ മാധ്യമങ്ങളിൽ വാർത്ത നൽകാനും പി.ആർ. ഏജൻസികളെ ബന്ധപ്പെട്ടും കോർഡിനേറ്റ് ചെയ്തതും കെ.പി.അനിൽകുമാർ തന്നെയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയിൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും കോൺഗ്രസ് മാത്രമാണ് രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ കഴിയൂവെന്നും കഴിയൂവെന്നും വിശ്വസിച്ച വ്യക്തിയാണിപ്പോൾ കോൺഗ്രസിൽനിന്നും വിട്ടുപോയത്.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ മത്സരിക്കുമ്പോൾ പ്രചരണങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നതും അനിൽകുമാർ തന്നെയായിരുന്നു. പ്രചരണ വേളകളിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോദികുറയരുതെന്നായിരുന്നു അനിൽകുമാർ പറഞ്ഞിരുന്നത്. തുടർന്നാണ് 43വർഷത്തെ കോൺഗ്രസിനോടൊപ്പമുള്ള പ്രയാണം അനിൽകുമാർ അവസാനിപ്പിച്ചത്. കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും നേരത്തെ അനിൽകുമാർ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കേയാണിപ്പോൾ രാജിയുണ്ടായത്.

ഡി.സി.സി പുനഃസംഘടനയേത്തുർന്നാണ് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അച്ചടക്ക നടപടി നേരിട്ടുകൊണ്ടിരിക്കെയാണ് അനിൽകുമാർ കോൺഗ്രസ് വിട്ടത്. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് അനിൽകുമാർ അറിയിച്ചു. അനിൽ കുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. ഡിസിസി പ്രിസഡന്റുമാരെ സഞ്ചിതൂക്കികൾ എന്ന് വിളിച്ച് ആക്ഷേപിച്ച അനിൽകുമാറിനോട് പൊറുക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ താൻ പാർട്ടി വിടുന്ന കാര്യം അനിൽകുമാർ അറിയിച്ചിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അറിയിച്ചു. നേരത്തെ ഇക്കാര്യത്തിൽ അനിൽകുമാർ നൽകിയ വിശദീകരണം കെപിസിസി. തള്ളിയിരുന്നു. അതേ സമയം ഇനി താൻ സിപിഎമ്മിനോടൊപ്പം പ്രവർത്തിക്കുമെന്ന് അനിൽകമാർ പറഞ്ഞു. എ.കെ.ജി സെന്ററിലെത്തിയ അനിൽകുമാറിനെ കോടിയേരി ചുവന്ന ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

ഉപാധികളൊന്നുമില്ലാതെയാണ് താൻ സിപിഎമ്മിലേക്ക് പോകുന്നതെന്നും ഏത് ഘടകത്തിലായാലും പ്രവർത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്താനാവണം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തിൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് താൽപര്യപ്പെടുന്നതെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഞാൻ ആരുമായും സംസാരിച്ചിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.

എ.കെ.ജി സെന്ററിലെത്തിയത് അനിൽകുമാറിന് ലഭിച്ചത് മികച്ച സ്വീകരണം തന്നെയാണ്. ആദ്യമായി എകെജി സെന്ററിന്റെ പടികൾ കയറിയ അനിൽകുമാർ വലതുകാൽ വച്ചാണ് അകത്തേക്ക് കയറിയത്. മുറിയിലേക്ക് കയറവേ ഇടതുവശം ചേർന്നു വരാൻ കോടിയേരി നിർദ്ദേശിക്കുകയായിരുന്നു. അടുത്തിടെ സിപിഎമ്മിലെത്തി പി എസ് പ്രശാന്തായിരുന്നു അനിലിനൊപ്പം എത്തിയത്.

കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച നേതാവിനെ സ്വീകരിക്കാൻ മൂന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളാണ് ഓഫീസിൽ ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണനു പുറമേ എം എ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവരും ഓഫീസിൽ ഉണ്ടായിരുന്നു. അനിലിനെ ചുവന്ന ഷാൾ അണിയിച്ചാണ് കോടിയേരി സ്വീകരിച്ചത്. യാതൊരു ഉപാധികളും ഇല്ലാതെയാണ് അനിൽകുമാർ സിപിഎമ്മിൽ എത്തുന്നതെന്ന് കോടിയേരിയും പറഞ്ഞു.

കോൺഗ്രസിൽ നിന്ന് വരുന്ന എല്ലാവാരേയും സ്വീകരിക്കാൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. ഇത് അനിൽകുമാറിന് തുണയാകുമെന്നാണ് സൂചന. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.