ചാത്തന്നൂർ: കല്ലുവാതുക്കൽ നവജാത ശിശുവിന്റെ മരണത്തിലെ സത്യം പുറത്തെത്തിക്കുന്നത് പൊലീസിന്റെ സമർത്ഥമായ നീക്കം. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഉറ്റ സുഹൃത്തായ യുവാവിന്റെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. കാണാതാവുന്നതിനു മുമ്പ് ഗ്രീഷ്മ യുവാവിനോട് അജ്ഞാത കാമുകൻ ചമഞ്ഞ് രേഷ്മയെ കബളിപ്പിച്ചത് തങ്ങളാണെന്ന് ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇതിനുശേഷം യുവാവ് ഗ്രീഷ്മയെ ആറു തവണ വിളിക്കാൻ ശ്രമിച്ചു.

ഗ്രീഷ്മയുടെയും ആര്യയുടേയും ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് നടത്തിയ നീക്കത്തിലാണ് ആ കോളുകൾ ശ്രദ്ധയിൽപ്പെട്ടത്. ഈ യുവാവ് പൊലീസിനോട് സത്യം പറയുകയായിരുന്നു. 'അനന്തു' എന്ന വ്യാജ പ്രൊഫൈലിലൂടെ അടുത്ത ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും രേഷ്മയെ ശരിക്കും ചുറ്റിച്ചു എന്നതാണ് വസ്തുത. നേരിൽ കാണാനായി 'ഫേസ്‌ബുക്ക് കാമുകൻ' ചമഞ്ഞ് രേഷ്മയെ പലപ്പോഴായി പലയിടങ്ങളിലേക്കും ഇവർ വിളിച്ചുവരുത്തി.

വർക്കല, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലൊക്കെയാണ് രേഷ്മയെ എത്തിയത്. എന്നാൽ, 'കാമുകൻ' നേരിൽ കാണാൻ വരാത്തതിനെപ്പറ്റി രേഷ്മ ചോദിച്ചപ്പോഴെല്ലാം വിശ്വാസയോഗ്യമായ മറുപടികളാണ് ഇരുവരും നൽകിയത്. പ്രണയം അസ്ഥിക്ക് പിടിച്ചതോടെ അനന്തുവെന്ന കാമുകനെ കുറിച്ച് ഭർത്താവിനോട് പോലും രേഷ്മ പറഞ്ഞിരുന്നു. ഇത് കുടുംബ പ്രശ്‌നവുമായി. അത്രയേറെ സ്വാഭാവികത അനന്തുവെന്ന വ്യാജ കാമുകന് നൽകാൻ ആര്യയ്ക്കും രേഷ്മയ്ക്കും കഴിഞ്ഞു.

ആര്യയും ഗ്രീഷ്മയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുവരും എല്ലായ്‌പ്പോഴും ഒന്നിച്ചുമായിരുന്നു. ഗ്രീഷ്മയുടെ പേരിൽ ഒന്നര വർഷംമുമ്പ് എടുത്ത സിം ഉപയോഗിച്ചാണ് 'അനന്തു' എന്ന പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഒന്നിച്ചിരുന്നും അല്ലാതെയും ആര്യയും ഗ്രീഷ്മയും വ്യാജ അക്കൗണ്ടിലൂടെ രേഷ്മയ്ക്ക് മെസേജ് അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രേഷ്മയെ 'അടുത്തറിയാവുന്ന' അനന്തു പെട്ടെന്ന് സൗഹൃദം സൃഷ്ടിക്കുകയും പ്രണയത്തിലാകുകയുമായിരുന്നു. അതായത് ആര്യയും ഗ്രീഷ്മയും എല്ലാ അർത്ഥത്തിലും രേഷ്മയെ പ്രണയ ചതിയിൽ കുടുക്കി. രേഷ്മ അറസ്റ്റിലായതിനു പിന്നാലെ ആര്യയെ ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ ഹാജരാകേണ്ട ദിവസം ആര്യ ഗ്രീഷ്മയെയും കൂട്ടി ഇത്തിക്കരയാറ്റിൽ ജീവനൊടുക്കുകയും ചെയ്തു. ഗ്രീഷ്മയുടെ സുഹൃത്തിനെ കണ്ടെത്താനായത് കേസിൽ നിർണ്ണായകമാവുകയും ചെയ്തു.

അതിനിടെ കേസിലെ പ്രതി രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസ് ശ്രമം നിയമക്കുരുക്കിലായതായും സൂചനയുണ്ട്. ജുഡീഷ്വൽ കസ്റ്റഡിയിൽ റിമാന്റിൽ കഴിയുന്ന പ്രതിക്കായി 14 ദിവസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തതാണ് കാരണം. അന്വേഷണസംഘം ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചേക്കും.

സി.ആർ.പി.സി നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് 14 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. അല്ലാത്ത പക്ഷം പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിക്കില്ല. കല്ലുവാതുക്കൽ കേസിൽ പ്രതി രേഷ്മയെ കഴിഞ്ഞ 22നാണ് അറസ്റ്റ് ചെയ്തത്. അന്ന് നടത്തിയ പരിശോധനയിൽ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം രോഗം സ്ഥിരികരിച്ചവരുമായി 17 ദിവസത്തേക്ക് സമ്പർക്കം പാടില്ല.

അതുകൊണ്ട് തന്നെ 17 ദിവസത്തിന് ശേഷമേ ഈ കേസിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. നിയമപ്രകാരം ഈ അപേക്ഷ കോടതിക്ക് പരിഗണിക്കാനുമാകില്ല. ഇതാണ് പുതിയ പ്രതിസന്ധി. ഇൻഹറന്റ് പവർ ഉപയോഗിച്ച് ഹൈക്കാടതിക്കൊ സുപ്രീംകോടതിക്കൊ ഇളവ് നൽകാം. വിധി പ്രതികൂലമായാൽ പ്രതിസന്ധി രൂക്ഷമാകും. അങ്ങനെ വന്നാൽ പ്രതിയെ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനാണ് നീക്കം.

കല്ലുവാതുക്കൽ കേസിൽ തൊണ്ടിമുതലുകൾ കണ്ടെത്തേണ്ട സാഹചര്യമില്ല. അതുകൊണ്ട് തന്നെ രേഷ്മയെ ജയിലിൽ ചോദ്യം ചെയ്താൽ മതിയാകുമെന്നാണ് പൊലീസ് നിഗമനം.