കൊല്ലം: കല്ലുവാതുക്കലിൽ പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ മൊഴി എടുക്കൽ നിർണ്ണായകമാകും. രേഷ്മ ഉപയോഗിച്ചിരുന്ന ഫേസ്‌ബുക് അക്കൗണ്ടിന്റെ പാസ്വേഡ് സഹോദരഭാര്യ ആര്യയ്ക്ക് അറിയാമായിരുന്നു എന്നു സൂചന. ഈ സാഹചര്യത്തിലാണ് ആര്യയും രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയും ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ആര്യയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. തുടർന്ന് ആര്യയെയും ഗീഷ്്മയെയും കാണാതാവുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സഹോദരന്മാരുടെ ഭാര്യമാരാണു രേഷ്മയും ആര്യയും. രേഷ്മയുടെ ഫോൺ ഭർത്താവ് വിഷ്ണു നശിപ്പിച്ച ശേഷം, രേഷ്മ ആര്യയുടെ ഫോൺ കുറച്ചുകാലം ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അജ്ഞാത കാമുകൻ എത്തിയതെന്നാണ് സംശയം.

ഈ അജ്ഞാത കാമുകനെ ഇനിയും കണ്ടെത്താനായിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ് എന്നാണ് രേഷ്മയുടെ മൊഴി. ഇത് പൊലീസ് മുഖവിലയ്ക്കും എടുത്തിട്ടില്ല സമൂഹമാധ്യമ അക്കൗണ്ടിലൂടെ രേഷ്മ ചിലരുമായി ചാറ്റ് ചെയ്തിരുന്നതായി ആര്യ തന്റെ അടുത്ത ബന്ധുവിനോടു സൂചിപ്പിച്ചിരുന്നു. എന്നാൽ ആവശ്യമില്ലാത്ത കാര്യത്തിൽ ശ്രദ്ധിക്കേണ്ട എന്നു ബന്ധു ഉപദേശിച്ചതോടെ പിന്നെ ആര്യ ഇക്കാര്യം സംസാരിച്ചില്ല.

മൊഴി നൽകാൻ എത്തണമെന്നു ഫോൺ മുഖേനയാണു പൊലീസ് ആര്യയോട് ആവശ്യപ്പെട്ടത്. 10 സെക്കൻഡ് മാത്രമാണു പൊലീസ് സംസാരിച്ചത്. കാണാതാകുമ്പോൾ ആര്യയുടെ പക്കൽ ഉണ്ടായിരുന്ന ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് ആറ്റിൽ ഉപേക്ഷിച്ചെന്നാണ് അനുമാനം. ഇതോടെ അന്വേഷണം പ്രതിസന്ധിയിലാണ്. ഈ ഫോണിൽ നിന്നും ഫെയ്‌സ് ബുക്ക് കാമുകനെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് പൊലീസിന് ഇല്ലാതാകുന്നത്.

കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കാണുന്നതിനു 3 മാസം മുൻപു വരെ രേഷ്മയും ആര്യയും ഒരു വീട്ടിലാണു കഴിഞ്ഞിരുന്നത്. അതിനു ശേഷം രേഷ്മ സ്വന്തം വീട്ടിലേക്കു പോയി. കാമുകനൊപ്പം പോകാൻ ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കേസിൽ കഴിഞ്ഞ 22നാണു കല്ലുവാതുക്കൽ ഊഴായ്‌ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) അറസ്റ്റിലാകുന്നത്. അന്വേഷണത്തിനിടെ ആര്യയും ഗ്രീഷ്മയും മരിച്ചതും ദുരൂഹമായി.

ഫോൺ നശിപ്പിച്ചത് ഭർത്താവും സമ്മതിക്കുന്നുണ്ട്. ഒരു ദിവസം രേഷ്മ വർക്കലയിൽ നിൽക്കുന്നതായി സുഹൃത്തു പറഞ്ഞു അറിഞ്ഞു. ഫോണിൽ ചാറ്റ് ചെയ്യുന്നതു കണ്ടു നോക്കാൻ ഒരുങ്ങിയപ്പോൾ ഫോൺ ലോക്ക് ചെയ്തു. ലോക്ക് അഴിക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചതോടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു-ഭർത്താവ് പറയുന്നു.

രേഷ്മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നത്. ഇത്രയും പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ ആരാണെന്നു പൊലീസ് കണ്ടെത്തണം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു രേഷ്മയുമായി പ്രണയത്തിലാകുന്നതെന്നു വിഷ്ണു പറയുന്നു. വിദേശത്തായിരുന്ന വിഷ്ണു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ആർക്കും വിഷ്ണുവിനെ സമാധാനിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അയാൾ.