തലശേരി: സൈദാർപള്ളിയിലെ എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിലെ ഇളവിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സിപി എം നേതാക്കളായ കാരായി രാജനും കാരായിചന്ദ്രശേഖരനും വെള്ളിയാഴ്ച തലശേരിയിൽ വരവേൽപ്പ് നൽകും. തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് സിപ എം ഏരിയാ കമ്മിറ്റിയുടെ സ്വീകരണം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. തലശേരിയിൽനിന്ന് ജന്മദേശങ്ങളായ കതിരൂർ സി എച്ച് നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.

ഫസൽ കേസിൽ ഗുഢാലോചനാ കുറ്റം ചുമത്തപ്പെട്ട് 2012 ജൂൺ 22നാണ് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരായത്. ഒന്നരവർഷം ജയിലിലും ജാമ്യവ്യവസ്ഥ പ്രകാരം എട്ട് വർഷത്തോളം എറണാകുളം ഇരുമ്പനത്തുമായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ജാമ്യവ്യസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം. നീണ്ട കാത്തിരിപ്പിനൊടുവിൽ നേതാക്കൾ തിരിച്ചെത്തുന്നതിലെ ആവേശത്തിലാണ് സിപിഎം പ്രവർത്തകർ.

സി.പി. എം തലശേരി ഏരിയാ സമ്മേളനത്തിലും കണ്ണൂർ ജില്ലാസമ്മേളനത്തിലും ഇരുവരും പങ്കെടുക്കും. തലശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലൊന്നു കാരായി ചന്ദ്രശേഖരന്റെതാണ്. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റംഗമായ കാരായി രാജൻ ഇത്തവണ എർണാകുളത്ത് നടക്കുന്ന സംസ്ഥാന ഇസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.ഫസൽ വധക്കേസിൽ ഇരു നേതാക്കളും ഗൂഢാലോചന കേസിൽ അറസ്റ്റിലായത് സി.പി. എം നേതൃത്വത്തിനെ സംബന്ധിച്ചു വലിയ ക്ഷീണം ചെയ്തിരുന്നു.

സി.പി. എം നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ചു കൊച്ചി സി.ബി. ഐ ആസ്ഥാനത്തേക്ക് മാർച്ചും പ്രതിഷേധവും വരെ നടത്തിയിരുന്നു. മറ്റൊരു കേസിൽ പിടിയിലായ ചെമ്പ്ര സുബീഷെന്ന കുപ്പി സുബീഷിന്റെ മൊഴിയെ അടിസ്ഥാനമാക്കി ആർ. എസ്. എസ് പ്രവർത്തകരാണ് ഫസലിനെ കൊന്നതെന്നു പൊലിസിന്റെ സഹായത്തോടെ സി.പി. എം വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതുകൂടി നടന്നാൽ ഇരു നേതാക്കളും കേസിൽ നിന്നും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സി.പി. എം നേതൃത്വം. തലശേരി താലൂക്കിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി. എമ്മിന്റെ പ്രധാന നേതാക്കളെ സി.ബി. ഐ അറസ്റ്റു ചെയ്തു കൊണ്ടുപോയത് സി.പി. എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതിനു ശേഷം തലശേരി മേഖലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വലിയൊരു അളവിൽ കുറയുകയും നേതൃത്വത്തിനെതിരെ നിയമത്തിന്റെ കരങ്ങൾ നീണ്ടതോടെ സംഘർഷങ്ങൾ ക്രമേണെ ഇല്ലാതാവുകയുമായിരുന്നു.