കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ തേടി ഹൈക്കോടതി ഇടപെടൽ. നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി ചോദിച്ചു. എത്ര തുക ഈയിനത്തിൽ നൽകാനുണ്ട് തുടങ്ങിയ വിശദാംശങ്ങൾ നൽകാനാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ സർക്കാറിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നും ആരാഞ്ഞു.

സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നിക്ഷേപം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശികളായ ജോഷി ആന്റണി, സുഷ ജോഷി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ആനിയമ്മ, ഇരിങ്ങാലക്കുട സ്വദേശികളായ ഷീന തോമസ്, ഷാലറ്റ് ആൻ തോമസ് എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിക്ഷേപം തിരികെ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഹൈക്കോടതി ഇടപെട്ട് നടപടി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹരജി പരിഗണിക്കവെ ബാങ്കിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളെ കോടതി വിമർശിച്ചു. നിക്ഷേപകരോട് പുലർത്തുന്ന നിലപാട് ശരിയല്ലെന്നും കുറ്റപ്പെടുത്തി.

അതേസമയം, ബാങ്കിലെ പ്രതിസന്ധി ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌നപരിഹാരത്തിനും പുനരുജ്ജീവനത്തിനുമുള്ള പദ്ധതികൾ ആലോചനയിലാണെന്നും സർക്കാറിന് വേണ്ടി സഹകരണ സ്‌പെഷൽ ഗവ. പ്ലീഡർ അറിയിച്ചു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ 18 പ്രതികളാണുള്ളത്. അറസ്റ്റിലായ ബാങ്ക് മുൻ സെക്രട്ടറിയും ബ്രാഞ്ച് മാനേജറും ജയിലിലാണ്.

പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം തൃശൂരിലെ വിജിലൻസ് കോടതി കേസെടുത്തെന്നും സ്വത്തുവകകൾ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കിയെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിച്ചത്. ഹരജി വീണ്ടും ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാൻ മാറ്റി.