കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ സാക്ഷി നടി കാവ്യാ മാധവന്റെ വിസ്താരം തുടരുന്നു. കേസിൽ ക്രോസ് വിസ്താരമാണു പ്രോസിക്യൂഷൻ നടത്തുന്നത്. കേസിലെ 34-ാം സാക്ഷിയായിരുന്നു കാവ്യ. വിസ്താരം വ്യാഴാഴ്ചയും തുടരും. ചൊവ്വാഴ്ചയും പ്രോസിക്യൂഷൻ കാവ്യയെ ഒരു മണിക്കൂറോളം ക്രോസ് വിസ്താരം ചെയ്തിരുന്നു.

സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കു തർക്കമുണ്ടായപ്പോൾ സംഭവസ്ഥലത്ത് കാവ്യയുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇത് സാധൂകരിക്കാനാണ് കാവ്യയെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയിരിക്കുന്നത്. സാക്ഷി വിസ്താരം ചൊവ്വാഴ്ച പൂർത്തിയാകാത്തതിനാലാണ് വീണ്ടും ഹാജരാകാൻ നിർദേശിച്ചിച്ചത്. ഇതാണ് തുടരുന്നത്.

സാക്ഷിവിസ്താരത്തിനായി കഴിഞ്ഞ മേയിൽ കാവ്യ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നില്ല. മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്. അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്.

ദിലീപ് - മഞ്ജു വിവാഹമോചനത്തിനു കാരണം ഞാനല്ല'- കാവ്യാ മാധവൻ(കാവ്യാ മാധവൻ പൊലീസിന് നൽകിയെന്ന് പറയുന്ന മൊഴി)

2008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം. തിരുവനന്തപുരം സ്വദേശിയായ നിശാൽചന്ദ്ര ആയിരുന്നു ആദ്യ ഭർത്താവ്. ഞാനാണ് ആദ്യം വിവാഹമോചന നോട്ടീസ് നൽകിയത്. പിന്നീട് സംയുക്തമായി വിവാഹമോചന ഹർജി എറണാകുളം കോടതിയിൽ നൽകി. 2010 ൽ കുടുംബ കോടതിയിൽനിന്നും വിവാഹ മോചന ഉത്തരവ് ലഭിച്ചു. ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങൾ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണക്കാരി ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. 2013 ൽ അബാദ് പ്ലാസ ഹോട്ടലിൽവച്ച് നടന്ന 'മഴവില്ലഴകിൽ അമ്മ' എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽവച്ച് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിഖ് അങ്കിൾ (നടൻ സിദ്ദിഖ്) അതിലിടപ്പെട്ട് സംസാരിച്ചിരുന്നു.

ബിന്ദുച്ചേച്ചി ദിലീപേട്ടന്റെയടുത്ത് ആ സമയത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപേട്ടൻ സിദ്ദിഖ് അങ്കിളിന്റെ അടുത്തുപോയി ആക്രമിക്കപ്പെട്ട നടി ഇങ്ങനെ ആവശ്യമില്ലാത്തത് സംസാരിക്കുന്നുണ്ടെന്നും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞു. ഇവൾക്ക് ഞങ്ങൾ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോയെന്നു ദിലീപേട്ടനും പറഞ്ഞു. പ്രാക്ടീസ് നടക്കുന്ന സ്ഥലത്തുവച്ചു തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിൾ സംസാരിച്ചത്. വേറെ ആരൊക്കെ അതിൽ ഇടപെട്ടു എന്ന് എനിക്കറിയില്ല. ഈ സംഭവത്തിനുശേഷം ദിലീപേട്ടൻ അവളുമായി സംസാരിച്ചിട്ടില്ല. 'മഴവില്ലഴകിൽ അമ്മ' എന്ന പ്രോഗ്രാമിന്റെ റിഹേഴ്സൽ നടക്കുന്ന സമയം. 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയിലെ 'പതിനേഴിൽ' എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാൻസ് ആണ് ഞാനും ദിലീപേട്ടനും ആ ഷോയിൽ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്സൽ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ആ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകൾ മീനൂട്ടിയും ഓസ്ട്രേലിയയിൽ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോൾ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോൺ വിളിച്ച് പറയുമ്പോഴാണ് ഞാൻ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.

ദിലീപേട്ടന് ചായയിട്ട് കൊടുക്കുവാൻ പോയ സമയത്താണ് റിമി വിളിച്ചത്. ഞാൻ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോൾ ദിലീപേട്ടൻ പ്രൊഡ്യൂസർ ആന്റോ ചേട്ടനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവമാണു സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണു നടിയെ ആക്രമിച്ചതെന്നും ദിലീപേട്ടൻ എന്നോട് പറഞ്ഞു. രാത്രിയിൽ ആന്റോ ചേട്ടന്റെ മിസ്ഡ് കോൾ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. എന്നോട് ആക്രമിക്കപ്പെട്ട നടിയുടെ നമ്പർ ചോദിച്ചപ്പോൾ അറിയില്ലാ എന്നു മറുപടി നൽകി.

രമ്യ (സിനിമാ നടി) വിളിച്ചു സംസാരിച്ചപ്പോൾ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ നടിക്ക് ഫോൺ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോൺ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടൻ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാൻ കണ്ടതായി ഓർക്കുന്നില്ല. നടിയെ ആക്രമിച്ചതിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടൻ പോയിരുന്നു.

ഞങ്ങൾ ഏപ്രിൽ 23 ന് സ്റ്റേജ് ഷോക്ക് അമേരിക്കയിലേക്ക് പോയി. അവിടെവച്ച് ഇക്കാര്യങ്ങളൊന്നും ഞങ്ങൾ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിർഷായെ വിളിച്ചകാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ട്.

പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിലൂടെ ദിലീപേട്ടനെതിരേ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീകുമാർ ചേട്ടൻ ആയിരുന്നു.